എല്ലാവരെയും സുഖിപ്പിച്ച് നിര്‍ത്തുന്നത് നോമിനേഷനില്‍ വരാതിരിക്കാനല്ലേയെന്ന് ഫിറോസ്; നോബിയുടെ മറുപടി

By Web TeamFirst Published Mar 27, 2021, 11:43 PM IST
Highlights

വഴക്കുണ്ടാക്കാത്ത നോബിയുടെ പ്രകൃതത്തെക്കുറിച്ചുതന്നെയായിരുന്നു മിക്കവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ടാസ്‍കുകളില്‍ പലതും കൗതുകകരമാണ്. വാരാന്ത്യ എപ്പിസോഡ് ആയ ഇന്ന് മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ നടന്ന ഒരു ടാസ്‍കും അത്തരത്തിലുള്ള ഒന്നായിരുന്നു. ഇതിനായി സവിശേഷമായ ഒരു കസേര ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിച്ചിരുന്നു. ഒരു സമയത്ത് ഒരാളാണ് കസേരയില്‍ ഇരിക്കേണ്ടത്. ഇരിക്കുന്നയാളോട് ആര്‍ക്കും എന്തുവേണമെങ്കിലും ചോദിക്കാം എന്നതാണ് ഈ കസേരയുടെ പ്രത്യേകത. അതിനൊക്കെ ഇരിക്കുന്നയാള്‍ മറുപടി കൊടുക്കുകയും വേണം. ആദ്യം കസേരയില്‍ ഇരിക്കാനുള്ള അവസരം ലഭിച്ചത് സന്ധ്യയ്ക്കും പിന്നീട് നോബിക്കുമാണ്.

റംസാനും റിതുവും മജിസിയയും ഡിംപലുമൊക്കെ നോബിയോട് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ അതില്‍ ഏറ്റവും നേരിട്ടുള്ള ചോദ്യം ചോദിച്ചത് ഫിറോസ് ഖാന്‍ ആയിരുന്നു. മറ്റു മത്സരാര്‍ഥികളെയൊക്കെ നോബി 'സുഖിപ്പിച്ച്' നിര്‍ത്തുകയാണെന്നും ഇത് നോമിനേഷനില്‍ വരാതിരിക്കാനല്ലേ എന്നുമായിരുന്നു ഫിറോസിന്‍റെ ചോദ്യം. "15 മത്സരാര്‍ഥികളെയും ഒരേപോലെ സുഖിപ്പിച്ച് ഒരു അഡ്‍ജസ്റ്റ്മെന്‍റില്‍ കൂടി നോമിനേഷനില്‍ പെടാതെ ഒരു 100 ദിവസം തട്ടിയും മുട്ടിയും പോകാനുള്ള ഒരു സ്ട്രാറ്റജിയല്ലേ നിങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നത്", ഫിറോസ് ഖാന്‍ ചോദിച്ചു. എന്നാല്‍ ഈ 15 പേരോടും നോമിനേഷനില്‍ തന്‍റെ പേര് പറയരുതേ എന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു നോബിയുടെ മറുപടി.

 

എന്നാല്‍ അതല്ല ഉദ്ദേശിച്ചതെന്നും അതിനുവേണ്ടിയല്ലേ എല്ലാവരെയും ഒരേപോലെ സുഖിപ്പിച്ച് നിര്‍ത്തുന്നത് എന്നാണ് അര്‍ഥമാക്കിയതെന്നും ഫിറോസ് വ്യക്തമാക്കി. "ഒരിക്കലും എല്ലാവരെയും ഞാന്‍ സുഖിപ്പിക്കുന്നില്ല. പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട് നോബി ഞങ്ങളില്‍ നിന്ന് മാറി ഇരിക്കുന്നു എന്ന്. പക്ഷേ ഞാന്‍ അങ്ങനെയാണ്. എന്തെങ്കിലും കാര്യമുണ്ടെങ്കിലേ എല്ലാവരോടും ഞാന്‍ സംസാരിക്കാറുള്ളൂ", നോബി പറഞ്ഞു.

വഴക്കുണ്ടാക്കാത്ത നോബിയുടെ പ്രകൃതത്തെക്കുറിച്ചുതന്നെയായിരുന്നു മിക്കവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. അവശ്യസമയത്തുപോലും പലപ്പോഴും പ്രതികരിക്കാത്തത് പുറത്തെ പ്രതിച്ഛായയെക്കുറിച്ചുള്ള തോന്നല്‍ മൂലമാണോ എന്നായിരുന്നു റംസാന്‍റെ ചോദ്യം. എന്നാല്‍ അങ്ങനെയല്ലെന്നും ആരോടും വഴക്കിടാന്‍ തനിക്ക് കഴിയാത്തതുകൊണ്ടാണെന്നും നോബിയുടെ മറുപടി. പ്രതികരിക്കേണ്ട സ്ഥലങ്ങളില്‍ ഇനിയെങ്കിലും പ്രതികരിക്കുമോ എന്നായിരുന്നു റിതുവിന്‍റെ ചോദ്യം. പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ പറഞ്ഞുതീര്‍ക്കാനാണ് പലപ്പോഴും നോക്കാറെന്നും പ്രതികരണം ഇനിയും തുടരുമെന്നും പക്ഷേ അത് തന്‍റേതായ രീതിയില്‍ ആയിരിക്കുമെന്നും നോബി പറഞ്ഞു.

click me!