
ബിഗ് ബോസ് സീസൺ 7 ൽ രണ്ട് ദിവസം കടന്നു പോയിരിക്കുകയാണ്. ഇത്തവണ 7 ന്റെ പണിയാണെന്ന് വല്യണ്ണൻ ഒരു സൂചന നൽകിയിരുന്നെങ്കിലും ഇജ്ജാതി പണി തുടക്കത്തിലേ കൊടുക്കുമെന്ന് നമ്മളാരും കരുതിക്കാണില്ല. പറഞ്ഞു വരുന്നത് ഇത്തവണത്തെ ടാസ്കുകളെ പറ്റിയാണ്. മിക്കപ്പോഴും ഒരു 60 ,70 ദിവസമൊക്കെ ആവുമ്പോൾ കൊടുക്കേണ്ട പണിയാണ് ബോസേട്ടൻ രണ്ടാം ദിവസം ആയപ്പോഴേക്കും കൊടുത്ത് തുടങ്ങിയത്. പുകഞ്ഞ കൊള്ളി പുറത്ത്. ഇതായിരുന്നു ടാസ്ക്. അതായത് ബി ബി ഹൗസിൽ നിന്നും പുറത്ത് പോകേണ്ട ആളുകളെ മത്സരാർത്ഥികൾക്ക് നോമിനേറ്റ് ചെയ്യാം. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ 4 പേർക്ക് വെള്ളിയാഴ്ച്ച വരെ ലൈറ്റ് ഓഫായാൽ പിന്നെ ഹൗസിനകത്തേയ്ക്ക് കയറാൻ പറ്റില്ല. പുറത്തിരിക്കണം. ഒരു കട്ടിലും കാണും. ഒരാൾക്ക് കട്ടിലിൽ കിടക്കാം. മറ്റ് മൂന്നുപേർ കട്ടിലിന്റെ പരിസരത്ത് തന്നെ ഉണ്ടായിരിക്കണം. ഇവരിൽ ആരെങ്കിലും ഉറങ്ങുന്ന സമയത്ത് ഹൗസിനകത്തുള്ള മത്സരാർത്ഥികൾക്ക് ഉറങ്ങുന്ന ആൾ അറിയാതെ പൊക്കിയെടുത്ത് അയാളെ റെഡ് സോണിൽ കൊണ്ടുപോയി വെക്കാം. അങ്ങനെ റെഡ് സോണിൽ കയറിയാൽ ഉറങ്ങിയ ആൾ ബി ബി ഹൗസിൽ നിന്നും പുറത്താകും. ഇതായിരുന്നു ടാസ്ക്.
ജിസേൽ, ഷാനവാസ്, ശൈത്യ, ബിൻസി എന്നിവരായിരുന്നു ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ 4 പേർ. ഷാനവാസും ബിൻസിയും കുറച്ച് സമയം കഴിഞ്ഞപ്പോഴേ ഉറങ്ങിത്തുടങ്ങി. എന്നാൽ ജിസേലും ശൈത്യയും ഉറങ്ങാതെ പിടിച്ച് നിന്നു. ഹൗസിനകത്തുള്ളവരും ഇവർ ഉറങ്ങുന്നുണ്ടോ എന്ന് നോക്കി നോക്കി നിന്നിരുന്നു. സരിഗ ഉറങ്ങിക്കിടക്കുന്ന ഷാനവാസിനെ പൊക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അപ്പാനി ശരത്തും ഒരു ട്രൈ നടത്തി നോക്കി. പക്ഷെ അതും നടന്നില്ല. എന്തായാലും ഇത്തവണത്തെ ടാസ്കുകളിൽ പോലും വൻ വെറൈറ്റിയുമായാണ് ബിഗ് ബോസ് എത്തിയിരിക്കുന്നത്. ഇക്കണക്കിനാണ് പോക്ക് എങ്കിൽ ഇനി അങ്ങോട്ടുള്ള ടാസ്കുകൾ ഒരുപക്ഷെ ഇതിനേക്കാൾ കടപ്പത്തിൽ ആവാനാണ് സാധ്യത. മത്സരാർഥികളിൽ എത്രപേർക്ക് ടാസ്കുകൾ എല്ലാം നന്നായി കളിച്ച് മുന്നേറാനാവുമെന്നതും ഒരു ചോദ്യചിഹ്നമാണ്.
ടാസ്കുകളിൽ മാത്രമല്ല കൗണ്ടറുകളിലും ഇത്തവണ ബോസേട്ടൻ കലക്കുന്നുണ്ട്. സ്പോട്ടിൽ മറുപടികൾ നൽകിയും ചോദ്യങ്ങൾ ചോദിച്ചും വല്യണ്ണൻ ഇത്തവണ സ്കോർ ചെയ്യുന്നുണ്ട്. ഒരു കാര്യം എന്തായാലും ഉറപ്പിക്കാം. സീസൺ 7 ലെ മത്സരാർത്ഥികൾക്ക് ബോസേട്ടൻ വെച്ചിരിക്കുന്ന പണികൾ ചെറുതല്ല. അതൊരു ഏഴ് ഏഴര പണിയാ....