Bigg Boss 4 : 'ഉപവാസം പ്രധാനമെന്ന് പറയുന്ന ബ്ലെസ്‍ലിക്ക് എന്തിന് ഇത്രയും ആഹാരം'? ചോദ്യവുമായി റിയാസ്

Published : May 24, 2022, 12:00 AM IST
Bigg Boss 4 : 'ഉപവാസം പ്രധാനമെന്ന് പറയുന്ന ബ്ലെസ്‍ലിക്ക് എന്തിന് ഇത്രയും ആഹാരം'? ചോദ്യവുമായി റിയാസ്

Synopsis

ക്യാപ്റ്റന്‍സി ടാസ്‍കിന്‍റെ ഫലത്തെച്ചൊല്ലിയും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) പ്രധാന മത്സരാര്‍ഥികളില്‍ ഒരാളാണ് ബ്ലെസ്‍ലി. ഗായകനും സംഗീത സംവിധായകനുമൊക്കെയായ ബ്ലെസ്‍ലി ഈ സീസണിലെ മികച്ച ഗെയിമറുമാണ്. തന്‍റേതായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളുമൊക്കെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്ന ബ്ലെസ്‍ലി ചിലപ്പോഴൊക്കെ മറ്റു മത്സരാര്‍ഥികളാല്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്. ഇന്നത്തെ എപ്പിസോഡില്‍ റിയാസ് സലിം ആണ് അത്തരത്തില്‍ ഒരു വിമര്‍ശനം ഉന്നയിച്ചത്.

ഞായറാഴ്ച ദിവസം ബ്ലെസ്‍ലിയും റിയാസുമുള്‍പ്പെടെയുള്ളവര്‍ അത്താഴം കഴിക്കുന്ന സമയത്തായിരുന്നു ഇത്. ബ്ലെസ്‍ലി ഇന്ന് ചോറ് കുറച്ചേ എടുത്തുള്ളോ എന്ന് ദില്‍ഷ ചോദിച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അതെന്താണ് അത്ഭുതത്തോടെ ചോദിക്കുന്നതെന്നായിരുന്നു റിയാസിന്‍റെ മറുചോദ്യം. തമാശരൂപേണ അതിന് മറുപടി പറഞ്ഞത് തൊട്ടപ്പുറത്ത് ഇരുന്ന സുചിത്രയായിരുന്നു. സാധാരണ ബ്ലെസ്‍ലി ചോറെടുത്താല്‍ അവനെ കാണാന്‍ കഴിയില്ലെന്ന് സുചിത്ര പറഞ്ഞു. തുടര്‍ന്നാണ് റിയാസ് വിമര്‍ശനസ്വരത്തോടെ തന്‍റെ ചോദ്യം ഉയര്‍ത്തിയത്.

ഉപവാസത്തെക്കുറിച്ച് പ്രസംഗിക്കാറുള്ള, ആഹാരം കൂടുതല്‍ കഴിച്ചാല്‍ ഡിപ്രഷന്‍ ഉണ്ടാവുമെന്ന് പറയുന്ന ബ്ലെസ്‍ലി എന്തിനാണ് ഇത്രയും ആഹാരം കഴിക്കുന്നത് എന്നായിരുന്നു റിയാസിന്‍റെ ചോദ്യം. വാക്കും പ്രവര്‍ത്തിയും രണ്ടാണോ എന്ന അര്‍ഥത്തിലായിരുന്നു ആ ചോദ്യം. എന്നാല്‍ ആഹാരം കൂടുതല്‍ കഴിച്ചാല്‍ ഡിപ്രഷന്‍ ഉണ്ടാവുമെന്നല്ല താന്‍ പറഞ്ഞതെന്നും മറിച്ച് ആഗ്രഹം കൂടുമെന്നാണ് പറഞ്ഞതെന്നും ബ്ലെസ്‍ലി തിരുത്തി. എന്നാലും വിടാനുള്ള ഭാവത്തിലായിരുന്നില്ല റിയാസ്. തുടര്‍ന്ന് തന്‍റെ ഭാഗം കൂടുതല്‍ ന്യായീകരിക്കാനും വിശദീകരിക്കാനും ബ്ലെസ്‍ലി ശ്രമിച്ചു. ഏറെക്കാലമായി ഉപവാസം പരിശീലിക്കുന്ന ആളാണ് ഞാന്‍. അതിന്‍റെ ഫലം അനുഭവിക്കുന്ന ആളുമാണ് ഞാന്‍. ഒരു സ്ഥലത്ത് ചെല്ലുമ്പോള്‍ അവിടുത്തെ കാര്യങ്ങള്‍ ശീലിക്കണം. മറ്റുള്ളവരുടെ ശീലങ്ങള്‍ പിന്തുടര്‍ന്നാലേ അവരുമായി ഒരു സൌഹൃദം പോലും ഉണ്ടാക്കാന്‍ പറ്റൂ. അല്ലെങ്കില്‍ ഇതുപോലെ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടുപോകും. അതിനാലൊക്കെയാണ് താന്‍ ഇപ്പോള്‍ ഭക്ഷണം ഒഴിവാക്കാത്തതെന്ന് ബ്ലെസ്‍ലി വിശദീകരിച്ചു.

റോബിനും റിയാസിനുമിടയിലുള്ളതുപോലെയുള്ള പൊട്ടിത്തെറികള്‍ അധികം ഉണ്ടായിട്ടില്ലെങ്കിലും സ്വരച്ചേര്‍ച്ചയുള്ള ഒരു ബന്ധമില്ല റിയാസിനും ബ്ലെസ്‍ലിക്കുമിടയില്‍. വൈല്‍ഡ് കാര്‍ഡ് ആയി വന്ന സമയത്തുതന്നെ തന്‍റെ എതിരാളികളില്‍ ഒരാളായാണ് ബ്ലെസ്‍ലിയെക്കുറിച്ച് റിയാസ് പറഞ്ഞിരുന്നത്. പിന്നീട് പലപ്പോഴും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങളും ഉണ്ടായി. തൊട്ടുമുന്നിലത്തെ ക്യാപ്റ്റന്‍സി ടാസ്‍കിലും അത് സംഭവിച്ചിരുന്നു. ബ്ലെസ്‍ലിയും റിയാസും റോബിനുമായിരുന്നു ക്യാപ്റ്റന്‍സി ടാസ്കിനെ മത്സരാര്‍ഥികള്‍. മുഴുവന്‍ മത്സരാര്‍ഥികളെയും ഭാഗഭാക്കാക്കിക്കൊണ്ടുള്ള രസകരമായ ഒരു ടാസ്ക് ആണ് ബിഗ് ബോസ് സംഘടിപ്പിച്ചത്. സുചിത്രയായിരുന്നു വിധികര്‍ത്താവ്. വിജയി ആരെന്നതിനെച്ചൊല്ലി വലിയ തര്‍ക്കം നടന്ന ടാസ്കില്‍ ബ്ലെസ്‍ലിയെയാണ് അന്തിമ വിജയിയായി സുചിത്ര പ്രഖ്യാപിച്ചത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്