
ജിയോസ്റ്റാറിന്റെ ബിഗ് ബോസ് സൗത്ത് പതിപ്പുകൾ വെറും അഞ്ച് ആഴ്ചയ്ക്കുള്ളിൽ 550 മില്യൺ വാച്ച് അവേഴ്സ് പിന്നിട്ടു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലായി ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ച് എന്ന നേട്ടവും ഇതിലൂടെ സ്വന്തമാക്കി. ആദ്യമായി നാല് ദക്ഷിണേന്ത്യൻ പതിപ്പുകളും ഒരേ ദിവസം പ്രീമിയർ ചെയ്തതിലൂടെ, ഓരോ വിപണിയുടെയും തനതായ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുതന്നെ മേഖലയിലാകെ ഒരൊറ്റ വിനോദാനുഭവം സൃഷ്ടിക്കാൻ സാധിച്ചു. ഇതോടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് ഈ സീസൺ കുറിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം വാച്ച് ടൈമിൽ 20 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
ഈ സീസണിൽ ബിഗ് ബോസ് സൗത്തിന്റെ 24x7 ലൈവ് ഫീഡിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദിവസേനയുള്ള എപ്പിസോഡുകൾക്ക് പുറമെ, ഓരോ 10 പ്രേക്ഷകരിൽ ആറുപേരും 24 മണിക്കൂറും ലഭ്യമായ ലൈവ് ഫീഡും കാണുന്നുണ്ട്. ബിഗ് ബോസ് ഒരു സ്ഥിരമായ വിനോദാനുഭവമായി മാറിയതിന്റെ സൂചനയാണിത്. ഹൗസിനുള്ളിലെ സംഭാഷണങ്ങളും ബന്ധങ്ങളും സംഭവവികാസങ്ങളും അറിയാൻ പ്രേക്ഷകർ ദിവസം മുഴുവൻ പരിപാടിയുമായി ബന്ധപ്പെട്ടുനിൽക്കുന്നു.
ജിയോസ്റ്റാർ സൗത്ത് ക്ലസ്റ്റർ എന്റർടെയ്ൻമെന്റ് ബിസിനസ് മേധാവി കൃഷ്ണൻ കുട്ടി പറയുന്നു- “ഓരോ സീസൺ കഴിയുന്തോറും ബിഗ് ബോസ് പ്രതിഭാസം കൂടുതൽ വലുതായിക്കൊണ്ടിരിക്കുകയാണ്. വെറും അഞ്ച് ആഴ്ചയ്ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്സ് പിന്നിട്ടത് സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. എന്നാൽ, ഈ നേട്ടത്തിന് പിന്നിലെ കാര്യങ്ങളാണ് കൂടുതൽ പ്രോത്സാഹനം നൽകുന്നത്. ഓരോ സീസണിലും പ്രേക്ഷകർ ഫ്രാഞ്ചൈസിക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നു; അത് ദിവസേനയുള്ള എപ്പിസോഡുകളിലൂടെയായാലും 24x7 ലൈവ് ഫീഡിലൂടെയായാലും. നാല് ദക്ഷിണേന്ത്യൻ വിപണികളിലും ഒരേ സമയം ലോഞ്ച് ചെയ്തതിലൂടെ ഒരൊറ്റ വിനോദാനുഭവം സൃഷ്ടിക്കാൻ സാധിച്ചു. അതേസമയം, കണക്റ്റഡ് ടിവിയിലൂടെയുള്ള കാഴ്ചയുടെ വളർച്ച പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ പ്രവണതകളെല്ലാം ബിഗ് ബോസ് ഫ്രാഞ്ചൈസിയുടെ ദീർഘകാല വളർച്ചയിൽ ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.”
പ്രേക്ഷക സ്വീകാര്യതയ്ക്കൊപ്പം പരസ്യദാതാക്കളുടെ ശക്തമായ പിന്തുണയും ഈ മുന്നേറ്റത്തിന് കരുത്തേകുന്നു. നാല് ദക്ഷിണേന്ത്യൻ പതിപ്പുകളിലുമായി 75-ലധികം ബ്രാൻഡുകൾ പങ്കാളികളായിട്ടുണ്ട്. ആകെ 120-ലധികം സ്പോൺസർഷിപ്പുകളാണ് ലഭിച്ചത്. പങ്കാളികളായ ബ്രാൻഡുകളിൽ പകുതിയിലധികവും ആദ്യമായി പരസ്യം ചെയ്യുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. മൊത്തം പരസ്യച്ചെലവിന്റെ ഏകദേശം 30 ശതമാനം പ്രാദേശിക പരസ്യദാതാക്കളിൽ നിന്നാണ് ലഭിക്കുന്നത്. ദേശീയ, പ്രാദേശിക ബ്രാൻഡുകളെ ഒരുപോലെ ആകർഷിക്കാനുള്ള ഫ്രാഞ്ചൈസിയുടെ കഴിവാണ് ഇത് വ്യക്തമാക്കുന്നത്.
പ്രധാന സീസൺ ആരംഭിക്കുന്നതിന് മുന്പ് തന്നെ, നാല് ദക്ഷിണേന്ത്യൻ വിപണികളിലുമായി ആദ്യമായി സംയോജിത ഡിജിറ്റൽ പ്രീ-ഷോയായ ബിഗ് ബോസ് അഗ്നിപരീക്ഷയിലൂടെ പ്രേക്ഷക പങ്കാളിത്തത്തിന് തുടക്കമിട്ടിരുന്നു. തെലുങ്കിൽ അഗ്നിപരീക്ഷ, കന്നഡയിൽ അഗ്നിപരിക്ഷെ, മലയാളത്തിൽ അഗ്നിപരീക്ഷ, തമിഴിൽ ദ കോമൺ മാൻ എന്നീ പേരുകളിൽ അവതരിപ്പിച്ച ഈ സംരംഭം, ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശനം നേടുന്നതിനായി മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകി. ഇതിലൂടെ പ്രേക്ഷക പങ്കാളിത്തം വർധിപ്പിക്കാനും പ്രധാന സീസണിന് മുന്നോടിയായി ആകാംക്ഷ സൃഷ്ടിക്കാനും സാധിച്ചു.
വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവർ യഥാക്രമം അവതാരകരാകുന്ന ബിഗ് ബോസ് തമിഴ്, ബിഗ് ബോസ് തെലുങ്ക്, ബിഗ് ബോസ് കന്നഡ, ബിഗ് ബോസ് മലയാളം പതിപ്പുകൾ സ്റ്റാർ വിജയ്, സ്റ്റാർ മാ, കളേഴ്സ് കന്നഡ, ഏഷ്യാനെറ്റ് എന്നീ ചാനലുകളിൽ ദിവസേന സംപ്രേഷണം ചെയ്യുന്നു. എപ്പിസോഡുകളും 24x7 ലൈവ് ഫീഡും ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ