
ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് മൃദുല വിജയ്. നടൻ യുവ കൃഷണയാണ് മൃദുലയുടെ ഭർത്താവ്. ഇത്തവണത്തെ ബിഗ് ബോസിലും മൃദുല മാറ്റുരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് കരഞ്ഞുകൊണ്ട് സംസാരിക്കുന്ന മൃദുലയുടെ വീഡിയോയും പുറത്തു വന്നിരുന്നു. ഹൗസിനുള്ളിൽ മൃദുല വളരെയധികം സമ്മർദത്തിലാണെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമായത്. ഇതിനിടെ ബിഗ് ബോസിൽ പോകുന്നതിനു മുൻപ് ഒരു യൂട്യൂബ് ചാനലിന് മൃദുല നൽകിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
എല്ലാവരെയും മിസ് ചെയ്യുമെങ്കിലും ബിഗ് ബോസിൽ മകളെ കാണാതിരിക്കുന്നതാകും ഏറ്റവുമധികം വിഷമിപ്പിക്കുക എന്നാണ് മൃദുല അഭിമുഖത്തിൽ പറയുന്നത്. ബിഗ് ബോസിലേക്ക് പോകുമ്പോൾ ആരെയായിരിക്കും ഏറ്റവുമധികം മിസ് ചെയ്യുക എന്ന ചോദ്യത്തിന് മൃദുല മറുപടി നൽകുന്നുണ്ട്. യുവയെ ആയിരിക്കുമോ മകൾ ധ്വനിയെ ആയിരിക്കുമോ ഏറ്റവുമധികം മിസ് ചെയ്യുക എന്നാണ് മൃദുല ചോദിക്കുന്നത്. ''രണ്ടു പേരെയും ഞാൻ മിസ് ചെയ്യും. പക്ഷേ, ചേട്ടന് എന്നെ മിസ് ചെയ്താലും അത് കൺട്രോൾ ചെയ്യാൻ അറിയാം.
പക്ഷേ, ധ്വനിക്ക് നാലു വയസേ ആയിട്ടുള്ളൂ. അവൾക്ക് അവളുടെ ഇമോഷനെ കൺട്രോൾ ചെയ്യാൻ അറിയില്ല. അവൾക്ക് ഒരു വയ്യായ്ക വന്നാൽ ഞാൻ എങ്ങനെ അറിയും? അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ വയറാണ് ആളുന്നത്. അവൾ എന്റെ വയറ്റിലല്ലേ കിടന്നത്. എല്ലാ അമ്മമാർക്കും അങ്ങനെയായിരിക്കും. ഞാൻ എന്റെ അനുഭവം പറയുന്നതാണ്. എന്റെ അച്ഛനും അമ്മയും അനിയത്തിയും ഏട്ടനുമൊക്കെ അവളെ നന്നായി നോക്കും. പക്ഷേ ഞാൻ അടുത്ത് ഉണ്ടാകില്ലല്ലോ. എന്നെ എപ്പോഴും പൊത്തിപ്പിടിച്ചാണ് ഇരിക്കുക. ആ ഒരു വിഷമം ഉണ്ട്'', എന്നായിരുന്നു മൃദുലയുടെ മറുപടി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ