
ബിഗ് ബോസ് മലയാളം സീസൺ 7ലെ ഏറ്റവും ശ്രദ്ധേയായ മത്സരാർത്ഥിയായിരുന്നു ജിസേൽ. ഇംഗ്ലീഷും മലയാളവും കൂടി കലർന്ന സംസാരവും മറ്റുള്ളവരോടുള്ള ഇടപെടലുമല്ലാം ജിസേലിനെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റി. ആര്യനും ജിസേലും തമ്മിലുള്ള കോമ്പോയും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടോപ് 7ൽ എത്തുമെന്ന് വിധിയെഴുതപ്പെട്ടിരുന്നുവെങ്കിലും രണ്ടാഴ്ച മുൻപ് ജിസേലിന് ഷോയിൽ നിന്നും പുറത്ത് പോകേണ്ടി വന്നു. മലയാളികൾ തന്നെ ഏറ്റെടുത്തതിന് നന്ദി എന്നാണ് പുറത്തറിങ്ങിയ ശേഷം ജിസേൽ പറയുന്നത്.
"നല്ലൊരു എക്സ്പീരിയന്‍സ് ആണ് ബിഗ് ബോസ് എനിക്ക് തന്നത്. പുറത്തുവന്നിട്ടും ഒത്തിരി സ്നേഹം എനിക്ക് കിട്ടുന്നുണ്ട്. അതിൽ അതിയായ സന്തോഷം തോന്നുന്നു. മയാമീയിൽ ആയിരുന്നപ്പോഴാണ് ബിഗ് ബോസിലേക്ക് വിളിക്കുന്നത്. പ്രിപ്പറേഷനുകളൊന്നും ചെയ്യാൻ പറ്റിയില്ല. പുറത്ത് എന്താണ് നടക്കുന്നതെന്ന് നമുക്ക് പറയാനാകില്ല. ഞാൻ ഞാനായിട്ട് തന്നെയാണ് ഷോയിൽ നിന്നത്. ആര്യനുമായി കൂടുതൽ കണക്ഷനായത് എന്തിനാന്ന് അറിയല്ല. പക്ഷേ അവനുമായൊരു കെമിസ്ട്രി, ഇൻസ്റ്റന്റ് കെമിസ്ട്രി ഉണ്ടായിരുന്നു", എന്ന് ജിസേൽ പറയുന്നു.
"ഞാൻ പിആർ വച്ചില്ല അതാകും ഞാൻ ഔട്ട് ആയത്. അവിടെ എല്ലാവർക്കും പിആർ ഉണ്ട്. എനിക്ക് ഇല്ലായിരുന്നു. കാരണം ഇക്കാര്യത്തെ കുറിച്ച് അത്രകണ്ട് എനിക്ക് അറിയില്ലായിരുന്നു. ഹിന്ദി ബിഗ് ബോസിലും എനിക്ക് പിആർ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് പിആർ ഏറ്റവും പ്രധാനപ്പെട്ടതെന്ന് മനസിലാകുന്നത്. ഇനി പറഞ്ഞിട്ടും കാര്യമില്ല. എന്റെ മലയാളം അത്ര ശരിയല്ല. എന്നിട്ടും ആളുകൾക്ക് എന്നെ ഇഷ്ടപ്പെട്ടു. അതിന് വളരെയധികം നന്ദി", എന്നും ജിസേൽ പറയുന്നു.
അനുമോൾ ഉന്നയിച്ച ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ, "നമ്മൾ ശരിയാണെങ്കിൽ നമുക്ക് പേടിക്കണ്ട ആവശ്യമില്ല. ആ സമയത്തും എനിക്ക് ഒന്നും തോന്നിയില്ല. ഞാൻ ശരിയാണെന്ന് എനിക്കറിയാം", എന്നായിരുന്നു ജിസേലിന്റെ മറുപടി. അനീഷിനെ കുറിച്ചും ജിസേൽ സംസാരിക്കുന്നുണ്ട്. നല്ലൊരു ഗെയിമറാണ് അനീഷ്. ആദ്യ ദിവസം ഉപയോഗിച്ച സ്ട്രാറ്റജിയിൽ തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോകുന്നതെന്നും ജിസേല്‍ പറയുന്നുണ്ട്.