തെരഞ്ഞെടുപ്പ് ചിഹ്നം കിട്ടിയില്ല; ബിഡിജെഎസ് ആശങ്കയില്‍

By anuraj aFirst Published Apr 13, 2016, 7:29 AM IST
Highlights

പാര്‍ട്ടിയുടെ പ്രഖ്യാപനവേളയില്‍ ശംഖുമുഖത്ത് കൂപ്പുകൈ ആയിരിക്കും പാര്‍ട്ടി ചിഹ്നമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. വലിയ ആവേശത്തോടെ അന്ന് പ്രഖ്യാപിച്ച കൂപ്പുകൈ ചിഹ്നം പക്ഷേ ഇത്തവണ ബിഡിജെഎസിന് കിട്ടില്ല. ഏതെങ്കിലും സ്വതന്ത്ര ചിഹ്നത്തിലായിരിക്കും ബിഡിജെഎസിന്റെ 37 സ്ഥാനാര്‍ത്ഥികളും ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. കുടം ചിഹ്നമാണ് ബിഡിജെഎസ് തെരഞ്ഞെടുക്കാന്‍ സാധ്യത. മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതുവരെ ചിഹ്നം പറഞ്ഞ് വോട്ടുപിടിക്കാന്‍ കഴിയാത്തതിന്റെ വിഷമം തങ്ങള്‍ക്കുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇത് കുട്ടനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിന്റെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും. എല്ലാം ചിഹ്നമില്ലാതെയാണ് പതിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയുടെയും നരേന്ദ്രമോദിയുടെയും ഒക്കെ ഫോട്ടം പതിച്ച ഉഗ്രന്‍ ബോര്‍ഡുകളും കട്ടൗട്ടുകളും ഉണ്ടെങ്കിലും ചിഹ്നം മാത്രമില്ല. ആദ്യഘട്ട പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴും ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാരോട് ചിഹ്നം പറയാന്‍ പറ്റാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഇനിയിപ്പോള്‍ ചിഹ്നംകിട്ടിയാല്‍ തന്നെ വീണ്ടും വന്‍ തുക ചെലവാക്കി പോസ്റ്ററുകളും ഫ്‌ലക്‌സ്‌ബോര്‍ഡുകളും നോട്ടീസുകളും പുറത്തിറക്കേണ്ട ഗതികേടിലാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും.

click me!