
അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ 8ന് തിരശീല ഉയർന്നിരിക്കുകയാണ്. ഓരോ മത്സരാർത്ഥികളായി ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് കയറിക്കഴിഞ്ഞു. ഇക്കൂട്ടത്തിലെ പ്രധാന മത്സരാർത്ഥിയാണ് റിനി ആൻ ജോർജ്. പേര് കേട്ടപ്പോൾ തന്നെ ആള് ആരെന്ന് മനസിലായിക്കാണും. അതേ സമീപകാല കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പെൺ ശബ്ദത്തിന് ഉടമ റിനി ആൻ ജോർജ്. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിൽ കേരള രാഷ്ട്രീയത്തെ വലിയ രീതിയിൽ പിടിച്ചു കുലുക്കി. പിന്നീട് പലരുടേയും തുറന്നുപറച്ചിലുകൾ, ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയും.
പ്രൊഫഷണലി ഒരു മാധ്യമ പ്രവര്‍ത്തകയാണ് റിനി ആന്‍ ജോര്‍ജ്. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത റിനി, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെ ജോലിയില്‍ കയറി. പിന്നീട് പല പ്രമുഖ ചാനലുകളിലും ജോലി ചെയ്ത റിനി ആൻ ജോർജ്, അവതാരകയായും തിളങ്ങി.
സിനിമാ താരങ്ങളുമായും അണിയറപ്രവർത്തകരുമായുള്ള പ്രൊമോഷൻ പരിപാടികളും സൗഹൃദങ്ങളും റിനിയെ ഒടുവിൽ സിനിമയിൽ എത്തിക്കുകയായിരുന്നു. ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യന്‍ വിജയ് സംവിധാനം ചെയ്ത 916 കുഞ്ഞൂട്ടന്‍ എന്ന സിനിമയിലൂടെയാണ് റിനി ആന്‍ ജോര്‍ജ് സിനിമാഭിനയത്തിന് തുടക്കമിട്ടത്. ടിനി ടോമിന്റെ സജഷനിലായിരുന്നു അത്. 2025 മെയ് മാസത്തില്‍ ആയിരുന്നു സിനിമയുടെ റിലീസ്. വീണ്ടും സിനിമാ രംഗത്ത് സജീവമാകാന്‍ തയ്യാറെടുക്കവേയാണ് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി റിനി എത്തുന്നതും കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറുന്നതും. വിവാദങ്ങൾ ആളിക്കത്തിയതിന് ഒടുവിൽ റിനി മാധ്യമങ്ങളോട് പറഞ്ഞത്, 'എന്റെ യുദ്ധം ഒരു വ്യക്തിയോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകളോടുള്ളതാണ്. രാഷ്ട്രീയ നേതാവ് എങ്ങിനെ ആയിരിക്കണം എന്നത് മാത്രമാണ് എന്റെ വിഷയം', എന്നായിരുന്നു. ഒപ്പം തന്റെ നിലപാടിൽ ഉറച്ചു തന്നെ നിന്നു. ഇതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
കേരള രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ റിനി ആൻ ജോർജ് ബിഗ് ബോസ് പോരാട്ട വേദിയിൽ എത്തുമ്പോൾ എങ്ങനെ ഉണ്ടാകുമെന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. നിലപാടുകൾ ഉറക്കെ പറഞ്ഞ് എതിരാളികളെ സധൈര്യം നേരിടുമോ എന്നും മെന്റലിയും ഫിസിക്കലിയും ആയിട്ടുള്ള ടാസ്കുകൾ അടക്കം ചെയ്ത് താനൊരു ബിഗ് ബോസ് മെറ്റീരിയലാണെന്ന് തെളിയിക്കുമോ എന്നും വരും ദിവസങ്ങളിൽ അറിയാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ