
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിനും വാരാന്ത്യം നിര്‍ണായകമാണ്. മൂന്നാമത്തെ ആഴ്‍ചയിലും ഒരാള്‍ കൂടി വീടിന് പുറത്തേയ്‍ക്ക്. കലാഭവൻ സരിഗയാണ് ഇന്ന് പുറത്തായത്. നേരത്തെ മുൻഷി രഞ്‍ജിത്തും ആര്‍ജെ ബിൻസിയും വീട്ടില്‍ നിന്ന് പുറത്തായിരുന്നു.
ആരാണ് കലാഭവൻ സരിഗ?
കൊച്ചിൻ കലാഭവന്റെ മിമിക്രി താരം എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയ കലാഭവൻ സരിഗ സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത വ്യക്തിയാണ്. കോമഡി കൈകാര്യം ചെയ്തും അഭിനയിച്ചും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് അവർ സുപരിചിതയാണ്. മിമിക്രിയ്ക്ക് പുറമെ ടെലിവിഷനിലെ അറിയപ്പെടുന്ന മുഖമായതോടെയാണ് സരിഗയ്ക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്നത്.
സരിഗയുടെ കൊയിലാണ്ടി ഭാഷയും കോമഡി ടൈമിങ്ങും വോയ്സ് മോഡുലേഷനും അവരെ സ്റ്റേജ് ഷോകളിൽ തന്നെ വ്യത്യസ്തയാക്കി. കോമഡിക്ക് പുറമെ ഇമോഷണൽ റോളുകളും തനിക്ക് വഴങ്ങുമെന്ന് ടെലിവിഷൻ സീരിയലുകളിലൂടെയാണ് സരിഗ തെളിയിച്ചത്. നാടൻ പാട്ടുപാടി സ്റ്റേജിൽ ആവേശം തീർക്കുന്ന സരികയെയും പ്രേക്ഷകർ കണ്ടിട്ടുണ്ട്. സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന ഷോയിലൂടെ കുടുംബത്തെ കൂടി പരിചയപ്പെടുത്തിയതോടെ സരിഗ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സ്വന്തം ആളായി.
കലാഭവൻ്റെ തന്നെ കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നെഞ്ചുലഞ്ഞ് നിൽക്കുന്ന സരിഗയെയും പ്രേക്ഷകർ കണ്ടു. കരിയറിനന്റെ തുടക്കകാലത്ത് തനിക്ക് എല്ലാവിധ മാനസിക പിന്തുണയും നൽകിയത് സുബിയാണെന്ന് പറഞ്ഞ സരിഗ, സുബി അവർക്ക് പ്രചോദനവും റോൾമോഡലും ആയിരുന്നുവെന്നും പറഞ്ഞിരുന്നു.
മിമിക്രി കലാകാരന്മാരുടെ സ്റ്റേജ് മുതൽ മെയിൻസ്ട്രീം ടെലിവിഷൻ വരെയുള്ള പരിണാമവും വളർച്ചയും അടയാളപ്പെടുത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് സരിഗ. മൂന്നു വയസു മുതൽ പാട്ടും നൃത്തവും പഠിച്ചു തുടങ്ങിയ സരികയെ പുളിയഞ്ചേരി യുപി സ്കൂൾ ആണ് ഒരു കലാകാരിയാക്കിയതെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. നാട്ടിലും സ്കൂളിലും ചെറിയ പരിപാടികൾ അവതരിപ്പിച്ചാണ് തുടക്കം. കേരള സ്കൂൾ സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം കൂടി നേടിയതോടെ സരിഗ നാടിനു തന്നെ അഭിമാനമായി. ആൺകുട്ടികൾ കുത്തകയാക്കി വച്ചിരുന്ന ഒരു കലാ മേഖലയിൽ സരിഗയുണ്ടാക്കിയ നേട്ടം തന്നെയാണ് അവരെ ശ്രദ്ധേയയാക്കിയത്. ശേഷം കലാഭവനിൽ എത്തിയതോടെ സ്റ്റേജ് ഷോകളിൽ തിളങ്ങി.
സിനിമാല, വരൻ ഡോക്ടറാണ്, ഭാര്യമാർ സൂക്ഷിക്കുക, ലൗഡ് സ്പീക്കർ തുടങ്ങിയ ടെലിവിഷൻ പ്രോഗ്രാമുകളും സീരിയലുകളും സരിഗയെ പ്രേക്ഷകന് പ്രിയങ്കരിയാക്കി. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക