
കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ ഇനി പത്ത് നാള്‍ മാത്രം. യുഡിഎഫും എല്‍ഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ കരുത്ത് തെളിയിക്കാനാകുമെന്നാണ് എന്‍ഡിഎ പ്രതീക്ഷ. അഴിമതി ആരോപണങ്ങളും ബിജെപി ഫാക്ടറുമൊക്കെ ചര്‍ച്ചയായ പ്രചാരണരംഗത്ത് ഇപ്പോള്‍ ഉയരുന്നത് ക്രമസമാധാനത്തകര്‍ച്ച.
സോളാര്‍ -ബാര്‍ അടക്കമുള്ള അഴിമതി ആരോപണങ്ങള്‍, ഭൂദാനപരമ്പരകള്‍, ഉയരുന്ന ഭരണവിരുദ്ധവികാരം.. മാറിമാറി ചിന്തിക്കുന്ന കേരളാ മാതൃകയ്‍ക്കു മാറ്റമുണ്ടാകില്ലെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. വിഭാഗീയതക്ക് വിട നല്‍കി വി എസ്സും പിണറായിയും സംസ്ഥാനത്തുടനീളം പടനയിച്ചതും വലിയ പ്ലസ് പോയിന്റ്. എങ്ങനെ പോയാലും 80 മുതല്‍ 85 വരെ സീറ്റുറപ്പാണെന്നാണ് വിലയിരുത്തല്‍. 80- - 85 സീറ്റിന്റെ അവകാശവാദം തന്നെയാണ് യുഡിഎഫും പറയുന്നത്. ഭരണവിരുദ്ധവികാരമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുന്നണിയുടെ ഏറ്റവും മോശം സമയത്ത്. എന്നാല്‍ പ്രചാരണത്തില്‍ മുന്നേറി വലിയ രീതിയില്‍ നില മെച്ചപ്പെടുത്തിയെന്നാണ് വലതുക്യാമ്പിന്റെ കണക്ക്. വിമത ഭീഷണി ഒഴിഞ്ഞില്ലെങ്കിലും സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെല്ലാം നേരത്തെ തീര്‍ന്നു. എന്നാല്‍ ഭരണം പ്രതീക്ഷിക്കുന്ന ഇടതിന്റേയും ഭരണത്തുടര്‍ച്ച സ്വപ്‍നം കാണുന്ന വലതിന്റേയും ആശങ്ക എന്‍ഡിഎ വോട്ടുകളില്‍. 40 ഇടങ്ങളില്‍ ത്രികോണപ്പോര്, 21 സീറ്റില്‍ അതിശക്തമായ മുന്നേറ്റം. 2016 താമരയുടേയും കുടത്തിന്റേയും വര്‍ഷമെന്നാണ് ബിജെപി - ബിഡിജെഎസ് സംഖ്യം ഉറപ്പിച്ചുപറയുന്നത്. എന്‍ഡിഎ പെട്ടിയിലെ വോട്ടുകള്‍ എന്തായാലും നിര്‍ണ്ണായക ഘടകമാകുന്നുറപ്പ്. മൈതാനങ്ങളില്‍ മാത്രമല്ല സൈബര്‍ ലോകത്തും പോരാടിയ നേതാക്കള്‍ ആയുധങ്ങള്‍ മാറിമാറി പ്രയോഗിച്ചു മുന്നേറി. അഴിമതിയും കേസിന്റെ കണക്കുകളും ബിജെപി ബന്ധവും ഒടുവില്‍ ജിഷയുടെ കൊലപാതകവും പ്രചാരണവിഷയമായി. പൊടിപാറുന്ന അവസാന ലാപ്പും പിന്നിട്ട് 16 ന് കേരളം വിധിയെഴുതും.