
ബിഗ് ബോസ് സീസണുകള്‍ നടക്കുമ്പോള്‍ ഉയര്‍ന്നുവരാറുള്ള പ്രധാന ആരോപണങ്ങളിലൊന്നാണ് മത്സരാര്‍ഥികള്‍ക്ക് പുറത്ത് പിആര്‍ ഉണ്ട് എന്നത്. ഇത്തവണ അത്തരം ആരോപണങ്ങള്‍ കൂടുതലും ആയിരുന്നു. ഈ സീസണില്‍ സഹമത്സരാര്‍ഥികളില്‍ നിന്ന് ഏറ്റവുമധികം പിആര്‍ ആരോപണങ്ങള്‍ നേരിട്ടത് അനുമോള്‍ ആയിരുന്നു. തനിക്ക് പിആര്‍ ഉണ്ടെന്ന കാര്യം ഒരുവേള അനുമോള്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അക്കാര്യം ഒരിക്കല്‍ക്കൂടി ആരോപിക്കുകയാണ് ആര്യന്‍. ബിഗ് ബോസിലെ സ്വന്തം മുന്നോട്ടുപോക്കില്‍ ഈ കാര്യം താന്‍ മനസില്‍ വച്ചിരുന്നുവെന്നും ആര്യന്‍ പറയുന്നു. ഹൗസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യന്‍ ഇക്കാര്യം പറയുന്നത്.
അനുമോളുടെ അടുത്ത് ആര്യന്‍ വഴക്ക് കൂടാന്‍ പോകാറില്ലെന്നും ഒരു പോയിന്‍റ് കഴിയുമ്പോള്‍ ആര്യന്‍ ഒന്ന് വിട്ടുകൊടുക്കുന്നതായി തോന്നിയിരുന്നുവെന്നുമുള്ള അഭിമുഖകാരിയുടെ ചോദ്യത്തിന് ആര്യന്‍റെ മറുപടി ഇങ്ങനെ- “അതെ. കാരണം എനിക്ക് അറിയാം. അനുമോള്‍ക്ക് നല്ല പിആര്‍ പിന്തുണയുണ്ട് പുറത്ത്. സെല്‍ഫ് റെസ്പെക്റ്റ് പ്രധാനമാണ്, അല്ലേ. ആര്‍ക്കാണ് പിആറിന്‍റെ കാര്യത്തില്‍ അനുമോളെ പേടിയില്ലാത്തത്. മീഡിയയുടെ പവര്‍ എന്നത് മറ്റൊരു തലത്തിലുള്ള ഒന്നാണ്”, ആര്യന്‍ പറയുന്നു. അനുമോള്‍ക്ക് പിആര്‍ ഉണ്ടെന്ന് ആര്യന് എങ്ങനെ അറിയാം എന്ന ചോദ്യത്തിന് ആര്യന്‍റെ മറുപടി ഇങ്ങനെ...
“ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് ഒരാള്‍ എന്നെ സമീപിച്ചിരുന്നു. താന്‍ അനുമോളുടെ പിആര്‍ ചെയ്യുന്നുണ്ടെന്ന് അയാള്‍ പറഞ്ഞിരുന്നു. അഡ്വാന്‍സ് വാങ്ങിക്കഴിഞ്ഞുവെന്നും. അനുവിനുവേണ്ടി നിങ്ങള്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ചോദിച്ചു. അനുമോളുടെ പബ്ലിക് റിലേഷന്‍സ് എല്ലാം ചെയ്യും, സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍, ഹൗസില്‍ നടക്കുന്ന വെറുപ്പ് ഉണ്ടാക്കുന്ന സംഗതികളെ പോസിറ്റീവ് ആക്കും, വോട്ടുകളും കൂടുതല്‍ നേടാന്‍ സഹായിക്കും എന്ന് പറഞ്ഞു. പിആര്‍ ഉണ്ടെന്ന് അപ്പോള്‍ മനസിലാക്കാവുന്നതല്ലേയുള്ളൂ”, ആര്യന്‍ പറയുന്നു. എന്നാല്‍ അക്കാര്യം മനസില്‍ ഉണ്ടായിരുന്നപ്പോള്‍ത്തന്നെ തന്‍റെ ഭാഗം പറയേണ്ടപ്പോള്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും ആര്യന്‍ പറയുന്നു.
“അതിനുവേണ്ടി ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്. അനുമോള്‍ തെറ്റ് ചെയ്യുന്ന സമയത്ത്. ആദ്യം നടന്ന ആ സംഭവത്തില്‍ അനുമോളുടെ തെറ്റ് ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലാലേട്ടനും അത് കൃത്യമായി തെളിയിച്ചിട്ടുണ്ട്. അനുമോളുടെ പിആറിനെക്കുറിച്ചുള്ള പേടി എന്ന് ഞാന്‍ പറയില്ല. അത് ഒരു പ്രതിരോധമായിരുന്നു. പേടിയും പ്രതിരോധവും രണ്ടാണ്. സ്മാര്‍ട്ട് ആയി അതിനെ എങ്ങനെ മറികടക്കാമെന്ന് ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ തലമുറയെ സംബന്ധിച്ച് സ്ക്രോളിംഗ് കൂടുതലാണ്. ഇന്‍സ്റ്റഗ്രാമിലാണ് കൂടുതലും അവര്‍. ഷോ കാണാത്തവരും ഇന്‍സ്റ്റഗ്രാമില്‍ പിആര്‍ ടീമുകള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ കണ്ടേക്കാം. ഷോ കാണുന്നവര്‍ക്ക് അതിലെ ശരിതെറ്റുകള്‍ മനസിലാക്കാനാവും. പക്ഷേ ഷോ കാണാത്തവര്‍ കാണുന്നത് ഈ ക്ലിപ്പുകളും വീഡിയോകളുമൊക്കെ ആയിരിക്കും. അതിനെ പ്രതിരോധിക്കാനാണ് ഞാന്‍ പരമാവധി ശ്രമിച്ചത്. ഷോ കാണാത്തവര്‍ക്ക് എന്നെക്കുറിച്ച് ഒരു മോശം പ്രതിച്ഛായ ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല”, ആര്യന്‍ പറയുന്നു.
“എനിക്ക് ആളുകളെ വ്യക്തിഹത്യ ചെയ്യുന്ന സ്വഭാവമല്ല. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം പാത്രം കഴുകിയ കാര്യം. മൂന്ന് വട്ടം റിക്വസ്റ്റ് ചെയ്തപ്പോള്‍ അനു കഴുകി. അവിടെ ജയിച്ചത് ഞാനാണ്. എല്ലാത്തിനും ഒരു രീതിയുണ്ട്. കാര്യങ്ങളെ മറികടക്കാനുള്ള എന്‍റെ രീതി ഇതാണ്. ഒരാള്‍ക്കെതിരെ വലിയ ആറ്റിറ്റ്യൂഡ് ഇട്ടാല്‍ ചിലപ്പോള്‍ വിജയിക്കില്ല. അവിടെ ജയിക്കുന്നത് അപേക്ഷ ആയിരിക്കും”, ആര്യന്‍ പറഞ്ഞവസാനിപ്പിക്കുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ