
വാക്ചാതുര്യം- ബിഗ് ബോസ് വീട്ടിൽ നിലനിൽക്കാൻ ഏറ്റവും കൂടുതൽ വേണമെന്ന് നമ്മൾ കരുതുന്നത് വാചകമടിച്ച് ആരെയും കയ്യിലെടുക്കാനും സ്വാധീനിക്കാനുമെല്ലാമുള്ള ആ കഴിവിനെയാണ്. അപ്പോൾ മലയാള ഭാഷയിൽ അത്രയൊന്നും ഫ്ലൂവൻസി ഇല്ലാത്ത ഒരാൾ ബിബി വീട്ടിലേക്ക് വന്നാലോ? തീർച്ചയായും അതൊരു ന്യൂനതയാണ് വാക്കുകൾ കൊണ്ട് അമ്മാനമാടുകയും വാചകക്കസർത്ത് നടത്തുകയും ചെയ്യുന്നവർക്കിടയിൽ ഒറ്റപ്പെടാനോ പരിഹാസപാത്രമാകാനോ ഒക്കെ ഇത് കാരണമായേക്കും. പക്ഷേ ഈ ധാരണകളെയെല്ലാം പാടെ തിരുത്തിക്കുറിക്കുന്നൊരു കണ്ടസ്റ്റന്റ് ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഉണ്ട്. ഭാഷ ഒരു പരിമിതിയാകുമോ എന്ന് ആശങ്കപ്പെട്ടവരോടെല്ലാം 'സ്റ്റെപ് ബാക്ക്' പറഞ്ഞുകൊണ്ട് ഗ്രാഫിൽ വമ്പൻ മുന്നേറ്റം നടത്തുന്ന ഒരു കണ്ടസ്റ്റന്റ്, ജിസേൽ തക്രാൾ.
മുംബൈയിൽ മോഡലായ ജിസേലിന്റെ 'അമ്മ ആലപ്പുഴക്കാരിയാണ്. അച്ഛൻ പഞ്ചാബിയും. അമ്മയും വല്യമ്മയും ചേർന്ന് വളർത്തിയ ജിസേൽ അത്ര ഒഴുക്കോടെയല്ലെങ്കിലും മലയാളം സംസാരിക്കുകയും നന്നായിത്തന്നെ മലയാളം മനസിലാക്കുകയും ചെയ്യും. നേരത്തെയും ബിഗ് ബോസിൽ മലയാള ഭാഷയിൽ പരിമിതിയുള്ള പലരും വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മത്സരാർത്ഥികളായെത്തിയ ജാൻമണി, സുരേഷ് നായർ, ശ്രീതു എന്നിവരെല്ലാം അത്ര നന്നായി മലയാളം കൈകാര്യം ചെയ്യാൻ അറിയാത്തതിന്റെ പ്രശ്നങ്ങൾ നേരിട്ടവരാണ്. അതുകൊണ്ടുതന്നെ ജിസേൽ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോൾ 'മലയാളം നന്നായി പറയാൻ അറിയാത്ത ഒരാളെങ്ങനെ മലയാളം ബിഗ് ബോസ് ഷോയിൽ തുടരും' എന്ന തരത്തിലെ ചോദ്യങ്ങൾ പ്രേക്ഷകർ ഉയർത്തിയിരുന്നു. ആദ്യ ആഴ്ചയിൽ ജിസേലിനെ നോമിനേറ്റ് ചെയ്യാൻ ഷാനവാസ് പറഞ്ഞ കാരണമാകട്ടെ ജിസേലിന്റെ വസ്ത്രധാരണമായിരുന്നു. മൊത്തത്തിൽ വീട്ടിൽ ഒറ്റപ്പെടാൻ സാധ്യതയുണ്ടോ എന്ന ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ടാണ് രണ്ടാം ദിനം ജിസേലിന്റെ വമ്പൻ മുന്നേറ്റം പ്രേക്ഷകർ കണ്ടത്.
ജിസേലിനെ ആക്റ്റീവ് ആക്കണം എന്ന് പറഞ്ഞുകൊണ്ട് അപ്പാനി ശരത്തും കൂട്ടരും അങ്ങോട്ടേക്ക് പോയത് മാത്രമേ ഓർമ്മയുള്ളൂ, പിന്നീട് അന്നത്തെ ദിവസം മുഴുവൻ കണ്ടത് ജിസേലിന്റെ 'വൺ വുമൺ ഷോ' ആണ്. ശരത്തിന്റെയും കൂട്ടരുടെ ഗ്രൂപ്പ് കളി ആദ്യം പരസ്യമായി ചോദ്യം ചെയ്ത ആളാണ് ജിസേൽ. ഒരു മാഫിയ സംഘത്തെപ്പോലെ ഇവർ പെരുമാറുന്നു എന്നും വീട്ടിലെ പലരെയും ലക്ഷ്യംവച്ച് കൂട്ടമായി ആക്രമിക്കുന്നു എന്നും കൃത്യമായി ജിസേൽ പറഞ്ഞു. എല്ലാവരോടും റൂഡ് ആയി പെരുമാറാറുള്ള ശരത്തിന് ജിസേലിനെ കൃത്യമായി പ്രതിരോധിക്കാനാവാതെ വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വെറുതെ ഒരുങ്ങാനല്ല ബിഗ് ബോസിൽ വന്നതെന്നും ഗെയിം കളിക്കണമെന്നുമുള്ള ശരത്തിന്റെ ക്ലാസിനെ ജിസേൽ നിമിഷനേരം കൊണ്ടാണ് പൊളിച്ചത്. നിങ്ങളെക്കാളൊക്കെ നന്നായി ബിഗ് ബോസ് എന്താണെന്ന് എനിക്കറിയാമെന്ന ജിസേൽ പറഞ്ഞതോടെ ശരത്തിനും പിന്നൊന്നും പറയാനില്ലാതെ ആയി.
അതിനുശേഷം അനുമോളുമായി ഉണ്ടായ രണ്ട് തർക്കങ്ങളിലും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു ജിസേലിന്റെ തഗുകളും നിലപാടും. മുംബയിൽ ജനിച്ചുവളർന്ന ജിസേലിന് വീടുവൃത്തിയാക്കൽ പോലെയുള്ള കാര്യങ്ങളിൽ വലിയ ധാരണയുണ്ടാകാൻ ഇടയില്ലെന്ന തരത്തിൽ പെരുമാറിയ അനുമോൾ അടക്കമുള്ളവരെ തുടർച്ചയായ കൗണ്ടറുകൾ കൊണ്ട് ജിസേൽ പിടിച്ചുകെട്ടി. അതിനുശേഷമുള്ള ചായയിടൽ വിഷയത്തിലും തന്റെ സ്റ്റാൻഡ് ആരെയും കൂസാതെ, വ്യക്തമായി അവർ പറഞ്ഞു.
ജിസേലിന്റെ മലയാളം അത്ര നല്ലതല്ലെന്ന് തരത്തിൽ അവരെ കോർണർ ചെയ്യാനാണ് വീട്ടിലെ പലരും പലപ്പോഴായി ശ്രമിച്ചത്. ജിസേൽ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കണമെന്നും വിചാരിക്കുന്ന അർത്ഥമല്ല അവ തരുന്നത് എന്നുമൊക്കെ സ്ഥാപിക്കാൻ പലരും ശ്രമിച്ചു. അപ്പോഴൊക്കെ ജിസേൽ ആവർത്തിച്ചുപറഞ്ഞത് 'മലയാളം അറിയാത്ത ഒരാളായി തന്നെ കണക്കാക്കരുത് എന്നും നന്നായിത്തന്നെ മലയാളം അറിയാം' എന്നുമാണ്. ഭാഷയുടെ പേരിൽ ജിസേലിനെ കൂട്ടമായി പരിഹസിക്കാനുള്ള പലരുടെയും ശ്രമങ്ങളെയും ജിസേൽ അവഗണിക്കുകായും കൂൾ ആയി ഡീൽ ചെയ്യുകയുമാണ് ചെയ്യുന്നത്. എവിടെയും അപ്പോളജെറ്റിക്കൽ പൊസിഷനിൽ നിൽക്കാതിരിക്കാൻ ജിസേൽ ശ്രമിക്കുന്നുണ്ട്.
ഹിന്ദി ബിഗ് ബോസ്, സർവൈവർ ഇന്ത്യ തുടങ്ങി പല സർവൈവൽ റിയാലിറ്റി ഷോകളുടെയും ഭാഗമായ വ്യക്തിയാണ് ജിസേൽ എന്നതുതന്നെയാണ് അവരുടെ ഏറ്റവും വലിയ അഡ്വാന്റേജ്. എങ്ങനെയാണ് ഇത്തരമൊരു റിയാലിറ്റി ഷോയിൽ നിലനിൽക്കേണ്ടത് എന്നതിനെക്കുറിച്ച് ജിസേലിന് കൃത്യമായ ധാരണകളുണ്ട്. വീട്ടിലെ മറ്റുള്ള മത്സരാർത്ഥികൾക്ക് ഇല്ലാത്തതും അതുതന്നെയാണ്.
ആവശ്യമില്ലാത്ത കാര്യങ്ങൾ തുടർച്ചയായി പറയുന്നതിനുപകരം തന്റെ പരിമിതമായ മലയാളത്തിൽ ജിസേൽ കൃത്യം കാര്യങ്ങൾ മാത്രമാണ് എപ്പോഴും പറയാറുള്ളത്. ഇതിലൂടെ ബിഗ് ബോസിൽ അനാവശ്യമായി ഒരുപാട് സംസാരിച്ചാൽ മാത്രമാണ് പിടിച്ചുനിൽക്കാനാവുക എന്ന കൺസപ്റ്റിനെ കൂടി പൊളിച്ചുകളയുന്നുണ്ട് അവർ.
ജിസേൽ വളരെ ബുദ്ധിപരമായി ഇടപെട്ടു എന്ന് തോന്നിയ മറ്റൊരു സാഹചര്യം ഷാനവാസുമായുള്ള ഡ്രസിങ് സംബന്ധിച്ച ചർച്ചയിലാണ്. കൺഫെഷൻ റൂമിൽ ജിസേലിനെ നോമിനേറ്റ് ചെയ്യാൻ വസ്ത്രധാരണം ചൂണ്ടിക്കാട്ടിയ ഷാനവാസ് പിന്നീട് ജിസേലിനോട് നേരിട്ടും ഇതുസംബന്ധിച്ച് സംസാരിക്കാനെത്തി. എന്നാൽ ഇതിനുമുമ്പ് പല സീസണുകളിലും കണ്ടതുപോലെയുള്ള ഒരു പ്രതികരണമായിരുന്നില്ല ജിസേൽ അവിടെ നടത്തിയത്. പകരം വളരെ സംയമനത്തോടെ ഷാനവാസ് പറയുന്നത് കേൾക്കുക മാത്രമാണ് ജിസേൽ ചെയ്തത്. സീസൺ 3 ൽ സന്ധ്യയും സീസൺ 4 ൽ നിമിഷയും അടക്കമുള്ള പലരും ഇത്തരമൊരു കോർണറിങ്ങിനെ പൊട്ടിത്തെറിച്ചും ദേഷ്യപ്പെട്ടും മറ്റും കൈകാര്യം ചെയ്തപ്പോൾ ജിസേൽ അതിനൊന്നും ശ്രമിച്ചില്ല. എന്തിനേറെ, എന്ത് വസ്ത്രം ധരിക്കണമെന്നത് എന്റെ സ്വാതന്ത്ര്യമാണ് എന്നുപോലും ജിസേൽ വാദിച്ചില്ല. പകരം ഈ വാദത്തെ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുന്നതുപോലെയായിരുന്നു ജിസേലിന്റെ പ്രതികരണം. വസ്ത്രധാരണം പോലെ ബാലിശമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജിസേലിനെ ഷാനവാസ് നോമിനേറ്റ് ചെയ്‌തെന്ന തരത്തിലെ പുറത്തെ ചർച്ചകൾ കാണുമ്പോൾ ജിസേലിന്റെ സ്റ്റാൻഡ് വളരെ കൃത്യമായിരുന്നു എന്നുതന്നെയാണ് മനസിലാക്കാനാവുന്നതും.
ഫിസിക്കൽ ടാസ്ക്കുകളിൽ ജിസേൽ നൽകുന്ന കമ്മിറ്റ്മെന്റും ഏറെ ശ്രദ്ധേയമാണ്. ഒരാഴ്ച രാത്രി വീടിനുപുറത്ത് കഴിയാൻ തെരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാൾ ജിസേൽ ആണ്. മറ്റുള്ള മൂന്നുപേരും ഉറങ്ങുമ്പോഴും ഉറങ്ങാതെ ഇരിക്കുന്ന ജിസേലിനെ ആണ് രാത്രി കണ്ടത്. കോയിനുകൾ എടുക്കാനുള്ള ടാസ്ക്കിലും ജിസേൽ നല്ല എഫർട്ട് ഇട്ടിരുന്നു. നല്ല ശാരീരികക്ഷമതയുള്ള ജിസേൽ മുന്നോട്ടുള്ള ഫിസിക്കൽ ടാസ്ക്കുകളിലും നല്ല പ്രകടനംതന്നെ കാഴ്ച വയ്ക്കുമെന്നാണ് മനസിലാക്കാനാവുക.
ഏതായാലും മലയാളം അത്രയൊന്നും അറിയാത്ത ഒരാളെന്ന് ജിസേലിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്‌തുകണ്ടതിന്റെ വില സഹമത്സരാർത്ഥികൾ ഉടൻതന്നെ നൽകേണ്ടിവരുമെന്ന് തന്നെയാണ് ഈ ഘട്ടത്തിൽ പറയാനാവുക.