
ഒരുവർഷം നീണ്ടുനിന്ന കാത്തിരിപ്പിന് ഒടുവിൽ ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയും കഴിഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് പേർ തങ്ങളുടെ ആഗ്രഹങ്ങൾക്കായി പൊങ്കാല അർപ്പിച്ച് തിരികെ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. എപ്പോഴത്തേയും പോലെ ഇത്തവണയും ഒരുപാട് സെലിബ്രിറ്റികൾ പൊങ്കാല ഇടാൻ തലസ്ഥാന നഗരിയിൽ ഒത്തുകൂടി. അക്കൂട്ടത്തിലൊരാളാണ് ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ. കുഞ്ഞിലെ മുതൽ പൊങ്കാല ഇടാൻ വരാറുള്ള ആളാണ് താനെന്നാണ് അനുമോൾ പറഞ്ഞത്. തിരുവനന്തപുരം കാരിയായതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അനുമോൾ, ബിഗ് ബോസിൽ 100 ദിവസം നിൽക്കണമെന്ന് കഴിഞ്ഞ വർഷം ആറ്റുകാൽ അമ്മയോട് പറഞ്ഞിരുന്നുവെന്ന് പറഞ്ഞു.
"ഞാൻ എല്ലാവർഷവും പൊങ്കാല ഇടാറുള്ള ആളാണ്. എല്ലാവർഷത്തെയും പോലെ ഇത്തവണയും നല്ല തിരക്കാണ്. എല്ലാവരും ഒത്തുകൂടുന്നത് കാണുമ്പോൾ തന്നെ സന്തോഷമാണ്. തിരുവനന്തപുരം കാരിയായതിൽ ഒരുപാട് അഭിമാനിക്കുന്നു. ഒരു വർഷത്തെ കലണ്ടർ ആദ്യം കിട്ടുമ്പോൾ നോക്കുന്നത് ആറ്റുകാൽ പൊങ്കാല എന്നാണെന്നാണ്. പൊങ്കാല ദിവസം ഞാൻ വേറൊരു പരിപാടിയും കമ്മിറ്റ് ചെയ്യാറില്ല. എല്ലാവർഷവും ഓരോ ആഗ്രഹങ്ങൾ മനസിൽ വച്ചിട്ടാണല്ലോ പൊങ്കാല ഇടുന്നത്. ആ ആഗ്രഹത്തിന്റെ പുറത്ത് പ്രാർത്ഥിച്ച് പൊങ്കാല ഇടുന്നു. ആ ആഗ്രഹം അമ്മ സാധിച്ചു തരുന്നു. ഞാൻ ഭയങ്കര വിശ്വാസിയും ഭക്തയുമാണ്. ചെറിയ പ്രായം മുതൽ പൊങ്കാല ഇടാൻ തുടങ്ങിയ ആളാണ് ഞാൻ. അന്നൊക്കെ വെറുതെ ഇടുമായിരുന്നു. വലുതാകുംന്തോറും ആഗ്രഹങ്ങൾ പറയും. അത് അമ്മ സാധിച്ച് തരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്", എന്ന് അനുമോൾ പറഞ്ഞു.
ബിഗ് ബോസിൽ വിജയിക്കണമെന്ന ആഗ്രഹം പറഞ്ഞിരുന്നുവോ എന്ന ചോദ്യത്തിന്, "ബിഗ് ബോസ് വിജയി ആകണമെന്ന് പറഞ്ഞിരുന്നില്ല. ഷോയിൽ 100 ദിവസം നിൽക്കണം, എന്നെ നിർത്തണം എന്ന് കഴിഞ്ഞ വർഷം ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു. അത് നടന്നു. അതിന് മുന്നേ ഒരു ആഗ്രഹം ഉണ്ടായിരുന്നു, ഇത്തവണയും ഒരു ആഗ്രഹമുണ്ട്. അതെല്ലാം അമ്മ നടത്തി തരുമെന്ന് എനിക്ക് ഉറപ്പുണ്ട്", എന്നാണ് അനുമോൾ മറുപടി നൽകിയത്. ഏഷ്യാനെറ്റ് ഓൺലൈനിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ