
സംപ്രേഷണം പുരോഗമിക്കുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒടിടിയിലും ടെലിവിഷനിലും നേടിയ ജനപ്രീതിയുടെ കണക്കുകള്‍ അവതരിപ്പിച്ച് ജിയോസ്റ്റാര്‍ സൗത്ത് ക്ലസ്റ്റര്‍ മേധാവി കൃഷ്ണന്‍ കുട്ടി. ടെലിവിഷനിലും ഡിജിറ്റലിലുമായി 136 ദശലക്ഷം മണിക്കൂര്‍ വാച്ച് ടൈം ആണ് സീസണ്‍ 7 ന് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചു. പ്രേക്ഷക പങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ടുള്ള റെക്കോര്‍ഡ് കുതിപ്പാണ് ഇതെന്നും അദ്ദേഹം പറയുന്നു.
“ജിയോ ഹോട്ട്സ്റ്റാറില്‍ പരമ്പരകളില്‍ ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ചത് ബിഗ് ബോസ് മലയാളം സീസണ്‍ 7 ന് ആണ്. ആദ്യ വാരാന്ത്യത്തില്‍ മാത്രം 12.6 കോടി മിനിറ്റിന്റെ ക്യുമുലേറ്റീവ് വാച്ച് ടൈം ആണ് ഷോ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 225% കൂടുതലാണ്. കണക്റ്റഡ് ടിവി ഏകദേശം 30% വാച്ച് ടൈം സംഭാവന ചെയ്തു. കഴിഞ്ഞ സീസണിനേക്കാള്‍ 154% വര്‍ധനവ്”. വലിയ സ്‌ക്രീനില്‍ കാണുന്നതിനുള്ള പ്രേക്ഷകരുടെ താത്പര്യമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കൃഷ്ണന്‍ കുട്ടി വിശദീകരിക്കുന്നു. “ടെലിവിഷനിലും ഗണ്യമായ വളര്‍ച്ചയുണ്ടായി, സീസണ്‍ 6 നെ അപേക്ഷിച്ച് ആദ്യ വാരാന്ത്യത്തില്‍ റേറ്റിംഗില്‍ 22% വര്‍ധനവുണ്ടായി. ലോഞ്ച് ചെയ്ത് ഒരു മാസം തികയുന്നതിനു മുമ്പ്, കേരളത്തിലെ ഏകദേശം 70% ടിവി പ്രേക്ഷകര്‍ ഷോ കണ്ടു. ഇത് ടിവിയിലും ഡിജിറ്റലിലുമായി 136 ദശലക്ഷം മണിക്കൂര്‍ വാച്ച് ടൈം നേടിത്തന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടിവിയില്‍ ഏകദേശം 10% വളര്‍ച്ചയും ഡിജിറ്റലില്‍ 35% വളര്‍ച്ചയുമുണ്ടായി”, അദ്ദേഹം പറഞ്ഞു.
“കാഴ്ചക്കാരുടെ പങ്കാളിത്തത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്, വോട്ടിംഗ് സീസണ്‍ 6 നെ അപേക്ഷിച്ച് 43% വര്‍ദ്ധിച്ചു (അഞ്ചാമത്തെ ആഴ്ചയുടെ അവസാനം 5.6 ദശലക്ഷം, മുന്‍പ് 3.9 ദശലക്ഷം ആയിരുന്നു). പ്രേക്ഷകര്‍ മുമ്പത്തേക്കാളും കൂടുതല്‍ സജീവമായി ഇതിന്റെ ഭാഗമാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്”, കൃഷ്ണന്‍ കുട്ടി വിശദീകരിച്ചു. “ജിയോസ്റ്റാറിന്റെ പ്രധാന കണ്ടന്റ് പീസുകളില്‍ ഒന്ന് ബിഗ് ബോസ് മലയാളമാണ്. ഈ ഷോ വിവിധ വിഷയങ്ങളില്‍ ദൈനംദിന സംഭാഷണങ്ങള്‍ക്ക് തുടക്കമിടുന്നതും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതുമാണ്. ഇരട്ട പ്ലാറ്റ്ഫോമുകളിലെ വിജയം വിപണിയില്‍ ജിയോസ്റ്റാറിന്റെ ബ്രാന്‍ഡ് മൂല്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു” - കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.