മാറുന്ന കേരളത്തിന്‍റെ മുഖങ്ങളിലൊന്ന്; നാദിറ മെഹ്‍റിന്‍ ബിഗ് ബോസിലേക്ക്

By Web TeamFirst Published Mar 26, 2023, 9:38 PM IST
Highlights

സംസ്ഥാനത്ത് പിജി കോഴ്സിന് ചേരുന്ന ആദ്യ ട്രാന്‍സ് പേഴ്സണ്‍ വിദ്യാര്‍ഥിയായി ആയിരുന്നു നാദിറ

ഒരു കാലത്ത് കേരളത്തില്‍ ഏറ്റവുമധികം അവഗണനയും പരിഹാസവും കേള്‍ക്കേണ്ടിവന്നവരാണ് ട്രാന്‍സ് വിഭാഗത്തില്‍ പെടുന്ന മനുഷ്യര്‍. സമൂഹത്തിന്‍റെ കാഴ്ചപ്പാട് അടിമുടിയെന്ന് പറയാന്‍ ആയിട്ടില്ലെങ്കിലും പ്രതീക്ഷയുടെ വെളിച്ചം അവിടവിടെ ഉണ്ട്. തങ്ങളുടെ ലിംഗപരമായ അസ്തിത്വം തിരിച്ചറിഞ്ഞ് അത് തുറന്നുപറഞ്ഞ്, തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടുപോയ നിരവധി മനുഷ്യരാണ് ആ മാറ്റത്തിന്‍റെ പതാകാവാഹകരായത്. അതിലൊരാളാണ് നാദിറ മെഹ്റിന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഒരു മത്സരാര്‍ഥി നാദിറയാണ്.

ലിംഗപരമായ തന്‍റെ അസ്തിത്വം മറ്റുള്ളവര്‍ കരുതുന്നതുപോലെയല്ലെന്ന് നാദിറ ആദ്യമായി തിരിച്ചറിയുന്നത് കൗമാരകാലത്താണ്, 16-ാം വയസ്സില്‍. 17-ാം വയസ്സില്‍ അതിനെക്കുറിച്ച് മറ്റുള്ളവരോട് തുറന്നു പറയാനുള്ള ആര്‍ജ്ജവവും അവര്‍ക്കുണ്ടായി. ട്രാന്‍സ് മനുഷ്യര്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന കടുത്ത ജീവിത പ്രതിസന്ധികളിലൂടെ നാദിറയ്ക്ക് ആ പ്രായത്തിലേ കടന്നുപോകേണ്ടതായി വന്നു. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട നാദിറയുടെ ഏറ്റവും വലിയ ഭയം ബിരുദ പഠനം പൂര്‍ത്തിയാക്കാനാവുമോ എന്നതായിരുന്നു. എന്നാല്‍ ട്രാന്‍സ് സമൂഹം അവരെ ചേര്‍ത്തുപിടിച്ചു.

 

പില്‍ക്കാലത്ത് മലയാളി സമൂഹത്തിന്‍റെ ശ്രദ്ധയിലേക്ക് നാദിറ മെഹ്റിന്‍റെ പേര് കേള്‍ക്കുന്നത് ഒരു നേട്ടത്തിന്‍റെ പേരിലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിജിക്ക് ചേര്‍ന്നപ്പോഴായിരുന്നു അത്. സംസ്ഥാനത്ത് പിജി കോഴ്സിന് ചേരുന്ന ആദ്യ ട്രാന്‍സ് പേഴ്സണ്‍ വിദ്യാര്‍ഥിയായി അന്ന് നാദിറ. പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമായിരുന്ന നാദിറ യൂണിവേഴ്സിറ്റി കോളെജില്‍ എഐഎസ്എഫിന്‍റെ നേതൃസ്ഥാനത്തും ഉണ്ടായിരുന്നു. ഒരു കലാകാരിയെന്നും സ്വയം വിലയിരുത്തുന്ന നാദിറ പിന്നീട് കാലടി ശ്രീ ശങ്കര സര്‍വ്വകലാശാലയില്‍ നിന്ന് നാടകത്തില്‍ പിജിക്കും ചേര്‍ന്നു. ജേണലിസത്തിലാണ് നാദിറയുടെ ബിരുദം. ഭയമില്ലാതെ സ്വന്തം തെരഞ്ഞെടുപ്പുകളുടെ വഴിയേ സഞ്ചരിച്ച നാദിറ ബിഗ് ബോസിലും ശക്തമായ മത്സരം തീര്‍ക്കുമെന്നാണ് അവരെ അറിയാവുന്നവരുടെ പ്രതീക്ഷ.

ALSO READ : 'പോർക്കളം'; ഇത് ബിഗ് ബോസ് 5 ഹൗസ്, പ്രത്യേകതകള്‍ ഇങ്ങനെ

click me!