Bigg Boss : കുട്ടി അഖിലിന്റെ സ്വപ്‍നം യാഥാര്‍ഥ്യമാക്കി മോഹൻലാല്‍, തൊട്ടുനോക്കി ശാലിനി, ബിഗ് ബോസ് കളറാകും!

Web Desk   | Asianet News
Published : Mar 27, 2022, 11:57 PM ISTUpdated : Mar 28, 2022, 12:48 AM IST
Bigg Boss : കുട്ടി അഖിലിന്റെ സ്വപ്‍നം യാഥാര്‍ഥ്യമാക്കി മോഹൻലാല്‍, തൊട്ടുനോക്കി ശാലിനി, ബിഗ് ബോസ് കളറാകും!

Synopsis

മോഹൻലാലിനെ കെട്ടിപ്പിടിച്ചും  അഭിമുഖം ചെയ്‍തും ബിഗ് ബോസ് മത്സരാര്‍ഥികള്‍.

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ ഗംഭീരമായി തുടങ്ങിയിരിക്കുന്നു. ബിഗ് ബോസ് വീട്ടിനെ വിപുലമായി പരിചയപ്പെടുത്തിയായിരുന്നു മോഹൻലാല്‍ ഷോയ്‍ക്ക് തുടക്കമിട്ടത്. സംഗതി കളറാകുന്ന എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ടെന്ന് മോഹൻലാല്‍ തുടക്കത്തിലേ പറഞ്ഞു. ഒടുവില്‍ ഒന്നിനൊന്നു വ്യത്യസ്‍ത കാഴ്‍ചപ്പാടുകളുള്ള 17 പേരെ മത്സരാര്‍ഥികളെ മോഹൻലാല്‍ പ്രേക്ഷകരെ പരിചയപ്പെടുത്തുകയും ചെയ്‍തു.

മിനി സ്‍ക്രീനിലൂടെ പ്രിയങ്കരനായി മാറിയ നവീൻ അറക്കലിനേയാണ് മോഹൻലാല്‍ ആദ്യം ബിഗ് ബോസ് വീട്ടിലേക്ക് അയച്ചത്. ഫിറ്റ്നസ് ഫ്രീക്കായ താരം എന്നാണ് പൊതുവില്‍ നവീന്‍ അറിയപ്പെടുന്നത് തന്നെ.  ജിം നിവിന് ആകര്‍ഷണവുമാണെന്നത് ആരാധകര്‍ക്കും അറിയാവുന്ന കാര്യമാണ്. മോഹൻലാലും അക്കാര്യത്തെ കുറിച്ച് തന്നെ നിവിനോട് അന്വേഷിച്ചു. ജിം ഇല്ലെന്നാ തോന്നുന്നത് എന്ന് തമാശരൂപേണയാണ് മോഹൻലാല്‍ നിവിനോട് പറഞ്ഞത്. ബിഗ് ബോസ് വീട്ടില്‍ പ്രവേശിച്ച നവീൻ ജിം സൗകര്യം കണ്ടപ്പോള്‍ സന്തോഷിക്കുന്നതു കണ്ടോയെന്ന് മോഹൻലാല്‍ പ്രേക്ഷകരോടും പറഞ്ഞു.

നടി ജാനകി സുധീറായിരുന്നു ബിഗ് ബോസിലേക്ക് രണ്ടാമതായി എത്തിയത്. ഒരുപാട് കഷ്‍ടപ്പാടുകള്‍ സഹിച്ച് സ്വന്തം സ്വപ്‍നത്തെ പിന്തുടരാൻ ശ്രമിക്കുന്ന മത്സരാര്‍ഥിയാണ് ജാനകി സുധീറെന്ന് മോഹൻലാല്‍ പരിചയപ്പെടുത്തി. കൊച്ചിയില്‍ താമസിച്ച്  തന്റ സിനിമാ സ്വപ്‍നം പിന്തുടരുന്ന ജാനകി സുധീറിനും എല്ലാവിധ ആശംസകളും നേര്‍ന്ന് മോഹൻലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് പറഞ്ഞയച്ചു. തന്റ അഭിപ്രായങ്ങള്‍ ബിഗ് ബോസിലും തുറന്നുപറയുമെന്നും ആര്‍ക്കെങ്കിലും താൻ പ്രചോദനമായി മാറിയാല്‍ അത് വലിയ കാര്യമാണെന്നും ജാനകി സുധീര്‍ പ്രേക്ഷകരോടായി പറഞ്ഞു.

Read More : സംഗതി കളറാക്കാന്‍ എത്തിയ 17 പേര്‍; ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികള്‍ ഇവരാണ്

ലക്ഷ്‍മി പ്രിയയെയായിരുന്നു അടുത്തതായി ബിഗ് ബോസ് വീട്ടിലേക്ക് മോഹൻലാല്‍ ക്ഷണിച്ചത്. ഒരു ചേച്ചിയെ പോലെ എല്ലാവരുടെയും സ്‍നേഹം ലക്ഷ്‍മി പ്രിയ സ്വന്തമാക്കട്ടേയെന്ന് എന്ന് മോഹൻലാല്‍ പറഞ്ഞു. തന്റെ മകള്‍ക്ക് മോഹൻലാലിനെ വലിയ ഇഷ്‍ടമാണെന്ന് ലക്ഷ്‍മി പ്രിയയും പറഞ്ഞു. ദേഷ്യപ്പെടുന്ന ആളാണെന്ന് തോന്നുവെന്ന് പറഞ്ഞ് മോഹൻലാല്‍ ലക്ഷ്‍മി പ്രിയയെ വീട്ടിലേക്ക് അയച്ചു.

മോട്ടിവേഷണല്‍ സ്‍പീക്കറുമായ ഡോ. റോബിൻ രാധാകൃഷ്‍ണനായിരുന്നു അടുത്ത മത്സരാര്‍ഥി. ഇതാദ്യമായിട്ടാണ് ഒരു ഡോക്ടര്‍ ബിഗ് ബോസിലേക്ക് എത്തുന്നതെന്ന് പറഞ്ഞ് മോഹൻലാല്‍ ആ സന്തോഷം പങ്കുവെച്ചു. താൻ ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ക്ക് 'പേഷ്യന്റ്' (patient) ഇല്ല അല്ലേ എന്ന് മോഹൻലാല്‍ തമാശ പറഞ്ഞു. എല്ലാവര്‍ക്കും ഡോക്ടറുടെ സേവനം ലഭിക്കുമല്ലോ എന്ന ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നായിരുന്നു ഡോ. മച്ചാൻ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന റോബിൻ രാധാകൃഷ്‍ണന്റെ മറുപടി. ഡോ. മച്ചാൻ എന്ന് അറിയപ്പെടുമെന്ന് കണ്ണാടി നോക്കി പറഞ്ഞത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. മോഹൻലാല്‍ തന്നെ അങ്ങനെ വിളിച്ചിരിക്കുന്നു. ഒന്ന് ഹഗ് ചെയ്‍തോട്ടോയെന്ന് അഭ്യര്‍ഥിച്ച റോബിൻ രാധാകൃഷ്‍ണനെ മോഹൻലാലും ചേര്‍ത്തുപിടിച്ചതോടെ സംഭവം രസകരമായി.

കോമഡി സ്‍കിറ്റുകളിലൂടെ പ്രിയം നേടിയ കുട്ടി അഖിലിനും ഗംഭീര വരവേല്‍പായിരുന്നു. മനോഹരമായി ഡാൻസ് കളിച്ച് കുട്ടി അഖില്‍ ബിഗ് ബോസ് ഫ്ലോറിലേക്ക് എത്തി. ബോംബെ ഡാൻസര്‍ക്കൊപ്പം ചുവടുകള്‍ വയ്‍ക്കുമെന്ന തന്റെ ഒരു സ്വപ്‍നം യാഥാര്‍ഥ്യമായെന്ന് കുട്ടി അഖില്‍ പറഞ്ഞു. അടുത്ത സ്വപ്‍നം യാഥാര്‍ഥ്യമാകണമെങ്കില്‍ മോഹൻലാല്‍ സമ്മതിക്കണം എന്നും പറഞ്ഞു. മോഹൻലാലിനെ കെട്ടിപ്പിടിക്കും എന്നായിരുന്നു രണ്ടാമത്തെ സ്വപ്‍നം. മോഹൻലാല്‍ കെട്ടിപ്പിടിച്ചതോടെ ആ സ്വപ്‍നവും യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തോടെയായിരുന്നു കുട്ടി അഖില്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ചര്‍ച്ചയായ സൂരജ് തേലക്കാടിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മനോഹരമായി ഡാൻസ് ചെയ്‍ത് വന്ന സൂരജിനെ സന്തോഷത്തോടെ മോഹൻലാല്‍ സ്വീകരിച്ചു. എന്തുകൊണ്ടാണ് സൂരജിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് എന്ന് മോഹൻലാല്‍ ചോദിച്ചു.  ഫിസിക്കല്‍ ടാസ്‍ക് തനിക്ക് ചെയ്യാൻ കഴിയുമോ എന്ന സംശയത്തിലായിരിക്കും ചര്‍ച്ച വന്നത് എന്ന് മോഹൻലാല്‍ പറഞ്ഞു. എന്തായാലും താൻ ചെയ്‍തു നോക്കും എന്തൊക്കെ പറ്റുമെന്ന് മോഹൻലാലിന് ഉറപ്പുനല്‍കിയാണ് സൂരജ് തേലക്കാട് ബാഗ് ബോസ് വീട്ടിലേക്ക് പോയത്.

കുടംബം മൊത്തം തമാശക്കാരാണ് എന്ന് പരിചയപ്പെടുത്തിയ ടെലിവിഷൻ അവതാരകയായ വി ജെ ശാലിനി ബിഗ് ബോസിലേക്ക് എത്തിയത്. ഊര്‍ജ്വസ്വലയായ മത്സരാര്‍ഥിയായിരിക്കും താൻ എന്ന് വി ജെ ശാലിനി ഉറപ്പുനല്‍കി. മോഹൻലാലിനെ കണ്ട അമ്പരപ്പില്‍ എന്തായിത് കാണുന്നത് ഒന്ന് തൊട്ടേട്ടെ എന്ന് ശാലിനി ചോദിച്ചു. മോഹൻലാലിന്റെ അനുവാദത്തോടെ ഒന്നു തൊടുകയും ചെയ്‍തു. മോഹൻലാലിനെ അഭിമുഖം ചെയ്യാൻ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് ശാലിനി പറഞ്ഞു.  മോഹൻലാല്‍ തന്നോട് ഒരു ചോദ്യം ചോദിക്കാൻ ശാലിനിയോട് പറഞ്ഞു. ലാലേട്ടന് ഒരുപാട് സുഹൃത്തുക്കളൊക്കെ ഉണ്ടായിരിക്കുമല്ലോ, സിനിമയില്‍ നല്ലതായി വരണമെന്ന് അന്നും ഇന്നും ഒരുപോലെ ആഗ്രഹിക്കുന്നത് ആരാണ് എന്നാണ് ശാലിനി ചോദിച്ചു, ഒരുപാട് സുഹൃത്തുക്കളുണ്ട്, അവര്‍ സിനിമയിലുമുണ്ട് എന്നായിരുന്നു മോഹൻലാല്‍ പറഞ്ഞു. എപ്പോഴും അവരുടെ സ്‍നേഹം ഉണ്ടെന്നും മോഹൻലാല്‍ പറഞ്ഞു.  

ആദ്യമായി ഒരു മജിഷ്യൻ ബിഗ് ബോസില്‍ എത്തുന്നുവെന്ന പ്രത്യേകതയുണ്ടെന്ന് പറഞ്ഞാണ് മോഹൻലാല്‍ അശ്വിൻ വിജയ്‍യെ ക്ഷണിച്ചത്. ആദ്യമായി ഒരു വിദേശ വനിതാ ബിഗ് ബോസ് വിന്നറാകുന്നത് സ്വപ്‍നം കണ്ടാണ് താൻ എത്തിയതെന്ന് അമേരിക്കൻ സ്വദേശിയും കേരളത്തില്‍ ജീവിക്കുകയും ചെയ്യുന്ന അപര്‍ണ മള്‍ബറി പറഞ്ഞു. മൊത്തം 17 മത്സരാര്‍ഥികള്‍ക്ക് മോഹൻലാല്‍ വിജയാശംസകള്‍ നേരുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്‍ത നാലാം സീസണ്‍ കളര്‍ഫുള്ളാക്കി.  ശാലിനി, ബ്ലെസ്സ്‍ലി, ഡെയ്‍സി ഡേവിഡ്, ജാസ്‍മിൻ മൂസ, അശ്വിൻ വിജയ്, നിമിഷ, സുചിത്ര നായര്‍, ദില്‍ഷ പ്രസന്നൻ, കുട്ടി അഖില്‍, ജാനകി ശ്രീധര്‍, സൂരജ് തേലക്കാട്, ധന്യ മേരി വര്‍ഗീസ്,ഡോ റോബിൻ രാധാകൃഷ്‍ണൻ, റോണ്‍സണ്‍ വിൻസെന്റ്, നവീൻ അറക്കല്‍, ലക്ഷ്‍മി പ്രിയ, അപര്‍ണ മള്‍ബറി എന്നിവരാണ് ഇത്തവണത്തെ ബിഗ് ബോസിലുള്ളത്.

ബിഗ് ബോസ് സീസണ്‍ ഒന്നില്‍ നിന്ന് ഇവിടെയെത്തി നില്‍ക്കുമ്പോള്‍ നോര്‍മല്‍ അല്ലാത്ത പലതും നോര്‍മലായിരിക്കുന്നു. നമുക്ക് ഓരോരുത്തര്‍ക്കും ഓരോ വ്യക്തിത്വങ്ങളുണ്ട്. അതാണ് നമ്മളെ കളറാക്കുന്നത്. പുതിയ നോര്‍മല്‍ എന്ന് പറഞ്ഞായിരുന്നു മോഹൻലാല്‍ ബിഗ് ബോസ് തുടങ്ങിയത്. ചിരിക്കുന്നത് നോര്‍മല്‍, ചിരിക്കാത്തത് നോര്‍മല്‍, പ്രണയിക്കുന്നതും പ്രണയിക്കാത്തതും നോര്‍മലാണ്.  ബ്രേക്ക് അപ് ആകുന്നത് നോര്‍മല്‍. ശരിക്കും പറഞ്ഞാല്‍ പുതിയ നോര്‍മല്‍ കാലമാണ്. ന്യൂ നോര്‍മല്‍ സീസണാണ് ഇത്തവണത്തേത് എന്ന് മോഹൻലാല്‍ പറഞ്ഞു. എന്തൊക്കെയായിരിക്കും ഇനി ബിഗ് ബോസില്‍ സംഭവിക്കുക എന്ന് കാത്തിരുന്നു കാണാം. എന്തായാലും സംഗതി കളര്‍ഫുളായിരിക്കും എന്നത് തീര്‍ച്ച.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ