ബി​ഗ് ബോസിലെ 'പ്രൊപ്പോസല്‍', അനീഷിനോടുള്ള അനുമോളുടെ പ്രതികരണം ചര്‍ച്ചയാക്കി ആരാധകര്‍

Published : Oct 31, 2025, 05:02 PM IST
anumol rejects marriage proposal of aneesh in bigg boss malayalam season 7

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥിയായ അനീഷ് സഹമത്സരാർത്ഥിയായ അനുമോളോട് വിവാഹാഭ്യർത്ഥന നടത്തി. ഇതിനോടുള്ള അനുമോളുടെ മറുപടിയും അനീഷിന്‍റെ പ്രതികരണവും സോഷ്യൽ മീഡിയയില്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി 10 ദിനങ്ങള്‍ മാത്രമാണ് ഉള്ളത്. അവസാന ദിനങ്ങളിലേക്ക് എത്തുമ്പോഴേക്ക് ഈ സീസണില്‍ ഇതുവരെ കാണാത്ത സൗഹൃദ നിമിഷങ്ങളും മത്സരാര്‍ഥികള്‍ക്കിടയില്‍ സംഭവിക്കുന്നുണ്ട്. അതിന്‍റെ കൗതുകങ്ങളിലാണ് പ്രേക്ഷകരും. എന്നാല്‍ ഈ സീസണിലെ ആദ്യത്തെ പ്രൊപ്പോസല്‍ രം​ഗവും ഇന്ന് ബി​ഗ് ബോസില്‍ നടന്നു. അനീഷ് ആണ് അനുമോളോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് രാവിലെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അതിന് ലൈവില്‍ അനുമോള്‍ നല്‍കിയ മറുപടിയും അതിനോടുള്ള അനീഷിന്‍റെ പ്രതികരണവുമൊക്കെ ബി​ഗ് ബോസ് പ്രേക്ഷകരുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് വിഷയമായിരിക്കുകയാണ്.

പുറത്തെത്തിയ പ്രൊമോയില്‍ തന്നെക്കുറിച്ചുള്ള അഭിപ്രായം അനുമോളോട് ചോദിക്കുകയാണ് അനീഷ്. “എന്നെക്കുറിച്ചുള്ള അഭിപ്രായം എന്താ അനുമോളുടെ”, എന്ന് ചോദ്യം. “ആദ്യമൊക്കെ വന്ന സമയത്ത് എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആര്‍ക്കും ഇഷ്ടപ്പെടുന്ന ഒരാളാ”, എന്ന് അനുമോള്‍. ഉടന്‍ അനീഷിന്‍റെ ചോദ്യം വരുന്നു- “അങ്ങനെയാണെങ്കില്‍ നമുക്ക് വിവാഹം കഴിച്ചാലോ”. അപ്രതീക്ഷിതമായി ഈ ചോദ്യം വന്നതില്‍ അനുമോള്‍ക്ക് ഉണ്ടാകുന്ന അമ്പരപ്പിലാണ് പ്രൊമോ അവസാനിക്കുന്നത്. ലൈവില്‍ ഈ ഭാ​ഗം മണിക്കൂറുകള്‍ക്ക് മുന്‍പേ കഴിഞ്ഞു. അനീഷിന്‍റെ ചോദ്യത്തോട് തന്‍റെ ജീവിത സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് നെ​ഗറ്റീവ് ആയാണ് അനുമോളുടെ പ്രതികരണം.

“എനിക്കായിട്ട് ഒരു വീട് വെക്കണം. പിന്നെ എന്‍റെ കാര്യങ്ങള്‍ നോക്കണം. കല്യാണത്തിന് വേണ്ടിയുള്ള കുറേ കാര്യങ്ങള്‍ ഉണ്ടല്ലോ. കുറച്ച് കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്ത് വച്ചിട്ടുണ്ട്. ചെറിയ രീതിയില്‍ ​ഗുരുവായൂര്‍ പോയി താലി കെട്ടണം. അങ്ങനെയൊക്കെയുണ്ട്. അതൊന്നും ഇപ്പോള്‍ നടക്കില്ല”, അനുമോള്‍ അനീഷിനോട് പറയുന്നുണ്ട്. തനിക്ക് മുന്‍പ് ഒരു റിലേഷന്‍ ഉണ്ടായിരുന്നുവെന്നും അത് അവസാനിച്ചതോടെ ഇനി വിവാഹമേ വേണ്ടെന്നുവച്ചിരുന്നതാണെന്നും അച്ഛനും അമ്മയുമൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ രണ്ട് വര്‍ഷത്തിനകം വിവാഹം ആകാമെന്ന് അവരോട് പറഞ്ഞിട്ടുണ്ടെന്നും അനുമോള്‍ അനീഷിനോട് പറഞ്ഞു. “സെറ്റില്‍ഡ് ആവണം, കരിയര്‍ നോക്കണം. ഇതിനിടെ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല”, അനീഷിനോട് അനുമോള്‍ പറയുന്നു.

ഒന്നും മിണ്ടാതെ വേ​ഗത്തില്‍ അവിടെനിന്ന് എണീറ്റ് പോയിക്കൊണ്ടായിരുന്നു അനീഷിന്‍റെ പ്രതികരണം. നെ​ഗറ്റീവ് ആയ പ്രതികരണം ലഭിച്ചതിലുള്ള ബുദ്ധിമുട്ട് വ്യക്തമാക്കുന്നതായിരുന്നു അനീഷിന്‍റെ ശരീരഭാഷയും ഹൗസില്‍ പിന്നീട് മറ്റുള്ളവരോടുള്ള പ്രതികരണങ്ങളും. ഏറെയും നിശബ്ദനായാണ് അനീഷ് പിന്നീട് ഹൗസില്‍ നിന്നത്. എന്നാല്‍ അനീഷിന്‍റെ പ്രൊപ്പോസല്‍ ഒരു പ്രാങ്ക് ആയിരിക്കുമെന്നാണ് അനുമോള്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് അനീഷിന്‍റെ പ്രതികരണങ്ങളില്‍ നിന്ന് അത് അങ്ങനെയല്ലെന്നും അനുമോള്‍ മനസിലാക്കുന്നുണ്ട്.

പിന്നീട് നൂറയോടാണ് അനുമോള്‍ ഇക്കാര്യം പറയുന്നത്. സംസാരിക്കുന്നതിനിടെ ആദിലയും അവിടേക്ക് കടന്നുവരുന്നു. അനീഷ് സീരിയസ് ആയാണ് ഇക്കാര്യം എടുത്തിരിക്കുന്നതെന്ന് ആദിലയും നൂറയും പറയുമ്പോള്‍ താന്‍ ഒരു സഹോദരനെപ്പോലെയാണ് അനീഷിനെ കണ്ടിരിക്കുന്നതെന്നാണ് അനുമോളുടെ പ്രതികരണം. ഇതിനെക്കുറിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ബി​ഗ് ബോസ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. അനീഷിനെയും അനുമോളെയും എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ഇത് അനീഷിന്‍റ ​ഗെയിം ആയിരിക്കുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്. എന്നാല്‍ പിന്നീടുള്ള പ്രതികരണങ്ങള്‍ കണ്ടാല്‍ അങ്ങനെ കരുതാനാവില്ലെന്നാണ് മറുവാദം. വിവാഹാഭ്യര്‍ഥന നിരസിച്ചപ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പറയുന്നവരുമുണ്ട് പ്രേക്ഷകര്‍ക്കിടയില്‍. അതേസമയം ഇന്നത്തെ എപ്പിസോഡ് കാണാനായുള്ള കാത്തിരിപ്പിലാണ് ബി​ഗ് ബോസ് പ്രേക്ഷകര്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ