
പാര്‍ട്ടിയിലെ ഔദ്യോഗക പക്ഷത്തിന് അനഭിമതനാണ് വി.എസ് എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളെ കൂട്ടാനുള്ള വി.എസിന്റെ കഴിവിനെ എല്ലാം തെരഞ്ഞെടുപ്പിലും സിപിഐഎം ഉപയോഗിച്ചിട്ടുണ്ട്. പിണറായിയുടെ തട്ടകമായ കണ്ണൂരിലും വി.എസിനെ എത്തിച്ച് പ്രചാരണ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതിനോടൊപ്പം പിണറായിയും വി എസും നല്ല ഐക്യത്തിലാണെന്ന് സന്ദേശം പൊതുജനത്തിന് നല്‍കാന്‍ കഴിയുമെന്നും സിപിഐഎം കരുതുന്നത്. കണ്ണൂരില്‍ നാല് കേന്ദ്രങ്ങളിലെ പ്രചാരണത്തിനാണ് വി.എസ് ഇറങ്ങുന്നത്. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലാണ് ആദ്യപരിപാടി. വി.എസ് എത്തുമ്പോള്‍ പിണറായി കണ്ണൂരിലുണ്ടാകില്ല. പകരം കൊല്ലത്ത് പാര്‍ട്ടി പരിപാടിയിലാകും പിണറായി.
അതേസമയം വി എസ് പാര്‍ട്ടി വിരുദ്ധമനോഭാവത്തിലേക്ക തരംതാണെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം ഇപ്പോളും നിലനില്‍ക്കുകയാണെന്ന് പിണറായി ഇന്ന് പ്രതികരിച്ചിട്ടുണ്ട്. ഇതിന് പിറകെയാണ് പിണറായിയുടെ മണ്ഡലത്തില്‍ വി.എസ് എത്തുന്നതെന്ന പ്രത്യേകതകൂടി കണ്ണൂരിലെ പ്രചാരണത്തിനുണ്ട്. തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ വി.എസ് ഇത് ഏറ്റുപിടിച്ച് പ്രതികരണം നടത്തുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കുമുണ്ട്. കണ്ണൂരില്‍ രാവിലെ വി എസ് പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചെങ്കിലും പിണറായിയുടെ പ്രതികരണത്തിന് പിറകെ പത്രസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പ്രചാരണ യോഗങ്ങളില്‍ വി എസ് എന്ത് പറയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.