ബി​ഗ് ബോസ് മലയാളം സീസൺ 8ൽ സുമേഷ് ചന്ദ്രൻ

Published : Sep 06, 2026, 09:25 PM IST
sumesh chandran

Synopsis

മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും കലാരംഗത്തെത്തിയ സുമേഷ് ചന്ദ്രൻ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയിരിക്കുന്നു. 'ദൃശ്യം 2'ലെ പൊലീസ് വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ദൃശ്യം 2 ലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുമേഷ് ചന്ദ്രനുമുണ്ട് ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക്. മിമിക്രിയിലൂടെയും കോമഡി ഷോകളിലൂടെയും കലാരംഗത്തേക്കെത്തിയ വ്യക്തിയാണ് സുമേഷ്. ഭാസ്കർ ദി റാസ്കൽ, പുള്ളിക്കാരൻ സ്റ്റാറാ, ആദ്യരാത്രി, ജവാനും മുല്ലപ്പൂവും, ദൃശ്യം 3 തുടങ്ങി ഒന്നിലേറെ സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും അഭിനേതാവെന്ന നിലയിൽ സുമേഷിനെ അടയാളപ്പെടുത്തുന്നത് ദൃശ്യം 2 ലെ പൊലീസുകാരന്റെ വേഷം തന്നെയാണ്. തന്റെ സ്വതസിദ്ധമായ കോമഡി വിട്ട് അൽപ്പം നെഗറ്റീവ് ഷേഡുള്ള ആ കഥാപാത്രത്തെ അദ്ദേഹം മനോഹരമാക്കുകയും ചെയ്തു. മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിട്ട അനുഭവവുമായി ബിഗ് ബോസിലേക്കെത്തുമ്പോൾ സുമേഷിനെ കാത്തിരിക്കുന്നത് എന്തൊക്കെയാകും?

നന്നായി കോമഡി കൈകാര്യം ചെയ്യാനുള്ള കഴിവ് തന്നെയാണ് സുമേഷിന് തുണയാകാൻ സാധ്യത. ചെറിയ കാര്യങ്ങളടക്കം വലിയ പ്രശ്നങ്ങളാകുന്ന ബിഗ് ബോസ് വീട്ടിൽ എല്ലാത്തിനെയും നർമ്മത്തിലൂടെ കാണാൻ കഴിഞ്ഞാൽ അതിജീവനവും കൂടുതൽ എളുപ്പമാകും. പക്ഷെ മലയാളം ബിഗ് ബോസിൽ ഇതുവരെ കോമഡിയുമായി എത്തിയ എല്ലാവരുടെയും സീരിയസ് മുഖമാണ് നമ്മൾ വീട്ടിൽ കണ്ടത്. അതുകൊണ്ടുതന്നെ സ്റ്റേജ് ഷോയിലെ കോമഡി ബിബി വീട്ടിൽ എത്രത്തോളം ഉപയോഗപ്പെടുമെന്ന് ഇപ്പോൾ പറയാനുമാവില്ല.

സ്കൂൾ കാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന സുമേഷിന്റെ സ്‌കൂളിൽ പോകാനുള്ള പ്രചോദനം പോലും യൂത്ത് ഫെസ്റ്റിവലായിരുന്നു. മോണോ ആക്ടിനും മിമിക്രിക്കും എല്ലാം പുറമേ പാട്ടിലും ഒരുകൈ നോക്കിയിട്ടുണ്ട് ഈ കലാകാരൻ. സ്‌കൂൾ കാലത്തുതന്നെയാണ് മിമിക്രിയിൽ കമ്പമുണ്ടാകുന്നതും. കയ്യടി കിട്ടിയതോടെ ശ്രദ്ധ അതിൽത്തന്നെ കേന്ദ്രീകരിച്ചു. കലാഭവനിൽ ചേർന്നാൽ സിനിമയിലും ചാൻസുകൾ കിട്ടുമെന്ന് കേട്ടറിഞ്ഞതോടെയാണ് കലാഭവനിലേക്കെത്തുന്നത്. ചെറുപ്പം മുതൽതന്നെ സിനിമയോട് താല്പര്യമുണ്ടായിരുന്ന സുമേഷിന് ഈ സിനിമാക്കമ്പം കിട്ടിയത് അച്ഛനിൽനിന്നാണ്.

ഇന്റർവ്യൂകളിൽ ആയാലും സ്റ്റേജ് പരിപാടികളിൽ ആയാലും ചിരിച്ചുകൊണ്ടുമാത്രമാണ് എപ്പോഴും സുമേഷിനെ കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്കെത്തുമ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു മുഖം കാണാനാവുമോ എന്നതാണ് ചോദ്യം. കോമഡിയിലാണ് തുടക്കമെങ്കിലും അഭിനയം തന്നെയാണ് തന്റെ സ്വപ്നമെന്ന് സുമേഷ് പലവട്ടം പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2 ലെ മത്സരാർത്ഥിയായിരുന്ന സാജു നവോദയയാണ് ടിവി ഷോകളിലേക്കുള്ള തന്റെ വഴി തുറന്നുതന്നതെന്നും സുമേഷ് പറഞ്ഞിരുന്നു. ടിവി ഷോയും സിനിമയും അടക്കമുള്ള പ്രധാന വഴിത്തിരിവുകളെല്ലാം അപ്രതീക്ഷതമായി തന്നിലേക്കെത്തിച്ചേർന്ന സുമേഷിന്റെ ജീവിതത്തിലെ മറ്റൊരു സുപ്രധാന ടേണിങ് പോയിന്റ് ആയി മാറുമോ ബിഗ് ബോസെന്ന് കാത്തിരുന്ന് കാണാം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിഗ് ബോസില്‍ കളം നിറയാൻ ആര്‍ജെ അഞ്‍ജലിയും
മിനിസ്ക്രീൻ വിജയം ബിഗ് ബോസിലും തുടരാൻ ശ്രീലയ എത്തുന്നു