ബിഗ് ബോസ് മലയാളം ഏഴാം സീസൺ അവസാനിച്ചതോടെ, എട്ടാം സീസണിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. മോഹൻലാൽ പുതിയ സീസൺ ഉണ്ടാകുമെന്ന് ഗ്രാന്‍റ് പിനാലെ വേദിയില്‍ വച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ഏഴാം സീസൺ ആയിരുന്നു മലയാളത്തിൽ കഴിഞ്ഞത്. ഇതിന് പിന്നാലെ പുതിയ സീസൺ 8 എപ്പോൾ തുടങ്ങുമെന്ന ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഈ സീസൺ നേരത്തെ ഉണ്ടാകുമെന്നാണ് ചർച്ചകളിൽ ഏറെയും പറയുന്നത്. ഇപ്പോഴിതാ സീസൺ 8നെ കുറിച്ച് വൈറലായ പിആർ വിനു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"ബിഗ് ബോസ് മാർച്ചിലോ, ഏപ്രിലിലോ ഉണ്ടാകുമെന്ന് ഞാൻ കേട്ടു. ലാലേട്ടന്റെ ഡേറ്റും ബാക്കി കാര്യങ്ങളും ഒക്കെയായി വരണം. കഴിഞ്ഞ സീസൺ ഏറെ വൈകിയാണ് വന്നത്. ഇത്തവണ അത് നേരത്തെ ആകാൻ ചാൻസ് ഉണ്ട്. മുൻ സീസണിലെ ശ്രദ്ധനേടിയ മത്സരാർത്ഥികളെ വച്ചുള്ള ബിഗ് ബോസ് അൾട്ടിമേറ്റ് ഈ വർഷം ഉണ്ടാകുമെന്നും റൂമറുകളുണ്ട്. അതെത്രത്തോളം ശരിയാണെന്ന് അറിയില്ല. ജനങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന ടിവി ഷോയാണ് ബിഗ് ബോസ്. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കുക എന്നതാണ് ഒരു ചാനലിന്റെ ഏറ്റവും വലിയ കടമ. ബിഗ് ബോസ് ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്നു. അത് കാണുന്നതാണ് ചിലർക്ക് കൺഫെർട്ടും റിലീഫുമൊക്കെ. ഒരു വർഷത്തിന്റെ മൂന്നിൽ ഒന്ന് ഷോയ്ക്ക് വേണ്ടി നൽകുന്നവരാണ്", എന്നാണ് വിനു ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്. എന്നാൽ ബിഗ് ബോസ് എന്ന് വരുമെന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.

മൂന്ന് മാസം നീണ്ടു നിന്ന ബിഗ് ബോസ് സീസൺ 7 നവംബറിൽ ആയിരുന്നു അവസാനിച്ചത്. ആർട്ടിസ്റ്റായ അനുമോൾ ആയിരുന്നു വിജയി. ഗ്രാന്റ് ഫിനാലെ വേദിയിൽ വച്ച് സീസൺ 8 ഉണ്ടാകുമെന്ന് അവതാരകനായി മോഹൻലാൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. "ഏഴിന്റെ പണി കഴിഞ്ഞു. അടുത്തത് എട്ടിന്റെ പണിയുമായി നമുക്ക് വീണ്ടും കാണാം", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. സീസണിൽ തിളങ്ങി നിന്ന സ്പൈ കുട്ടൻ എന്ന റോബോട്ടും മോഹൻലാലും തമ്മിൽ നടന്ന രസകമായ സംഭാഷണവും അന്ന് ശ്രദ്ധനേടിയിരുന്നു. സീസൺ 8ൽ താൻ മത്സരാർത്ഥിയായി വന്നോട്ടെ എന്ന് സ്പൈ കുട്ടൻ ചോദിച്ചെന്നായിരുന്നു മോഹൻലാൽ രസകരമായി പറഞ്ഞത്. "ആഹാ.. ആദ്യ മത്സരാർത്ഥി സെറ്റായല്ലോ", എന്ന് അന്ന് പ്രേക്ഷകർ കമന്റ് ചെയ്യുകയും ചെയ്തിരുന്നു.



