
ഒരു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച പ്രതികരണം ലഭിക്കുക, ബോക്സ് ഓഫീസിലും മിന്നും വിജയം നേടുക എന്നത് ഇന്നത്തെ കാലത്ത് വളരെ ശ്രമകരമായ കാര്യമാണ്. വലിയ പ്രതീക്ഷയോടും ഹൈപ്പോടും എത്തിയ സിനിമകൾ അടക്കം പരാജയമടഞ്ഞ കാഴ്ചകൾ ഓരോ വർഷവും പ്രേക്ഷകർ കണ്ടതാണ്. അക്കൂട്ടത്തിലൊരു സിനിമയാണ് പർദ്ദ. അനുപമ പരമേശ്വരൻ നായികയായി എത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാൻ പടത്തിനായില്ല.
മുടക്കുമുതലിന്റെ പകുതി പോലും തിരിച്ച് പിടിക്കാൻ പർദ്ദയ്ക്ക് സാധിച്ചില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 15 കോടി രൂപയാണ് പർദ്ദയ്ക്കായി നിർമാതാക്കൾ മുടക്കിയത്. എന്നാൽ ബോക്സ് ഓഫീസിലും ചിത്രം സമ്പൂർണ പരാജയമായി മാറി. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1.22 കോടി രൂപയാണ് ആകെമൊത്തം പർദ്ദയ്ക്ക് നേടാനായത്. ചിത്രത്തിന്റെ പരാജയത്തിൽ സങ്കടമുണ്ടെന്നാണ് അനുപമ പരമേശ്വരൻ നേരത്തെ പ്രതികരിച്ചത്.
ഓഗസ്റ്റിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പർദ്ദ. അനുപരമ പരമേശ്വരന് ഒപ്പം ദർശന രാജേന്ദ്രൻ,സംഗീത കൃഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. പ്രവീൺ കന്ദ്രേഗുല ആയിരുന്നു സംവിധാനം. മുഖം പർദ്ദ കൊണ്ട് മറയ്ക്കുന്ന പാരമ്പര്യമുള്ളൊരു ഗ്രാമത്തിൽ ജീവിക്കുന്ന സുബു എന്ന യുവതിയുചെ കഥയാണ് ചിത്രം പറഞ്ഞത്. സെപ്റ്റംബർ 12ന് ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. അതേസമയം, ഡ്രാഗൺ, പർദ്ദ, കിഷ്കിന്ധാപുരി, ജെഎസ്‌കെ, ദി പെറ്റ് ഡിറ്റക്റ്റീവ്, ബൈസൺ എന്നീ സിനിമകളാണ് അനുപമ പരമേശ്വരന്‍റേതായി ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകള്‍.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ