ചെങ്ങന്നൂരിൽ മത്സരം കടുക്കുന്നു, മൂന്ന് മുന്നണികളേയും വെട്ടിലാക്കി ശോഭനാ ജോർജ്ജ്

By Web DeskFirst Published May 4, 2016, 11:35 AM IST
Highlights

ചെങ്ങന്നൂരിൽ മത്സരരംഗത്ത് നിന്ന് പിൻമാറാതെ ശക്തമായ പ്രചാരണവുമായി ശോഭനാ ജോർജ്ജ് കളം നിറഞ്ഞതോടെ മൂന്ന് മുന്നണികളും ഒരുപോലെ വെട്ടിലായി. യുഡിഎഫ് വോട്ടുകൾ മറിയുമെന്ന പേടിയാണ് വലത് മുന്നണിക്കെങ്കിൽ, ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്ന ആശങ്കയാണ് ഇടത് മുന്നണിക്ക്. എൻഡിഎയ്ക്ക് കിട്ടേണ്ട സാമുദായിക വോട്ടുകൾ വ്യക്തി ബന്ധങ്ങളുടെ പേരിൽ ശോഭന പിടിക്കുമോ എന്ന പേടി ബിജെപിയിലും നിലനില്‍ക്കുന്നു.

ശോഭനാ ജോർജ്ജിന്റെ സ്ഥാനാ‍ർത്ഥി പ്രഖ്യാപനം കോൺഗ്രസ് പാർട്ടിയിൽ സ്ഥാനലബ്‍ധിക്കായുള്ള സമ്മർദ്ദ തന്ത്രമായി കണ്ട വലതു മുന്നണി അവസാന നിമിഷം ശോഭന പിൻമാറുമെന്ന് ഉറച്ച് പ്രതീക്ഷിച്ചിരുന്നു. മോതിര ചിഹ്നവുമായി മത്സര രംഗത്ത് ശോഭനാ ജോർജ്ജും അനുയായികളും കൂടുതൽ സജീവമായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. സ്ഥാനാർത്ഥിക്കെതിരായ വികാരവും അഴിമതിയും മുഖ്യ പ്രചാരണായുധമാക്കുന്ന ഇടത് മുന്നണിക്ക് ശോഭനയുടെ സ്ഥാനാർത്ഥിത്വം വലത് വിരുദ്ധ വോട്ടുകൾ ഭിന്നിക്കാനിടയാക്കുമോ എന്ന ആശങ്കയുണ്ട്. താമരവിരിയിക്കാൻ കച്ചമുറുക്കുന്ന എൻഡിഎ ക്യാന്പിന് വ്യക്തി ബന്ധങ്ങളുടെ പേരിൽ ശ്രീധരൻപിള്ളയ്ക്ക് കിട്ടേണ്ട സഭാവിശ്വാസികളുടെ വോട്ട് മറിയുമോ എന്ന ചിന്തയുമുണ്ട്.

വലത് പെട്ടിയിൽ വീഴേണ്ട സാമുദായിക വോട്ടുകൾ ഭിന്നിപ്പിക്കാൻ സഭയുമായി നല്ല ബന്ധമുള്ള ശോഭനയ്ക്കാകുമോ എന്ന് വോട്ടെണ്ണുന്പോഴേ അറിയാനാകൂ. വ്യക്തി ബന്ധങ്ങളും - സഭയും സഹായിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ശോഭന.പക്ഷേ കാലാകാലങ്ങളായി യു ഡി എഫിനൊപ്പം നിൽക്കുന്ന വോട്ടർമാർ മാറി ചിന്തിക്കില്ലെന്നാണ് വലത് സ്ഥാനാർത്ഥിയുടെ അവകാശവാദം. പി സി വിഷ്ണുനാഥാണ് ചെങ്ങന്നൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി.

click me!