
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായി പുരോഗമിക്കുന്നതിനിടെ മൂന്നാം വാരത്തിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഞായറാഴ്ച എപ്പിസോഡിലാണ് പുതിയ ആഴ്ചയിലെ ക്യാപ്റ്റനെയും തെരഞ്ഞെടുത്തത്. ആക്റ്റിവിറ്റി ഏരിയയില്‍ തയ്യാറാക്കിയ ഒരു സൈക്കിള്‍ ട്രാക്കില്‍ ബാലന്‍സിംഗ് വീലുകളുമുള്ള ചെറു സൈക്കിളുകള്‍ ഓടിച്ചുകൊണ്ടാണ് ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. അഭിലാഷ്, ആര്യന്‍, ജിസൈല്‍ എന്നിവര്‍ക്കാണ് ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. വെറുതെ ട്രാക്കിലൂടെ സൈക്കിള്‍ ചവിട്ടുക മാത്രമല്ല ചെയ്യേണ്ടിയിരുന്നത്. മറിച്ച് വലുതും ചെറുതുമായ രണ്ട് വൃത്തങ്ങള്‍ക്കിടയിലൂടെയാണ് സൈക്കിള്‍ ചവിട്ടേണ്ടിയിരുന്നത്. സൈക്കിള്‍ ചവിട്ടുന്നതിനൊപ്പം എതിരാളികളെ ട്രാക്കിന് പുറത്തേക്ക് ആക്കുകയും വേണ്ടിയിരുന്നു.
സ്വാഭാവികമായും സൈക്കിള്‍ വേഗത്തില്‍ ചവിട്ടി എതിരാളികളുടെ പിറകില്‍ എത്തുന്ന ആള്‍ക്കായിരുന്നു മത്സരത്തില്‍ മേല്‍ക്കൈ. ടാസ്കില്‍ നിന്ന് ആദ്യം പുറത്തായത് അഭിലാഷ് ആണ്. പിന്നാലെ ഈ സീസണിലെ മികച്ച ഗെയിമേഴ്സ് ആയ ആര്യനും ജിസൈലും തമ്മിലായി മത്സരം. ജിസൈലിന് പിന്നിലേക്ക് സൈക്കിള്‍ ഓടിച്ചെത്താന്‍ ആര്യന് സാധിച്ചതോടെ ആര്യന് മേല്‍ക്കൈ ലഭിച്ചു. പിന്നാലെ ജിസൈലിന്‍റെ സൈക്കിള്‍ ട്രാക്കിന് പുറത്തേക്ക് എത്തിക്കാനും ആര്യന് സാധിച്ചു. അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ മൂന്നാമത്തെ ക്യാപ്റ്റനായി ആര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.
കോമണര്‍ ആയി എത്തിയ അനീഷ് ആയിരുന്നു ഈ സീസണിലെ ആദ്യ ക്യാപ്റ്റന്‍. ഷാനവാസ് ആയിരുന്നു രണ്ടാം വാരത്തിലെ ക്യാപ്റ്റന്‍. സഹമത്സരാര്‍ഥികള്‍ക്ക് ഏറെ പരാതികള്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍സി ആയിരുന്നു അനീഷിന്‍റേതെങ്കില്‍ നല്ല അഭിപ്രായം നേടിയ ക്യാപ്റ്റന്‍സി ആയിരുന്നു ഷാനവാസിന്‍റേത്. അനീഷ് ആവശ്യത്തിനും അനാവശ്യത്തിനും എപ്പോഴും ഇടപെടുന്ന ക്യാപ്റ്റന്‍ ആയിരുന്നുവെന്നാണ് ഷാനവാസ് മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടി കൊടുത്തത്. മറ്റുള്ളവരുടെ പരാതികളും പരിഭവങ്ങളുമൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ കളം വിടുന്ന അനീഷിനെ ആദ്യ ആഴ്ച പലപ്പോഴായി പ്രേക്ഷകര്‍ കണ്ടതാണ്.
അതേസമയം കോണ്ടെന്‍റിന് പഞ്ഞമില്ലാത്ത ആഴ്ചയാവും മൂന്നാം വാരം എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. കാരണം അങ്ങനെയാണ് പുതിയ ക്യാപ്റ്റനായ ആര്യന്‍ ടീമുകള്‍ വിഭജിച്ചിരിക്കുന്നത്. ഉദാഹരണത്തിന് പരസ്പരം ശത്രുതയുള്ള അപ്പാനി ശരത്തും അനുമോളും കിച്ചണ്‍ ടീമിലാണ്. അതിനാല്‍ത്തന്നെ ഈ വാരം മത്സരാര്‍ഥികള്‍ക്കിടയില്‍ നിരവധി തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്.