
ബിഗ് ബോസ് സീസൺ 7 ൽ കൂട്ടത്തിൽ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ജിസേൽ. ബിഗ് ബോസ് നൽകുന്ന ടാസ്കുകളെല്ലാം ജിസേൽ നന്നായിത്തന്നെ കളിക്കാറുണ്ട്. നല്ല മത്സരാർത്ഥിയും അതോടൊപ്പം പരദൂഷണ സ്വഭാവം തീരെ ഇല്ല എന്നതും പ്രേക്ഷകർക്ക് ജിസേലിനെ പ്രിയങ്കരി ആക്കിയിട്ടുണ്ട്. ഒന്നാം ആഴ്ചയിൽ പ്രേക്ഷക പിന്തുണ വൻ തോതിൽ ലഭിച്ച ജിസേലിന് ഈ ആഴ്ച പിന്തുണ കുറയുമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന ചർച്ച. കാര്യം മറ്റൊന്നുമല്ല. ബോഡി ഷെയ്‌മിംഗ്. സഹമത്സരാർത്ഥി അനുമോൾക്ക് എതിരെയാണ് ജിസേൽ ബോഡി ഷെയ്‌മിംഗ് നടത്തിയത്. ജിസേലുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ പൊക്കം കുറഞ്ഞത് എന്റെ കുറ്റമാണോ എന്ന് ചോദിച്ച് പൊട്ടിക്കരയുന്ന അനുമോളെയാണ് ഇന്നലത്തെ എപ്പിസോഡിൽ ബിബി ഹൗസിൽ കണ്ടത്.
ടാസ്കിന് ഇടയിൽ ജിസേൽ അനുമോളോട് പറയുന്നത് ഇങ്ങനെയായിരുന്നു, "ഞങ്ങൾക്ക് ഉയരവും ഭാരവും ഒക്കെ ഉണ്ട്. നിന്റെ പോലെ ചെറുതല്ല." ജിസേലിന്റെ ഈ വാക്കുകൾ അനുമോളെ പ്രകോപിപ്പിക്കുകയും ഉയരത്തെ കുറിച്ച് പറയേണ്ട ആവശ്യം ഇല്ല എന്ന് പറഞ്ഞ് അനുമോൾ പ്രതികരിക്കുകയും ചെയ്തു. എന്നാൽ ഇനിയും അത് പറയും എന്ന് ജിസേൽ ആവർത്തിച്ചു.
ഇവിടം വരെ ഞാൻ എത്തിയിട്ടുണ്ടെങ്കിൽ കഷ്ടപ്പെട്ടാണ് എത്തിയത്, മര്യാദയ്ക്ക് സംസാരിക്കണം എന്നും ജിസേലിനോട് അനുമോൾ പറയുകയുണ്ടായി. ഉയരത്തെ കുറിച്ചൊക്കെ പറയുന്നത് അംഗീകരിക്കാൻ പറ്റില്ലെന്ന് പല മത്സരാർഥികളും ജിസേലിനോട് പ്രതികരിച്ചു. പിന്നാലെ ഉയരം കുറഞ്ഞത് എന്റെ കുഴപ്പം ആണോ എന്ന് ചോദിച്ച് അനുമോൾ പൊട്ടിക്കരയുകയായിരുന്നു.
അതേസമയം ജിസേലിന് മേക്കപ്പ് ചെയ്യാനാവാത്തതിന്റെ അസ്വസ്ഥതയുണ്ടെന്ന പ്രതികരണങ്ങളും വരുന്നുണ്ട്. മേക്കപ്പ് ഇല്ലാതെ ക്യാമറയ്ക്ക് മുൻപിൽ വരാൻ ജിസേലിന് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ബിഗ് ബോസ് നിയമങ്ങൾ നിരന്തരം തെറ്റിക്കുന്നത് എന്നും ചർച്ചകൾ വരുന്നുണ്ട്. ആത്മവിശ്വാസം ഇല്ലായ്മയുടെ തെളിവാണെന്നും കമന്റുകൾ നിരവധിയാണ് . മോഹൻലാൽ വന്ന എപ്പിസോഡിൽ ഉൾപ്പടെ ജിസേലിനോട് മേക്കപ്പ് സാധനങ്ങൾ ഇനി കൈവശം ഉണ്ടെങ്കിൽ അത് സ്റ്റോർ റൂമിൽ കൊണ്ടുപോയി വെക്കാൻ പറഞ്ഞിരുന്നു. എന്നിട്ട് പോലും തന്റെ കൈവശമുള്ള മേക്കപ്പ് സാധനങ്ങൾ മുഴുവനും ബിഗ്‌ബോസിൻ നൽകാൻ ജിസേൽ തയ്യാറായിട്ടില്ല.
ബിബി ഹൗസിനുള്ളിൽ നിരന്തരം നിയമം തെറ്റിക്കുന്ന ആൾ ആയും, ഇപ്പോൾ സഹമത്സരാർത്ഥികളെ ബോഡി ഷെയ്മിങ് ചെയ്യുന്ന ആളായും ജിസേലിനെ പുറത്തുള്ള പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ജിസേലിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ കുറയുമെന്നാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ