
ബിഗ് ബോസ് മലയാളം ഷോ സീസൺ 7-ന്റെ വിജയിക്കുള്ള ട്രോഫി നടി അനുമോൾ ഏറ്റുവാങ്ങിയതോടെ നൂറു ദിവസം നീണ്ട മൽസരത്തിന് തിരശീല വീണിരിക്കുകയാണ്. എങ്കിലും അനുമോളെ അനുകൂലിച്ചും വിമർശിച്ചുമൊക്കെയുള്ള ചർച്ചകൾ ഇപ്പോഴും പുറത്ത് നടക്കുന്നുണ്ട്. ബിഗ്ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്റെ യൂട്യൂബ് ചാനലുമായി വീണ്ടും സജീവമാകുകയാണ് അനുമോൾ. എയര്‍പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയതു മുതല്‍ വീട്ടിലെത്തുന്നത് വരെയുള്ള വിശേഷങ്ങള്‍ നേരത്തെ അനുമോളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ബിഗ് ബോസ് ഫൈനലിന് ശേഷം ചെന്നൈയിലെ റൂമിൽ നിന്നുള്ള വീഡിയോ ആണ് അനുമോൾ ഏറ്റവുമൊടുവിൽ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അനുമോളുടെ ചേച്ചിയുടെ പ്രതികരണത്തിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നു പറഞ്ഞാണ് ചേച്ചി സംസാരിച്ചു തുടങ്ങിയത്. അനുമോൾക്കൊപ്പം സന്തോഷം പങ്കിടാൻ റൂമിൽ നെവിനും ലക്ഷ്‍മിയും ഒപ്പമുണ്ടായിരുന്നു. അനുമോളെക്കുറിച്ച് നെവിൻ നന്നായി സംസാരിച്ചപ്പോൾ ഇതൊക്കെ ഇവന്റെ അഭിനയമാണ്, ഇന്നലെ ഞാൻ വിന്നറായപ്പോൾ ഇവന്റെ മുഖത്ത് ഒരു എക്സ്പ്രഷനും ഉണ്ടായിരുന്നില്ലെന്നാണ് അനുമോൾ തമാശയായി പറഞ്ഞത്. എക്സ്പ്രഷനുണ്ടായിരുന്നത് ആരുടെയൊക്കെ മുഖത്താണെന്ന് ഞാൻ കണ്ടു എന്നും അനുമോൾ പറയുന്നുണ്ട്.
അനുമോളുടെ ചേച്ചി നാട്ടിൽ നിന്നു കൊണ്ടുവന്ന ഉണ്ണിയപ്പം നെവിനു കൊടുക്കുന്നതും ലക്ഷ്മിയെ തിരികെ യാത്രയാക്കുന്നതുമൊക്കെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെവിനെ അനുവിന്റെ ചേച്ചിക്ക് പരിചയപ്പെടുത്തിയപ്പോൾ ക്ഷമിക്കണം ചേച്ചീ, ബിഗ്ബോസിൽ അനുവും താനും ടോം ആൻഡ് ജെറി ആയിരുന്നു എന്നായിരുന്നു നെവിൻ തമാശരൂപേണ പറഞ്ഞത്.
ബിഗ് ബോസ് ട്രോഫിയും, നൂറ് ദിവസത്തെ ബിഗ് ബോസ് വാസത്തിന് ശേഷം തിരിച്ചു കൊണ്ടു പോകാനുള്ള ഡ്രസും മറ്റ് സാധനങ്ങളുമെല്ലാം പാക്ക് ചെയ്യുന്നതും അനു വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക