
മുന്‍ സീസണുകളേക്കാളൊക്കെ നാടകീയമാണ് ഒരു മാസം പിന്നിടാനൊരുങ്ങുമ്പോള്‍ത്തന്നെ ബിഗ് ബോസ് ബോസ് മലയാളം എട്ടാം സീസണ്‍. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവുമധികം മത്സരാര്‍ഥികള്‍ എവിക്റ്റ് ആയി പോയിരിക്കുന്നതും ഈ സീസണില്‍ ആണ്. ആറ് മത്സരാര്‍ഥികളുടെ മാസ് എവിക്ഷന് ശേഷം നാല് വൈല്‍ഡ് കാര്‍ഡുകള്‍ കൂടി എത്തിയത് പ്രേക്ഷകരെ സംബന്ധിച്ച് ആവേശകരമായ ദിനങ്ങളാണ് ഹൗസില്‍ സമ്മാനിക്കുന്നത്. അടുത്തത് എന്ത് സംഭവിക്കുമെന്നോ ഗെയിം എങ്ങോട്ട്, ആരുടെ ദിശയില്‍ നീങ്ങുമെന്നോ പ്രവചിക്കാന്‍ സാധിക്കാത്ത ദിനങ്ങളാണ് ഇത്. ഇന്ന് ഒരാള്‍ക്ക് ഒരു സീക്രട്ട് ടാസ്കും ബിഗ് ബോസ് നല്‍കി.
പുതിയ വൈല്‍ഡ് കാര്‍ഡുകളായി എത്തിയവരില്‍ ഒരാളായ വിപിന്‍ ദാസിനാണ് ബിഗ് ബോസ് സീക്രട്ട് ടാസ്ക് നല്‍കിയത്. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് വിപിനെ ഈ രഹസ്യദൗത്യം ഏല്‍പ്പിച്ചത്. ഹൗസിലേക്ക് രണ്ട് പുതിയ അതിഥികള്‍ വരുന്നുണ്ടെന്നും എത്തുന്നത് വരെ മൂന്ന് നേരമെന്ന നിലയില്‍ അവര്‍ക്കുള്ള ഭക്ഷണം രഹസ്യമായി എത്തിച്ച് നല്‍കണമെന്നുമാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇത് വിപിന്‍ അടക്കമുള്ള, ലീഡര്‍മാരായ നാല് വൈല്‍ഡ് കാര്‍ഡുകളല്ലാതെ മറ്റൊരു മത്സരാര്‍ഥിയും അറിയരുതെന്നും ബിഗ് ബോസ് ആവശ്യപ്പെട്ടു. എന്നാല്‍ അതിഥികള്‍ എന്നല്ലാതെ ശരിക്കും ഭക്ഷണം ആര്‍ക്കെന്ന വിവരം ബിഗ് ബോസ് പറഞ്ഞില്ല.
ശരിക്കും അഞ്ജലിക്കും മൃദുലയ്ക്കുമുള്ള ഭക്ഷണമാണ് അവരോട് നല്‍കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ വാരാന്ത്യം മാസ് എവിക്ഷനില്‍ പുറത്തേക്ക് പോയെന്ന് ഹൗസിലുള്ളവര്‍ വിശ്വസിക്കുന്ന രണ്ട് പേരാണ് അവര്‍. നിലവില്‍ സീക്രട്ട് റൂമിലാണ് അഞ്ജലിയെയും മൃദുലയെയും ബിഗ് ബോസ് പാര്‍പ്പിച്ചിരിക്കുന്നത്. ഏതാനും ദിവസം ബിഗ് ബോസ് ടീം നല്‍കിയ ഭക്ഷണമാണ് അവര്‍ കഴിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ ഹൗസിലേക്ക് റീ എന്‍ട്രി നടത്തുന്നത് വരെ മത്സരാര്‍ഥികള്‍ പാകം ചെയ്യുന്ന ഭക്ഷണമാവും നിങ്ങള്‍ കഴിക്കേണ്ടി വരികയെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഈ ടാസ്ക് വിജയകരമായി പൂര്‍ത്തിയാക്കുന്നപക്ഷം വീടിന്‍റെ ഗതി തന്നെ മാറ്റാനാവുന്ന സ്പെഷല്‍ പവര്‍ നിലവിലെ ലീഡര്‍മാര്‍ക്ക് ലഭിക്കുമെന്നാണ് ബിഗ് ബോസ് വിപിനെ അറിയിച്ചത്. ഇനി ടാസ്കില്‍ തോല്‍ക്കുന്നപക്ഷം ദോഷകരമായി ബാധിച്ചേക്കാവുന്ന അനന്തരഫലം നേരിടേണ്ടിവരുമെന്നും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ