
തമിഴ് ബിഗ് ബോസ് സീസണ്‍ 9 ന്‍റെ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചു. വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ ദിവ്യ ഗണേശ് ആണ് ഇത്തവണത്തെ വിജയി. നടന്‍ ശബരിയാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. മറ്റൊരു ജനപ്രിയ മത്സരാര്‍ഥി ആയിരുന്ന വിക്രം സെക്കന്‍റ് റണ്ണര്‍ അപ്പും ആയി. 50 ലക്ഷം രൂപയും ഒരു എസ്‍യുവി കാറുമാണ് വിജയിയായ ദിവ്യ ഗണേശിന് ലഭിക്കുക. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിവ്യ ഗണേശ്. സുമംഗലി, ഭാഗ്യലക്ഷ്മി, മഹാനദി, അന്നം എന്നിവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ജനപ്രീതി നേടിയ സീരിയലുകള്‍.
വിജയ് സേതുപതി അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 9 ഒക്ടോബര്‍ 5 നാണ് ആരംബിച്ചത്. 105 ദിവസം നീണ്ട സീസണിനാണ് ആവേശകരമായ ഗ്രാന്‍ഡി ഫിനാലെയില്‍ വച്ച് ഇന്നലെ അവസാനമായത്. ബിഗ് ബോസ് സീസണുകളില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ അവസാന വാരങ്ങളിലേക്ക് എത്തിയപ്പോള്‍ കാണികളില്‍ വലിയ ആവേശമുണ്ടാക്കിയ സീസണ്‍ തന്നെയായിരുന്നു തമിഴ് സീസണ്‍ 9. ദിവ്യ, ശബരി, വിക്രം എന്നിവര്‍ക്കൊപ്പം ഔറോറ എന്ന മത്സരാര്‍ഥി കൂടി ചേര്‍ന്നതായിരുന്നു അവസാനത്തെ ടോപ്പ് ഫോര്‍.
രാമനാഥപുരം സ്വദേശിയാണ് 31 കാരിയായ ദിവ്യ ഗണേശ്. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ മോഡലിംഗിലേക്കും അഭിനയത്തിലേക്കും എത്താനുള്ള പരിശ്രമം തുടങ്ങിയ ആളുമാണ് അവര്‍. കേളടി കണ്മണി എന്ന സീരിയലിലൂടെ 2015 ലാണ് അവര്‍ ടെലിവിഷനിലേക്ക് എത്തുന്നത്. ഭാഗ്യരേഖ എന്ന പരമ്പരയിലൂടെ 2019 ല്‍ തെലുങ്ക് ടെലിവിഷനിലേക്കും അവര്‍ എത്തി. ബിഗ് ബോസിലെ ആത്മവിശ്വാസമുള്ള സാന്നിധ്യങ്ങളിലൊന്നായിരുന്നു ദിവ്യ. ഒപ്പം തമാശകള്‍ പൊട്ടിക്കാനും കൗണ്ടറുകള്‍ അഠുക്കാനുമുള്ള കഴിവ് അവര്‍ക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ഒപ്പം എതിരാളികളെ പലപ്പോഴും നിഷ്പ്രഭരാക്കുന്ന ഗെയിം പ്ലാനുകളും.
വൈല്‍ഡ് കാര്‍ഡ് ആയാണ് എത്തിയതെങ്കിലും വേഗത്തില്‍ തന്നെ കളം പിടിക്കാന്‍ ദിവ്യയ്ക്ക് സാധിച്ചിരുന്നു. ജനപ്രീതിയില്‍ ഇടിവ് തട്ടാതെ കാക്കാനായതിനാല്‍ ടൈറ്റില്‍ വിജയവും എളുപ്പമാക്കി. ആകെ 24 മത്സരാര്‍ഥികളാണ് തമിഴ് ബിഗ് ബോസ് സീസണ്‍ 9 ല്‍ പങ്കെടുത്തത്. ഇതില്‍ ജനപ്രിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന വിനോദ് മണി ടാസ്കില്‍ 17.6 ലക്ഷം രൂപയുമായി ഷോയ്ക്ക് പുറത്തേക്ക് പോയി. മലയാളം ബിഗ് ബോസ് സീസണ്‍ 7 ല്‍ എല്ലാ മത്സരാര്‍ഥികള്‍ക്കും പണം നേടാവുന്ന മണി വീക്ക് ആണ് നടത്തിയത്. എന്നാല്‍ ഇങ്ങനെ നല്‍കപ്പെട്ട തുക ടൈറ്റില്‍ വിജയിയുടെ ക്യാഷ് പ്രൈസില്‍ നിന്ന് അവസാനം കുറച്ചിരുന്നു. അങ്ങനെ വിജയിയായ അനുമോള്‍ക്ക് അവസാനം 42.55 ലക്ഷമാണ് ലഭിച്ചത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ