
ബിഗ് ബോസ് സീസൺ 7 ഏഴാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. വലിയ സംഭവമല്ലെന്ന് തോന്നിയ പല മത്സരാർത്ഥികളും ഇപ്പോൾ കളിയുടെ ട്രാക്കിൽ എത്തിക്കഴിഞ്ഞു. അതിൽ പ്രധാനിയാണ് ആർ ജെ ബിൻസി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും ബിൻസി ശക്തയായ ഒരു മത്സരാർത്ഥി ആണോ അല്ലയോ എന്ന് പ്രേക്ഷകർക്ക് ഒരു സംശയമുണ്ടായിരുന്നു. എന്നാൽ താൻ അതിശക്തയായ മത്സരാർത്ഥി ആണെന്നാണ് ബിൻസി ഇന്നലത്തെ ഒരൊറ്റ ദിവസം കൊണ്ട് തെളിയിച്ചത്. നെവിനും ബിൻസിയുമായുള്ള തർക്കമാണ് അതിന് കാരണം. ജയിൽ നോമിനേഷനിൽ നെവിൻ ബിൻസിയെയാണ് നോമിനേറ്റ് ചെയ്തത്. എന്നാൽ അതിന് വാലിഡ് ആയ ഒരു കാരണമായിരുന്നില്ല നെവിൻ പറഞ്ഞത് എന്നായിരുന്നു ബിൻസിയുടെ വാദം. ബിൻസി നൈറ്റ് ടാസ്കിൽ പുറത്ത് കിടന്ന് കൂർക്കം വലിച്ച് ഉറങ്ങിയതുകൊണ്ടാണ് താൻ നോമിനേറ്റ് ചെയ്യുന്നത് എന്നാണ് നെവിൻ പറഞ്ഞത്. കരണമായിപ്പറയേണ്ടിയിരുന്നത് അതായിരുന്നില്ല എന്ന് ബിൻസി നെവിനോട് പറഞ്ഞതാണ് തർക്കത്തിന് തുടക്കമാവുന്നത്.
തനിക്ക് പറയാനുള്ളത് വളരെ കൃത്യവും ശക്തവുമായി പറയാൻ ബിൻസിക്ക് കഴിഞ്ഞെന്ന് മാത്രമല്ല, നിവിന്റെ വാദങ്ങളെ ശക്തമായി ചെറുക്കുകയും ചെയ്തു. ഉറങ്ങിയെങ്കിൽ അതെന്റെ ഗെയിം പ്ലാൻ, ഉറങ്ങിയ എന്നെ ഷോയിൽ നിന്ന് പുറത്തതാക്കാനുള്ള അവസരം കിട്ടിയിട്ടും നിങ്ങൾക്ക് അത് കഴിഞ്ഞില്ലല്ലോ ...അത് നിങ്ങളുടെ കഴിവ് കേട് എന്നാണ് ബിൻസി തിരിച്ചടിച്ചത്. പേക്കോലം കെട്ടി തോന്നിയതെല്ലാം വിളിച്ച് പറയാനുള്ള ഷോ അല്ല ബിഗ് ബോസ് എന്നും എടീ പോടീ എന്നൊക്കെ വീട്ടിലെ അമ്മയെയും പെങ്ങളെയും പോയി വിളിച്ചാൽ മതിയെന്നും ബിൻസി നെവിന് വാണിംഗ് നൽകി. ഇയാൾ ഇനി എന്നോട് സോറി പറയാൻ വരേണ്ടെന്ന് നെവിൻ പറഞ്ഞപ്പോൾ പോലും എന്റെ പട്ടി പോലും തന്നോട് സോറി പറയില്ലെന്ന നിലപാടാണ് ബിൻസി സ്വീകരിച്ചത്. നെവിനുമായി തർക്കിക്കുന്ന ബിൻസിയെ കണ്ടതും നേരത്തെ ബിൻസിയുടെ വായിൽ നിന്ന് കിട്ടിയത് കൈപ്പറ്റിയ ഷാനവാസ് അങ്ങോട്ട് ഇടിച്ച് കേറി വരികയുണ്ടായി. തർക്കിച്ച് തർക്കിച്ച് ഷാനവാസിന്റെ ശബ്ദം പോയെന്നല്ലാതെ ബിൻസി കുലുങ്ങിയിരുന്നില്ല. ഇവിടെ നെവിന്റെ അവസ്ഥയും അത് തന്നെയാണ്. ബിൻസിയോട് തർക്കിച്ച് നെവിന്റെ ശബ്ദം പോയത് മാത്രമേ മിച്ചമുണ്ടായുള്ളൂ.
സത്യത്തിൽ ഷോ തുടങ്ങുമ്പോൾ മറ്റ് മത്സരാർത്ഥികളെ വെച്ച് കമ്പയർ ചെയ്താൽ പ്രേക്ഷകർക്ക് വലിയ പരിചിത മുഖമായിരുന്നില്ല ബിൻസി. എന്നാൽ ആർ ജെ ബിൻസി ഇപ്പോൾ പ്രേക്ഷകമനസ്സിൽ കയറിപ്പറ്റുകയാണ്. ബിൻസി ശക്തയായ മത്സരാർത്ഥിയാണെന്ന സൂചനയാണ് ഈ ഒരാഴ്ച പിന്നിടുമ്പോൾ ബിഗ് ബോസ് വീട്ടിലെ കാഴ്ചകളിൽ നിന്നും പ്രേക്ഷകർക്ക് വായിച്ചെടുക്കാനാവുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ