
തിരുവനന്തപുരം: 10 വര്‍ഷത്തെ ഇടവേളക്ക് ശേഷം പിപി മുകുന്ദന്‍ ബിജെപി ആസ്ഥാനത്ത് തിരിച്ചെത്തി. എന്നാല്‍ ഒരു നേതാവു പോലും മുകുന്ദനെ സ്വീകരിക്കാന്‍ മാരാര്‍ജി ഭവനിലെത്തിയില്ല. വീട്ടിലേക്കുള്ള മടക്കത്തില്‍ സ്വീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം.
നേതാക്കളും ആരവങ്ങളുമില്ലാതെ മുതിര്‍ന്ന നേതാവിന് ഘര്‍വാപ്പസി. ആര്‍എസ്എസ് സമ്മര്‍ദ്ദം വഴി കുമ്മനവും അനുകൂലിച്ചതോടെയാണ് പാര്‍ട്ടിയിലേക്കും പിന്നെ മാരാര്‍ജിഭവനിലേക്കും മുകുന്ദനെത്തിയത്. വരവ് മുന്‍കൂട്ടി അറിയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്ക് പറഞ്ഞ് കുമ്മനം ഒഴിഞ്ഞുമാറി. തലസ്ഥാനത്തുണ്ടായിരുന്ന നേതാക്കളും ജില്ലാ ഭാരവാഹികളും എത്തിയില്ല.
ആസ്ഥാനത്തുണ്ടായിരുന്ന ഓഫീസ് സെക്രട്ടറി മുകുന്ദന്‍ എത്തുന്നതിന് തൊട്ടുപിന്നാലെ പുറത്തേക്ക് പോയി. ഓഫീസിലെത്തിയാല്‍ വിളക്ക് കത്തിച്ച് തുടക്കം. താന്‍ മുന്‍കയ്യെടുത്ത് നിര്‍മ്മിച്ച പാര്‍ട്ടി ആസ്ഥാനത്ത് 10 വര്‍ഷത്തിന് ശേഷമെത്തുമ്പോഴും ചിട്ടയില്‍ മാറ്റമില്ല.
മുകുന്ദന്‍റെ മടക്കത്തോട് ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ക്കുള്ള എതിര്‍പ്പ് തുടരുന്നതിന്‍റെ സൂചനയാണ് വിട്ടുനില്‍ക്കല്‍. ചിലരുടെ എതിര്‍പ്പാകാം മടക്കം വൈകാനുള്ള കാരണമെന്ന് മുകുന്ദന്‍ സമ്മതിച്ചു. ഭാരവാഹിത്വത്തില്‍ ധാരണയായില്ലെങ്കിലും പ്രചാരണരംഗത്ത് സജീവമാകാനാണ് തീരുമാനും.
എന്‍ഡിഎ സംസ്ഥാന കണ്‍വീനറാക്കണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടിക്ക് മുന്നിലുണ്ട്. ഒരു മണിക്കൂറോളം പാര്‍ട്ടി ആസ്ഥാനത്ത് ചെലവിട്ടശേഷവും ഒരു നേതാവുമെത്തിയില്ല.