
ബിഗ് ബോസ് മലയാളം സീസണ്‍ 7 നായുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍. പുതിയ സീസണിന്‍റെ പുറത്തെത്തുന്ന പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ എത്തിയ പ്രൊമോ വീഡിയോയും പ്രേക്ഷകപ്രീതി നേടുകയാണ്. ഏഴിന്‍റെ പണി വരുന്നു എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്ന പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോകളില്‍ മത്സരാര്‍ഥികള്‍ സാധാരണ ഇറക്കാറുള്ള പലതരം കാര്‍ഡുകള്‍ ഇത്തവണ അനുവദിക്കില്ലെന്നാണ് അവതാരകനായ മോഹന്‍ലാല്‍ പ്രൊമോ വീഡിയോയില്‍ പറയുന്നത്.
ഫേക്ക് കാര്‍ഡ്, സേഫ് കാര്‍ഡ്, സോപ്പിംഗ് കാര്‍ഡ്, നന്മ കാര്‍ഡ്, ഒളിക്കല്‍ കാര്‍ഡ്, പ്രിപ്പയര്‍ കാര്‍ഡ്, വിക്റ്റിം കാര്‍ഡ് എന്നിവയൊന്നും ഇനി ഈ ടേബിളില്‍ ഇറക്കി കളിക്കരുത്, കീറിപ്പോകും എന്നാണ് പ്രൊമോയില്‍ മോഹന്‍ലാലിന്‍റെ ഡയലോഗ്. രസിപ്പിക്കാന്‍ വരുന്നവര്‍ വെറുപ്പിക്കരുത്. ഇനി ഞാന്‍ അത് സമ്മതിക്കില്ല/ ഫാന്‍ ബോയ് എന്ന് പറഞ്ഞ് പതപ്പിച്ച് സോപ്പിംഗ് കളി നടത്തരുത്/ ഷോയുടെ ഉള്ളില്‍ വേറൊരു ഷോ ഇറക്കി വിക്റ്റിം കാര്‍ഡ് കളിക്കരുത്/ നന്മമരം കളിക്കരുത്/ സേഫ് ഗെയിം കളിക്കരുത് എന്നിങ്ങനെയാണ് മോഹന്‍ലാല്‍ ഇത്തവണത്തെ മത്സരാര്‍ഥികളോട് പറയുന്ന രീതിയില്‍ പ്രൊമോയില്‍ ഉള്ളത്.
ഒപ്പം ബിഗ് ബോസ് നടത്തിപ്പുകാര്‍ക്കും അവതാരകനായ തനിക്ക് തന്നെയുമുള്ള ഉപദേശങ്ങളും പ്രൊമോയില്‍ മോഹന്‍ലാല്‍ നല്‍കുന്നുണ്ട്. നിലവാരമില്ലാത്ത ടാസ്കുമായി വന്നാല്‍ കമ്മിറ്റിക്കും കിട്ടും പണി എന്നാണ് നടത്തിപ്പുകാര്‍ക്കുള്ള മുന്നറിയിപ്പ്. സേഫ് കളി എന്ന് പറഞ്ഞത് എല്ലാവരെയും ഉദ്ദേശിച്ചാണ് എന്നാണ് അവതാരകനായുള്ള മോഹന്‍ലാലിനോടുള്ള അദ്ദേഹത്തിന്‍റെ തന്നെ മുന്നറിയിപ്പ്.
കഴിഞ്ഞ സീസണുകളേക്കാള്‍ വലുതും ധീരവും കൂടുതൽ ആവേശകരവുമായിരിക്കും പുതിയ സീസൺ എന്ന് ഉറപ്പുനൽകുന്നതാണ് പ്രൊമോ. ഇത്തവണ ടാസ്ക്കുകളിലും മത്സരങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന സൂചനയും പ്രൊമോ നല്‍കുന്നു. അതേസമയം സീസണ്‍ എന്നാരംഭിക്കും എന്നത് സംബന്ധിച്ച പ്രഖ്യാപനം ഇനിയും എത്തിയിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധായകനും നടനുമായ മൃദുല്‍ നായരാണ് പ്രൊമോയുടെ സംവിധാനം. പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനന്‍ ആണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ