പത്തനംതിട്ടയില്‍ കോണ്‍ഗ്രസില്‍ ഭിന്നത

By Web DeskFirst Published Apr 14, 2016, 4:07 PM IST
Highlights

ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശിവദാസന്‍ നായരും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തേയ്‍ക്ക്. ഡിസിസി പ്രസിഡന്റിനെ അറിയിക്കാതെ ശിവദാസന്‍ നായരെ അനുകൂലിക്കുന്നവ‍ര്‍ ഡിസിസി ഓഫീസില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നു. മോഹന്‍രാജിനൊപ്പമുള്ള ഡിസിസി ഭാരവാഹികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ യോഗം മാറ്റിവയ്‍ക്കേണ്ടിവന്നു.

ശിവദാസന്‍ നായരുടെ നിര്‍ദ്ദേശപ്രകാരം ഐഎന്‍ടിയുസി ജില്ലാ പ്രസി‍ഡന്റ് ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ഡിസിസി ഓഫീസില്‍ ആറന്മുള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം സംഘടിപ്പിച്ചത്. എന്നാല്‍ യോഗം തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് പി മോഹന്‍രാജ് ഡിസിസി ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി. യോഗത്തെക്കുറിച്ച് തന്നെയാരും അറിയിച്ചിട്ടില്ലെന്നായിരുന്നു മോഹന്‍രാജിന്റെ പ്രതികരണം. യോഗം തുടങ്ങിയതോടെ മോഹന്‍രാജിനെ അനുകൂലിക്കുന്ന ഡിസിസി ഭാരവാഹികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ സമാന്തര ഡിസിസി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. ഇരു വിഭാഗങ്ങളും തമ്മിലുള്ള വാക്കുതര്‍ക്കം ശക്തമായതോടെ യോഗം മാറ്റിവെച്ചു.

ആറന്മുള സീറ്റ് പ്രതീക്ഷിച്ചിരുന്ന മോഹന്‍രാജിനെ തഴഞ്ഞ് സിറ്റിംഗ് എംഎല്‍എ ശിവദാസന്‍ നായര്‍ക്ക് വീണ്ടും അവസരം കൊടുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്‍തത്. പണ്ടേ രസത്തിലല്ലായിരുന്ന മോഹന്‍രാജും ശിവദാസന്‍ നായരും ഇതോടെ ഏറെ അകന്നിരുന്നു. ഈ അകല്‍ച്ചയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍.

 

 

click me!