
ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് സാബുമാൻ. വൈൽഡ് കാർഡായി ബിഗ് ബോസ് വീട്ടിലെത്തിയ സാബുമാന് ഹൗസിലെ ചില ടാസ്കുകൾ ഒഴിച്ചാൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സാബുമാൻ നിൽക്കെ തന്നെ മികച്ച പല മത്സരാർത്ഥികളും എവിക്ട് ആകുകയും ചെയ്തുവെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുമുണ്ട്. എവിടെന്നാണ് സാബുവിന് ഇത്രയധികം വോട്ട് ലഭിക്കുന്നതെന്നും ചോദ്യങ്ങൾ ഉയർന്നു. ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5 വിജയി അഖിൽ മാരാർ. ബിഗ് ബോസ് ഹൗസിലെ നോട്ടയാണ് സാബുമാൻ എന്നാണ് അഖിൽ പറയുന്നത്.
"വളരെ രസകരമായൊരു ട്രോൾ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കാണുന്നുണ്ട്. ബിഗ് ബോസ് സീസൺ 7ലെ വിജയി സാബുമാൻ ആണെന്ന രീതിയിൽ. ഞാൻ വിജയിയായിരുന്ന സമയത്തെ ഫോട്ടോയിൽ എന്റെ മുഖത്തിന് പകരം സാബുമാന്റെ മുഖം വച്ചുകൊണ്ടാണ് ട്രോൾ. വളരെ സീരിയസായിട്ടുള്ള വീഡിയോകൾക്ക് താഴെ പോലും ഈ ട്രോളുകൾ വരുന്നുണ്ട്. സാബുമാന് എങ്ങനെയാണ് വോട്ട് കിട്ടുന്നതെന്ന് കുറേപേർ എന്നോട് ചോദിച്ചിട്ടുണ്ട്. ഒന്നും ചെയ്യാതെ വെറുതെ ചിരിച്ച് നിന്നാൽ വോട്ട് കിട്ടുമോ എന്നാണ് അവർ ചോദിക്കന്നത്", എന്ന് അഖില്‍ പറയുന്നു.
"സാബുമാൻ എന്ന് പറയുന്നത് ഒരു നോട്ടയാണ്. അതായത് ഒരു തെരഞ്ഞെടുപ്പിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളും നിർത്തുന്ന സ്ഥാനാർത്ഥികളോട് താല്പര്യമില്ലാതെ വരുമ്പോൾ, ജനങ്ങൾക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ വേണ്ടി ഇലക്ഷൻ കമ്മീഷൻ കൊണ്ടുവന്നിട്ടുള്ള നോട്ട. നോട്ടയ്ക്ക് റിസൾട്ട് ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ടാണ് പലപ്പോഴും അധികം ആളുകൾ വോട്ട് നൽകാത്തത്. അതിന്റെ ഒരു പ്രതിഫലനമാണ് ബിഗ് ബോസിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പല മത്സരാർത്ഥികളും പ്രേക്ഷകരെ വെറുപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, മത്സരാർത്ഥികളുടെ പ്രവർത്തനങ്ങളും ഗെയിമുകളും അരോചകമാകുമ്പോൾ, പ്രേക്ഷകർ മനോഹരമായി ഉപയോഗിക്കുന്നൊരു നോട്ടയാണ് സാബുമാൻ", എന്ന് അഖിൽ മാരാർ പറഞ്ഞു.
"ഓരോ ആഴ്ചയിലും സാബുമാൻ വോട്ട് നൽകി കൊണ്ട് പ്രേക്ഷകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. അവിടെ ഒന്നും ചെയ്യാതെ ആരെയും വെറുപ്പിക്കാതെ നിൽക്കുന്ന സാബുമാൻ എന്നത് ബിഗ് ബോസ് ഹൗസിലെ ഒരു നോട്ടയാണ്. ആ നോട്ടയ്ക്ക് അനുകൂലമായിട്ട് പ്രേക്ഷകർ വോട്ട് രേഖപ്പെടുത്തുന്നുണ്ട് എങ്കിൽ മറ്റുള്ള മത്സരാർത്ഥികളുടെ കഴിവുകേടാണ്. അവർ മികച്ച രീതിയിൽ ഗെയിം കളിച്ച്, മുന്നോട്ട് വന്ന് കപ്പടിക്കട്ടെ. ഇല്ലെങ്കിൽ നോട്ട കപ്പടിക്കുന്നൊരു സാഹചര്യം ഉണ്ടാകും. നോട്ട കപ്പടിക്കുന്നത് ഒരർത്ഥത്തിൽ നല്ലതാണോ മോശമാണോന്ന് ബിഗ് ബോസ് പ്രേക്ഷകർ വിലയിരുത്തട്ടെ. എനിക്ക് തോന്നിയ രസകരമായൊരു കാര്യം പങ്കുവച്ചതാണ്. ഒന്നും ചെയ്യാത്തൊരാൾക്ക് എവിടെ നിന്നാണ് വോട്ട് കിട്ടുന്നതെന്ന് ചോദിച്ചാൽ ഇതല്ലാതെ മറ്റൊരു മറുപടിയും ഇല്ല", എന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.