
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് ആദിലയും നൂറയും. ലെസ്ബിയൻ കപ്പിൾസായ ഇരുവരും ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായി എത്തിയിരുന്നു. ഷോയ്ക്ക് മുൻപ് വലിയ നെഗറ്റീവ് ആയിരുന്നു ഇവർക്കെങ്കിൽ ഇന്നത് സ്നേഹമായാണ് ലഭിക്കുന്നത്. പലയിടത്തുനിന്നും അക്സപ്റ്റൻസ് ലഭിക്കുകയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടേതായ ജോലിയും കാര്യങ്ങളുമായി മുന്നോട്ട് പോകുന്ന ആദിലയും നൂറയും, സുഹൃത്തുക്കളിൽ നിന്നും കേട്ട പഴിയെ കുറിച്ച് പറയുകയാണ്.
ഒപ്പം നടന്നവരിൽ നിന്നാണ് പഴികൾ കേട്ടതെന്നും അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദില പറഞ്ഞു. "ഫ്ലാറ്റിൽ കുറച്ച് സുഹൃത്തുക്കളുണ്ടായിരുന്നു. അവർക്കൊപ്പം യാത്രയൊക്കെ പോകും. പക്ഷേ ഒരു ഘട്ടത്തിൽ നമുക്ക് അവരെ മനസിലായി. രണ്ട് പെൺകുട്ടികളാണ്, കഞ്ചാവും കള്ളുകുടിയുമാണ് എന്നൊക്കെ കേട്ടു. എന്ത് ? എന്ന് ചോദിച്ചുപോയി. കാരണം അവരിൽ നിന്നും ഇതൊക്കെ കേൾക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ. ജോലി സ്ഥലത്ത് പക്ഷേ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല", എന്നായിരുന്നു ആദില പറഞ്ഞത്.
മനോഹരമായൊരു യാത്രയായിരുന്നു ബിഗ് ബോസ് എന്നാണ് നൂറ പറഞ്ഞത്. “ബിഗ് ബോസിൽ കയറുന്നതിന് മുൻപ് വരെ ഞങ്ങൾക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. അത്രത്തോളം വിദ്വേഷം ആൾക്കാർ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ ബിഗ് ബോസിന് ശേഷം ലൈഫ് ചേയ്ഞ്ച് ആയി. ഞങ്ങൾ ഞങ്ങളായി നിന്നു. എൽജിബിടിക്യു എന്നതിനെ കുറിച്ചൊന്നും സംസാരിക്കേണ്ടി വന്നില്ല. അതിലൂടെ ആൾക്കാർക്ക് മനസിലായി തുടങ്ങി വെറും സാധാരണ മനുഷ്യരെ പോലെയാണ് ഞങ്ങളെന്നും. മാറ്റി നിർത്തേണ്ട ആൾക്കാരല്ലെന്ന് അവർക്ക് മനസിലായി. ഷോയിൽ നിന്നും ഇറങ്ങിയ ശേഷം അന്തം വിട്ട് പോയി. അത്രത്തോളം ആളുകൾ നമ്മളെ ഇഷ്ടപ്പെട്ടു. മനോഹരമായൊരു യാത്രയായിരുന്നു ബിഗ് ബോസ്”, എന്നാണ് നൂറ പറഞ്ഞത്.
"നമ്മളെ പോലുള്ളവർക്ക് വീട് വിട്ടിറങ്ങുമ്പോൾ സ്വന്തം കാലിൽ നിൽക്കണമെങ്കിൽ വിദ്യാഭ്യാസം ആവശ്യമാണ്. വളരെ പ്രധാനമാണത്. ഞങ്ങൾ വലിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ നേരിടാത്തതിന് കാരണവും അത് തന്നെയാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ ജോലി ഉണ്ടായിരുന്നു", എന്നും നൂറ കൂട്ടിച്ചേർത്തു. സിനി സ്റ്റാർ മീഡിയയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ