'അന്ന് അമ്മ അവിടെ ആക്കി പോയി' അനാഥ മന്ദിരമടക്കമുള്ള ബാല്യം ഓർത്ത് ഭാഗ്യലക്ഷ്മി

By Web TeamFirst Published Feb 20, 2021, 2:01 PM IST
Highlights

മലയാളികൾ ഓരോ ദിവസവും വലിയ ആകാംക്ഷയിലാണ് ബിഗ് ബോസ് സീസൺ മൂന്ന് കാണുന്നത്. ആദ്യത്തെ വീക്കിലി ടാസ്കിൽ തന്നെ പ്രേക്ഷരെ പിടിച്ചിരുത്തുകയാണ് മത്സരാർത്ഥികൾ. 

മലയാളികൾ ഓരോ ദിവസവും വലിയ ആകാംക്ഷയിലാണ് ബിഗ് ബോസ് സീസൺ മൂന്ന് കാണുന്നത്. ആദ്യത്തെ വീക്കിലി ടാസ്കിൽ തന്നെ പ്രേക്ഷരെ പിടിച്ചിരുത്തുകയാണ് മത്സരാർത്ഥികൾ. പലരും തന്റെ ജീവിതം പങ്കുവച്ചപ്പോൾ, കഴിഞ്ഞ എപ്പിസോഡിൽ ഡബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ് തന്റെ ബാല്യത്തെ കുറിച്ച് സംസാരിച്ചത്. കയ്പേറിയ ആ ബാല്യകാല കഥ നിറഞ്ഞ കണ്ണുകളോടെയാണ് മറ്റ് മത്സാർത്ഥികൾ കേട്ടിരുന്നത്.

അനാഥ മന്ദിരത്തിലെ ബാല്യം

അച്ഛനെ ചെറിയൊരു ഓർമ മാത്രമേയുള്ളൂ. കൊഞ്ചിക്കാറില്ല, ഗൌരവമുള്ള വെളുത്ത് നീണ്ട ഗാംഭീര്യമുള്ള രൂപം ഓർമയുണ്ട്. കസേരിയിൽ കാലിൽ കാല് കയറ്റിയിരിക്കുന്ന നായർ തറവാട്ടിലെ ആഡ്യനായ ഒരു അച്ഛൻ. സാധാരണക്കാരിയായ, അച്ഛൻറെ കാല് തൊട്ട് തൊഴുത് അടുക്കളയിൽ കയറുന്നയാളാണ് അമ്മ.

അച്ഛൻ മരിച്ച് കിടത്തിയപ്പോൾ അമ്മ കരയുന്നതടക്കമുള്ള മുറിഞ്ഞുപോയ ഒരോർമയാണ് എനിക്കുള്ളത്. കോഴിക്കോട് പന്നിയങ്കരയിൽ സ്ത്രീകൾക്ക് മാത്രമായുള്ള ഒരു അഭയ സ്ഥാപനത്തിൽ താമസിക്കുന്നതാണ് പിന്നെയുള്ള ഓർമ. അവിടെ സഹോദരിയെയും സഹോദരനെയും ഒന്നും കണ്ടില്ല. അമ്മയുണ്ടല്ലോ എന്നതായിരുന്നു എൻറെ ചിന്ത...

ഒറു ദിവസം ഒരു സ്ഥലംവരെ പോകാമെന്ന് അമ്മ പറഞ്ഞു. ആദ്യമായി ബസിൽ കയറി, ഭയങ്കര സന്തോഷത്തിലായിരുന്നു ഞാൻ. ഒരിടത്തിറങ്ങി, അമ്മ ആരോടൊ സംസാരിച്ച് മുറിക്കകത്തേക്ക് പോയി. പുറത്തേക്ക് രണ്ടുപേരെയും കൂട്ടി അമ്മ ചോദിച്ചു, നിനക്കറിയില്ലേ ഇതാണ് ഇന്ദിര ചേച്ചിയും ഉണ്ണിയേട്ടനും. എന്റെ ചേച്ചിയും ചേട്ടനുമായിരുന്നു അത്. അന്നെനിക്ക് നാലര വയസോളം ആയിട്ടുണ്ട്. 

അന്നുതന്നെ ഉണ്ണിയേട്ടനോടൊപ്പം ഓടിക്കളിയൊക്കെ തുടങ്ങിയിരുന്നു ഞാൻ. പെട്ടെന്ന് അമ്മയെ ഓർമ വന്നു. എവിടെ പോയി എന്ന് ചോദിച്ചപ്പോൾ, നിന്നെ ഇവിടെ ആക്കി അമ്മ പോയി എന്ന് ഉണ്ണിയേട്ടൻ പറഞ്ഞു. അത് എനിക്ക് താങ്ങാൻ പറ്റിയില്ല. ദിവസം മുഴുവൻ കിടന്നു കരഞ്ഞു. 

ഉണ്ണിയേട്ടൻ ആൺകുട്ടികളുടെ സെക്ഷനിലേക്ക് പോയി. ചേച്ചി എന്നെ കുറേ കുട്ടികളുള്ള പെൺകുട്ടികളുടെ കൂട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു. ഒരു ദിവസം ഒരു കുട്ടി പേരെന്താണെന്ന് ചോദിച്ചു. ആരാണിവിടെ ആക്കിയതെന്നും, അമ്മയാണെന്ന് പറഞ്ഞപ്പോൾ ഇത് അനാഥ മന്ദിരമാണെന്നും അമ്മയും ഏട്ടനും ഒക്കെയുള്ളപ്പോ എന്തിനാ ഇവിടെ ആക്കിയതെന്നും ചോദിച്ചു. എനിക്ക് ഭയങ്കര വേദന തോന്നി. 

അത് ഓർക്കുമ്പോൾ എനിക്ക് പേടി തന്നെയായിരുന്നു. അവിടെ നിന്നാണ് ഞാൻ ഒറ്റപ്പെട്ടു തുടങ്ങിയത്. സ്കൂളിൽ വരുമ്പോൾ മാത്രമാണ് ഉണ്ണിയേട്ടൻ സംസാരിക്കുന്നത്. ഇനി അവിടെത്തന്നെയാണെന്നും മോചനമില്ലെന്നും മനസിലായി. 

ഒറു ദിവസം ജനൽ വഴി ചായ വാങ്ങുന്നതിനിടയിൽ മുഖത്ത് മുഖത്ത് ചായ വീണു. തൊലിയാകെ കുമിള പൊങ്ങി. സുന്ദരമായ മുഖമായിരുന്നു. ഈ വൈരൂപ്യം വച്ച് എങ്ങനെ ജീവിക്കുമെന്നൊക്കെ ആരൊക്കെയോ പറഞ്ഞത് ഓർക്കുന്നുണ്ട്.  പിന്നീടത് ശരിയായി.

പിന്നെ അവിടെ തന്നെ ജീവിച്ചു. നാല് വർഷം കഴിഞ്ഞ ശേഷം  വല്യമ്മ വന്ന് മദ്രാസിലേക്ക് കൊണ്ടുപോയി. പക്ഷെ പഠിപ്പിക്കാനൊന്നും വിട്ടിരുന്നില്ല. അമ്മ തിരിച്ചുവന്ന് വല്യമ്മയുമായി വഴക്കിട്ടു. കുട്ടികളെ പഠിപ്പിക്കാനാണ്  ഞാൻ അനാഥ മന്ദിരത്തിൽ ആക്കിയതെന്നും അമ്മ പറഞ്ഞു. അതിനിടയിൽ അമ്മയ്ക്ക് വയ്യാതായി. കാൻസറാണെന്ന് മനസിലായി. പിന്നീട് അതിജീവിച്ച് അമ്മ തിരിച്ചുവന്നു. ഇടക്കാലത്ത് വല്യമ്മയ്ക്ക് എന്നെ സിനിമയിൽ കൊണ്ടുപോകണം. അമ്മ വഴക്കിട്ട് ഞങ്ങളെയും കൂട്ടി ആ വീട്ടിൽ നിന്നിറങ്ങി. ചെറിയൊരു വീട്ടിലേക്ക് താമസം മാറി.

അക്കാലത്ത് വീണ്ടും അമ്മയ്ക്ക് കാൻസർ വന്ന് മൂർച്ഛിച്ചു, ആശുപത്രിയിലായി. അവിടെ ചെന്നപ്പോൾ അമ്മ മറ്റാർക്കോ എന്നെ കൊടുത്തുവെന്ന് പറഞ്ഞു. അവർ നിന്നെ പഠിപ്പിക്കുമെന്നൊക്കെ അമ്മ പറഞ്ഞു. പക്ഷെ ഞാൻ വല്യമ്മയുടെ അടുത്തേക്ക് പോയി.

വൈകാതെ അമ്മ മരിച്ചു. മൃതദേഹം ഞാൻ ഒറ്റയ്ക്കാണ് കൊണ്ടുപോയത്. അന്ന് ഡോക്ടർ ഒരു നൂറു രൂപ അന്ന് തന്നിരുന്നു. അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ശക്തി.  പിന്നീട് എനിക്ക് സിനിമയിൽ ഡബ് ചെയ്യാനായി ഒരു അവസരം ലഭിച്ചു. ആദ്യത്തെ വരുമാനം എനിക്ക് തന്നത് പ്രേംനസീർ സാറായിരുന്നു. ഇതായിരുന്നു എന്റെ ബാല്യം  എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
 

click me!