
കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങൾക്ക് പിറകെ ഇരിക്കൂറിലും വിമതർ സംഘടിക്കുന്നു. മന്ത്രി കെസി ജോസഫിനെതിരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള വിമത കൺവെൻഷൻ മറ്റെന്നാൽ ഇരിക്കൂറിൽ നടക്കും. സ്ഥാനാർത്ഥിയെ ആലോചിക്കുന്നതിന് മുൻപ് തന്നെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്ത് വന്ന മണ്ഡലമാണ് ഇരിക്കൂർ. 35 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച മന്ത്രി കെസി ജോസഫിനെ ഇത്തവണ മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം.
പ്രതിഷേധം മണ്ഡലത്തിലാകെ വ്യാപിച്ചെങ്കിലും സ്ഥാനാർത്ഥിയായെ മാറ്റാൻ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് വിമതർ സംഘടിച്ചതും മത്സരിക്കാൻ തീരുമാനിച്ചതും. വെള്ളിയാഴ്ച ഇരിക്കൂറിൽ വിമതർ തെരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചിട്ടുണ്ട്. ഇതിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. കെസി ജോസഫിനെ മാറ്റാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച അബ്ദുൾ ഖാദർ, ഇരിക്കൂറിൽ സ്ഥാനാർത്ഥിയാകും.
അതേ സമയം കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിൽ നിന്ന് പികെ രാഗേഷിന്‍റെ നേതൃത്വത്തിലുള്ള വിമതരെ പിന്തിരിപ്പിക്കാനുള്ള നീക്കം വിജയിച്ചിട്ടില്ല. വരും ദിവസം ഈ രണ്ട് മണ്ഡലത്തിലും വിമതർ സ്ഥാനാർതഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയേക്കും. അഴീക്കോട് കോൺഗ്രസ് വിമതൻ മത്സരിക്കാനൊരുങ്ങുന്നതിൽ ലീഗ് കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.