ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾ, ആദില-നൂറയുമായുള്ള സൗഹൃദത്തെക്കുറിച്ച് പ്രതികരിച്ചു. തനിക്ക് മുറിവുണങ്ങാൻ സമയം വേണമെന്നും, കാര്യങ്ങൾ പഴയപടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനുമോൾ പറഞ്ഞു.
ബിഗ് ബോസ് മലയാളം ഷോയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായി മാറിയവരാണ് ആദിലയും നൂറയും. ഷോയുടെ ചരിത്രത്തിലെ ആദ്യത്തെ ലെസ്ബിയൻ കപ്പിൾസായ ഇരുവരുടേയും അടുത്ത സുഹൃത്തായിരുന്നു അനുമോൾ. എന്നാൽ ഷോയുടെ അവസാന ലാപ്പിലേക്ക് എത്തിയപ്പോഴേക്കും മൂവരും പിരിഞ്ഞു. അനുമോൾ ഷോയ്ക്ക് വേണ്ടി തങ്ങളെ ഉപയോഗിക്കുകയാണെന്ന തരത്തിലടക്കം ഇവർ പറഞ്ഞത് ബിഗ് ബോസിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയായി മാറി. ഷോ കഴിഞ്ഞ ശേഷം പലപ്പോഴും ആദില-നൂറയെ കുറിച്ചുള്ള ചോദ്യങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിനൊന്നും കൃത്യമായ മറുപടി നൽകാൻ അനുമോൾ തയ്യാറായിട്ടില്ല. ഇപ്പോഴിതാ അവരുമായി വീണ്ടും കൂടിച്ചേരാൻ തനിക്ക് സമയം ആവശ്യമാണെന്ന് പറയുകയാണ് അനുമോൾ.
'ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഒരു തവണ ആദിലയേയും നൂറയേയും കണ്ടു. എനിക്ക് സമയം വേണം. ഹീലാവാന്‍ ടൈം വേണം. എല്ലാം ഓക്കെ ആവും. നമ്മളൊക്കെ മനുഷ്യന്‍മാരല്ലേ. എപ്പോഴും ദേഷ്യം വച്ചേണ്ടിരിക്കാന്‍ പറ്റില്ലല്ലോ. തെറ്റുകള്‍ ചെയ്യാത്ത മനുഷ്യന്മാരണ്ടോ. എല്ലാ മനുഷ്യരും തെറ്റ് ചെയ്തിട്ടുണ്ട്. എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. പഴയതുപോലെ ഓക്കെ ആവും. നല്ല കുട്ടികളാണ്', എന്നായിരുന്നു അനുമോളുടെ വാക്കുകൾ.
2025ൽ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7 നടന്നത്. ഇതിലെ മത്സരാർത്ഥികളായിരുന്നു അദിലയും നൂറയും അനുമോളും. ഇവർക്കൊപ്പം ശൈത്യയും ഉണ്ടായിരുന്നു. എന്നാൽ ഒരുഘട്ടത്തിൽ അനുമോൾക്കെതിരെ ശൈത്യ തിരിഞ്ഞതോടെ വലിയ പ്രശ്നങ്ങളാണ് ഷോയ്ക്ക് അകത്ത് നടന്നത്. പിആറിന്റെ നമ്പർ തനിക്ക് എഴുതി തന്നുവെന്ന് ആദില പറഞ്ഞതോടെ അനുമോൾക്കെതിരെ ഷോയിലെ പലരും തിരിഞ്ഞു. ഒടുവിൽ സീസണിന്റെ അവസാനം എല്ലാ മത്സാർത്ഥികളും എത്തിയപ്പോഴും ഇക്കാര്യം ചർച്ചയായി. എന്നാൽ ആദ്യം മുതൽ അവസാനം വരെ തന്റേതായ രീതിയിൽ ഗെയിമുകൾ കളിച്ച് മുന്നേറിയ അനുമോൾ സീസൺ 7ന്റെ വിന്നറായ ശേഷമാണ് പുറത്തുവന്നത്.



