നേതാവിനൊപ്പം-പി.കെ.കുഞ്ഞാലിക്കുട്ടി

Published : May 06, 2016, 02:19 PM ISTUpdated : Oct 05, 2018, 01:48 AM IST
നേതാവിനൊപ്പം-പി.കെ.കുഞ്ഞാലിക്കുട്ടി

Synopsis

മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ ഇത്തവണ പ്രചാരണ വിഷയമാണോ ?

മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളിലൊന്നും പ്രതിപക്ഷത്തിന് ജനങ്ങളില്‍ ഏശുന്നതരത്തിലൊരു പ്രചാരണം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ പ്രചാരണത്തില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കമെങ്കിലും ലഭിക്കാനിടയായത്. പ്രതിപക്ഷം പറഞ്ഞിരുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇപ്പോള്‍ പൊതുയോഗങ്ങളിലെ പ്രസംഗങ്ങളിലൊക്കെ അവസാനം മാത്രമാണ് ഈ ആരോപണത്തെക്കുറിച്ചെല്ലാം അവര്‍തന്നെ പറയുന്നത്. വികസനത്തെക്കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ അത് ഞങ്ങളാണ് കൊണ്ടുവന്നതെന്നും അല്ലെങ്കില്‍ അങ്ങനെ വികസനമില്ലെന്നും പറഞ്ഞ് നടക്കുകയാണ് പ്രതിപക്ഷമിപ്പോള്‍. പ്രചാരണ രംഗത്ത് ആരോപണങ്ങള്‍ക്കുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടമായിരിക്കുന്നു.

വി എസ്-ഉമ്മന്‍ ചാണ്ടി ഫേസ്ബുക് പോര്

തെരഞ്ഞെടുപ്പ് പ്രചാരണമാവുമ്പോള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാത്രമല്ല എല്ലാവരും പറഞ്ഞുകൊണ്ടിരിക്കും. മുഖ്യ മന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണങ്ങള്‍ മാത്രം കൊടുക്കുന്നത് ഒഴിവാക്കി ഞങ്ങളെല്ലാം പറയുന്നതും കൊടുത്താല്‍ പ്രശ്നം തീരും.

മുസ്ലീം ലീഗിലെ അസ്വരസ്യങ്ങള്‍

മുസ്ലീം ലീഗില്‍ യാതൊരു അസ്വാരസ്യങ്ങളുമില്ല. ഭിന്നതയും പിളര്‍പ്പുമെല്ലാം മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെല്ലാം വലിയ എതിര്‍പ്പില്ലാതെ നടപ്പിലാക്കുന്നുണ്ട്. ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ല. നേതൃതലത്തിലും ഗ്രൂപ്പിസമില്ല. പിന്നെ പറയപ്പെടുന്ന പ്രശ്നങ്ങളൊക്കെ തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. അത് സ്വാഭാവികമാണ്. സിപിഎമ്മിനെ ഇരുമ്പ് മറയുള്ള പാര്‍ട്ടി എന്ന് പറയാറുണ്ട്. എന്നാല്‍ അവരുടെ പാര്‍ട്ടിക്കകത്തെ കാര്യങ്ങളെല്ലാം ഇപ്പോള്‍ പരസ്യമാകുന്നില്ലെ. അതൊക്കെ കാലഘട്ടത്തിന്റെ മാറ്റ ചെറിയ തോതില്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ടാകാം.

പുതുമുഖങ്ങള്‍ക്ക് ഇനി എന്നാണ് അവസരം

കഴിഞ്ഞ തവണ ഏറ്റവും കുടുതല്‍ യുവാക്കള്‍ക്ക് അവസരം നല്‍കിയിരുന്നു. അവരൊക്കെത്തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. അവര്‍ക്കിത് രണ്ടാമൂഴം മാത്രമാണ്. അല്ലാതെ അവരൊന്നും യുവാക്കളല്ലാതായിട്ടില്ല. കെ.എം ഷാജി, അഡ്വ. ഷംസുദ്ദീന്‍ അങ്ങനെ നിരവധി പേര്‍.

വനിതാ സ്ഥാനാര്‍ഥികള്‍

മുസ്ലീം ലിഗിന് വനിതാ ലീഗിന്റെയും ദളിത് ലീഗിന്റെയും ശക്തമായ ശാഖകളുണ്ട്. യുവജന സംഘടനകളും വിദ്ധ്യാര്‍ത്ഥി സംഘടനകളുമുണ്ട്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെല്ലാം വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്. ജില്ലാ തലത്തില്‍ നോമിനേറ്റഡ് പദവികളും കൊടുത്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന് കഴിഞ്ഞിട്ടില്ല. അതിന് കാരണം നിയമസഭാതെരഞ്ഞെടുപ്പില്‍ ഏറ്റവും ഉചിതനായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് പലരും കടന്നുവരുന്നത്. മുമ്പ് പലവട്ടം ലീഗ് വനിതകളെ സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്നു തവണയായി അതിന് കഴിഞ്ഞിട്ടില്ല. അതിനര്‍ഥം ഭാവിയില്‍ കൊടുക്കില്ല എന്നല്ല. സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കാത്തതിന് പിന്നില്‍ സമസ്തയുടെ തീരുമാനത്തിനൊന്നും പങ്കില്ല. സമസ്ത ഇതിലൊന്നും ഇടപെടാറില്ല. ഇത് പ്രാദേശികമായ യാഥാര്‍ഥ്യങ്ങളാണ്.

അങ്ങനെയെങ്കില്‍ അഹമ്മദ് കബീറിന്റെ സ്ഥാനാര്‍ഥിത്വം

എറണാകുളത്തത്ത് താമസിക്കുന്ന അഹമ്മദ് കബീര്‍ ഇവിടെ മത്സരിക്കുന്നത് പ്രാദേശിക ഘടകത്തിന്റെ പേരിലല്ല. പ്രാദേശിക സ്ഥാനാര്‍ഥിയാവണമെന്നതല്ല. അങ്ങനെയുള്ള പലഘടകങ്ങളാണ് വരുന്നത്.

എപ്പോഴും സ്ത്രീകള്‍ക്കെതിരെയാണ് ഈ ഘടങ്ങള്‍ ?

അതൊരു കുറവുതന്നെയാണ്. അത് പരിഹരിക്കാന്‍ ശ്രമിക്കാം. അല്ലാതെന്ത് പറയാനാണ്. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിന് വനിതാ സ്ഥാനാര്‍ഥിയില്ല, ലീഗിനില്ല. ചെറിയ പാര്‍ട്ടികള്‍ക്ക് അതിന്റെ പരിമിതിയുണ്ട്. കുറച്ചധികം സീറ്റുള്ളവര്‍ക്കേ അതിന് കഴിഞ്ഞിട്ടുള്ളു.

ഷംസുദ്ദീനെതിരെയുള്ള കാന്തപുരത്തിന്റെ എതിര്‍പ്പ് ?

ഷംസുദ്ദീന്‍ തന്നെ വിജയിക്കും. അക്കാര്യം സംശയമില്ലാത്ത കാര്യമാണ്. അവര്‍ പറയുന്ന കാരണങ്ങള്‍ അവര്‍ പറയട്ടെ. അവര്‍ അവരുടെ നിലപാട് പറയട്ടെ. മത-സാംസ്കാരിക മത നേതാക്കന്‍മാര്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് രാഷ്ട്രീയനേതാക്കള്‍ അഭിപ്രായം പറയുന്നത് പതിവില്ല. അതുകൊണ്ട് ഒന്നും പറയുന്നില്ല. പക്ഷെ ഷംസുദ്ദീന്‍ അവിടെ നല്ല വിസകനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ജനങ്ങള്‍ക്കിടയില്‍ നല്ല അഭിപ്രായുമള്ള എംഎല്‍എ ആണ്. അതുകൊണ്ടുതന്നെ ഷംസുദ്ദീന്‍ ജയിക്കും.

ത്രികോണ മത്സരത്തിന്റെ സാധ്യതകള്‍....

ഒരുപാട് മണ്ഡലങ്ങളിലൊന്നും ത്രികോണ മത്സരമില്ല. ബിജെപി ഗൗരവമായി കാണുന്ന ഏതാനും സീറ്റുകളില്‍ മാത്രമെ ത്രികോണ മത്സരമുള്ളു. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. എല്‍ഡിഎഫ് അവിടെ എപ്പോഴും മൂന്നാം സ്ഥാനത്താണ്. അപ്പോള്‍ കേരളത്തില്‍ ബിജെപിയെ ശരിക്കും എതിര്‍ക്കുന്നത് യുഡിഎഫാണ്. ഇപ്പോള്‍ തിരുവനന്തപുരത്തെ കാര്യമെടുത്താല്‍ അവിടെ ഗൗരവപരമായ മത്സരം നടക്കുന്നത് ഒരു സീറ്റില്‍ മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. ബിജെപിതന്നെ പ്രതീക്ഷ കൈവിട്ട സ്ഥിതിയാണ് തിരുവനന്തപുരത്ത്. എല്ലാ പ്രധാനനേതാക്കളും തിരുവനന്തപുരത്ത് വന്നുപെട്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ വലിയൊരു മുന്നേറ്റമൊന്നും ഉണ്ടാക്കാനാവില്ല. ബിജെപിക്കെതിരെ ഇത്രമാത്രം കടുത്ത നിലപാടെടുക്കുന്നുവെന്ന് പറയുന്ന ഇടതുപക്ഷം കാസര്‍ഗോഡ് എന്ത് നിലപാടാണ് എടുക്കുന്നത്. കാസര്‍ഗോട്ടെ മതേതര വോട്ടുകളാണ് യുഡിഎഫിന് ലഭിക്കാറുള്ളത്.

 ഇടതുപക്ഷം പറയ്യുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബിജെപി ജയിക്കാതിരിക്കാന്‍ വേണ്ടിവന്നാല്‍ ഇടതുപക്ഷത്തിന്‍റെ വോട്ട് ലിഗിന് നല്‍കാന്‍ തയ്യാറാകണം. ന്യുനപക്ഷ വര്‍ഗീയതയെ പ്രതിനിധീകരിക്കുന്ന ധാരാളം പാര്‍ട്ടികള്‍ അവിടെ മത്സരിക്കും. എന്നാല്‍ അവസാന മത്സരം യുഡിഎഫും ബിജെപിയും തമ്മിലാന്ന് മനസിലാകുമ്പോള്‍ മതേതര വിശ്വാസികള്‍ ഒന്നായി ചേര്‍ന്ന് ബിജെപി ജയിക്കാതിരിക്കാന്‍ യുഡിഎഫന് വോട്ട് ചെയ്യും. വോട്ട് വിഭജിക്കാന്‍ കഴിയും എന്നല്ലാതെ ബിജെപിക്ക് വലിയ മുന്നേറ്റമൊന്നുമുണ്ടാകില്ല. വോട്ട് വിഭജിക്കപ്പെടന്നത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും നോക്കുകയാണെങ്കില്‍ എല്‍ഡിഎഫിനെയായിരുന്നു കാര്യമായിബാധിച്ചിരുന്നത്. യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് വികസനരംഗത്ത് നിലനില്‍ക്കുന്നതിനാല്‍ ബിജെപിയുടെ സാന്നിധ്യം യുഡിഎഫിന് കൂടുതല്‍ പരിക്കേല്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് കരുതുന്നത്.

ഭൂരിപക്ഷ വര്‍ഗിയതയെ പേടിക്കുന്നവര്‍ ആര്‍ക്കൊപ്പം

എല്‍ഡിഎഫ് എല്ലാ തെരഞ്ഞെടുപ്പിലും എടുക്കുന്നൊരു നയമാണത്. ഓരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം മുന്‍കൂട്ടിയെടുക്കുന്ന തീരുമാനിക്കും അര്‍ക്ക് വേണ്ടി സംസാരിക്കണമെന്നത്. അത് വര്‍ത്താമാനത്തില്‍ മാത്രമാണ് പ്രവര്‍ത്തിയിലില്ല. അതിന് ഉദാഹരണമാണ് കാസര്‍ഗോഡ്. ന്യൂന പക്ഷത്തെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാറിനെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ കഴിയു എന്ന് എല്ലാവര്‍ക്കുമറിയാം. വേണമെങ്കില്‍ എല്‍ഡിഎഫിനും അതിനൊപ്പം ചേരാം. അതാണല്ലോ ഇപ്പോള്‍ ബംഗാളില്‍ കണ്ടത്.

വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ?

ബിഡിജെഎസിന്റെ സാന്നിധ്യംപോലും തിരഞ്ഞെടുപ്പ് പ്രാചാരണ രംഗത്തില്ല. ആദ്യമുണ്ടാക്കിയ ബഹളം മാത്രമായിരുന്നു. ബിജെപിയുടെ കുറെ വോട്ട് കിട്ടുമെന്നല്ലാതെ ബിഡിജെഎസ് മുന്നണിക്ക് എന്തെങ്കിലും മാറ്റം കൊണ്ട് വരാന്‍ സാധിക്കില്ല, കാരണം എസ്എന്‍ഡിപിക്കാര്‍ മതേതര സ്വഭാവമുള്ളവരാണ്. അവര്‍ യുഡിഎഫിനെ അല്ലെങ്കില്‍ എല്‍ഡിഎഫിനേ വോട്ട് ചെയ്യൂ എന്നാണ് എനിക്കുതോന്നുന്നത്.

വോട്ടെണ്ണി കഴിയുമ്പോള്‍ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ?

അതുതമ്മില്‍ വലിയ വ്യത്യാസം കാണാത്ത ആളാണു ഞാന്‍. എവിടെയെങ്കിലും ഒന്നുമുണ്ടാവണം എന്നല്ലാതെ ഒന്നുമില്ല. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ സെക്രട്ടറിയേറ്റിനുള്ളില്‍ ഇരിക്കുന്നത് ഒരു അധിക ഭാരമായിട്ടാണ് കാണുന്നത്. എന്നാല്‍ പാര്‍ട്ടിപരമായിട്ടാണെങ്കില്‍  യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിലും അന്നേരം തീരുമാനിക്കേണ്ട കാര്യമാണ്. എന്തായാലും തിരുവന്തപുരത്തുണ്ടാകുമെന്നുള്ളത് ഉറപ്പാണ്. സെക്രട്ടറിയേറ്റില്‍ ഇരുന്നാലും എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ ഇരുന്നാലും യുഡിഎഫ്നു ഭൂരിപക്ഷം ഉണ്ടാകുമെന്നകാര്യം ഉറപ്പാണ്.

2011ലെ ഇഞ്ചോടിഞ്ച് ആവര്‍ത്തിക്കുമോ ?

കഴിഞ്ഞ തവണയുണ്ടായതുപോലെ നെക് ടു നെക് ട്വന്റി- 20 മാച്ച്പോലെയാവില്ല. അവസാനമാകുമ്പോള്‍ യുഡിഎഫിന് വ്യക്തമായ ലീഡുണ്ടാകും.

ലിഗിന് ഇത്തവണ എത്ര എംഎല്‍എമാര്‍ ?

എംഎല്‍എമാരുടെ എണ്ണം അതുതന്നെയാകും ചിലപ്പോള്‍ കൂടാനും സാധ്യതയുണ്ട്. ലിഗിന്റെ ആത്മവിശ്വാസമാണ് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ ആത്മവിശ്വാസമാണ് പങ്ക് വച്ചിരിക്കുന്നത്.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!