വീടുപണിക്ക് പോകുന്ന ശാരദയുടെ മോൾ ബിഗ് ബോസിലോ, നാട്ടുകാർ അങ്ങനെയാ: കണ്ണീരണിഞ്ഞ് നന്ദന

By Web TeamFirst Published Apr 10, 2024, 10:48 PM IST
Highlights

കഥ പറയുന്നതിനിടയിൽ കണ്ണീരണിഞ്ഞ നന്ദനയെ മറ്റുള്ളവർ സപ്പോർട്ട് ചെയ്യുന്നുമുണ്ടായിരുന്നു.  

ബി​ഗ് ബോസ് മലയാളം സീസണുകളിൽ മത്സരാർത്ഥികളുടെ ജീവിതം പറയുന്നൊരു സെക്ഷൻ ഉണ്ടാകാറുണ്ട്. അതിലൂടെയാണ് ഒപ്പമുള്ള മത്സരാർത്ഥികളും പ്രേക്ഷകരും ആ വ്യക്തിയെ കുറിച്ച് അറിയുന്നത്. അത്തരത്തിൽ വൈൽഡ് കാർഡ് ആയി എത്തിയ നന്ദനയാണ് ഇന്ന് തന്റെ കഥ പറഞ്ഞത്. 

"അക്കൗണ്ടിം​ഗ് പഠിക്കുകയാണ് ഞാൻ. ഒപ്പം ജോലിയും ചെയ്യുന്നുണ്ട്. വീട്ടിൽ അമ്മയും ചേച്ചിയും ഉണ്ട്. അച്ഛൻ മരിച്ചിട്ട് പതിനാല് വർഷം കഴിഞ്ഞു. അമ്മയാണ് നമ്മളെ കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിച്ചത്. സാമ്പത്തിക പ്രശ്നം കാരണം അച്ഛൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണ്. അമ്മ വീട്ട് പണിക്ക് പോകുന്ന ആളാണ്. ചെറുപ്പം മുതൽ ജോലിക്ക് പോകുന്ന ആളാണ് ഞാൻ. ഏഴിൽ പഠിക്കുമ്പോൾ കസിന്റെ ഒരു കടയിൽ ജോലിക്ക് പോകും. കാശ് ഉണ്ടാക്കണമെന്ന വാശിയാണ്. അച്ഛൻ ഇല്ലാത്ത വിഷമം അമ്മ ഇതുവരെ ഞങ്ങളുടെ കാര്യത്തിൽ കാണിച്ചിട്ടില്ല. കോർപ്പറേറ്റ് കോളേജിൽ ആയിരുന്നു ഡി​ഗ്രിക്ക് പഠിച്ചത്. ക്ലാസ് കഴിഞ്ഞിട്ട് ഞാൻ ജോലിക്ക് പോകും. ഡാൻസിന്റെ കോസ്റ്റ്യൂം വിൽക്കുന്ന കടയിൽ ഏഴ് വർഷം നിന്നു. അങ്ങനെ ഞാൻ സ്വന്തമായിട്ട് വണ്ടിയെടുത്തു. അവിടെ നിന്ന് അഞ്ച് ആറ് പവർ സ്വർണം ഞാൻ തന്നെ ഉണ്ടാക്കി. വീട്ട് പണിയെ താഴ്ത്തി കെട്ടുന്നവർ ഉണ്ടാകും. ഞാൻ ബി​ഗ് ബോസിൽ വന്നപ്പോൾ വീട്ടു ജോലിക്ക് പോകുന്ന ശാരദ​യുടെ മോൾ ബി​ഗ് ബോസിലോ എന്ന തരത്തിൽ എല്ലാവരും പറഞ്ഞിട്ടുണ്ടാകും. എന്റെ നാട്ടുകാർ അങ്ങനെയുള്ള ആൾക്കാരാണ്. ബി​ഗ് ബോസിൽ വൈൽഡ് കാർഡിന് സെലക്ട് ആയപ്പോൾ അച്ഛനെ ഓർത്ത് പോയി. ഒടുവിൽ ഇവിടെ എത്തി. ബി​ഗ് ബോസിനോട് ഒത്തിരി നന്ദി", എന്നാണ് നന്ദന പറഞ്ഞത്. കഥ പറയുന്നതിനിടയിൽ കണ്ണീരണിഞ്ഞ നന്ദനയെ മറ്റുള്ളവർ സപ്പോർട്ട് ചെയ്യുന്നുമുണ്ടായിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!