
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയൽ താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇപ്പോൾ ബിഗ്ബോസ് മലയാളം സീസൺ 7 ലും മൽസരാർത്ഥിയായി എത്തിയിരിക്കുകയാണ് ബിന്നി. ബിഗ്ബോസിൽ ജീവിതകഥ പറയുന്ന ടാസ്കിൽ ബിന്നി സെബാസ്റ്റ്യൻ പറഞ്ഞ അനുഭവകഥ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നതായിരുന്നു.
തനിക്ക് മൂന്നു വയസ് പ്രായമുള്ളപ്പോൾ അമ്മ വിദേശത്തേക്ക് പോയതാണെന്നും അച്ഛനും ഒപ്പമില്ലായിരുന്നുവെന്നും ബിന്നി പറയുന്നു. ആകെയുള്ള സഹോദരൻ ഹോസ്റ്റലിലും. അതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ ഒറ്റപ്പെടലിന്റെ തീവ്രത അറിഞ്ഞ ആളാണ് താനെന്നും ബിന്നി പറയുന്നു.
''കുഞ്ഞുങ്ങൾ നല്ല രീതിയിൽ എത്തണമെന്ന് ആയിരുന്നു മമ്മിയുടെ ആഗ്രഹം. ലോൺ എടുത്താണ് മമ്മി കുവൈറ്റിലേക്ക് പോയത്. അവിടെ ഏകദേശം ഇരുപത്തിയഞ്ച് വർഷക്കാലം ജോലി ചെയ്താണ് എന്നെയും ചേട്ടനെയും മമ്മി പഠിപ്പിച്ചത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയത് മമ്മി ആയിരുന്നു. മമ്മിയും ഞാനും തമ്മിൽ കുട്ടിക്കാലത്ത് അത്ര കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നില്ല. അന്നൊന്നും എനിക്ക് അത്ര മിസ്സിംഗ് ഫീൽ ചെയ്തില്ല. പക്ഷെ ഒരു പെൺകുട്ടിക്ക് മമ്മിയുടെ സാന്നിധ്യം വേണ്ടിയിരുന്ന കാലത്താണ് അത് ഞാൻ തിരിച്ചറിയുന്നത്.
ഗൾഫിൽ എന്റെ മമ്മിക്ക് ഗദ്ദാമ ജോലിയാണ് കിട്ടിയത്. ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ മമ്മി ഞങ്ങളെ വളർത്തിയത്. കക്കൂസ് കഴുകിയും അവിടെയുള്ള ആളുകളുടെ വീടുകൾ ക്‌ളീൻ ചെയ്തും പലരുടെയും ആട്ടും തുപ്പും ഏറ്റുമാണ് മമ്മി ഞങ്ങളെ വളർത്താൻ വേണ്ടി ജോലി ചെയ്തത്'', ബിന്നി പറഞ്ഞു. തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ നിധിയാണ് ഭർത്താവ് നൂബിൻ എന്നും ബിന്നി കൂട്ടിച്ചേർത്തു.