
ബിഗ് ബോസ് മലയാളം സീസൺ ആറ് എഴുപത്തി അഞ്ച് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ഷോ അവസാനിക്കാൻ ബാക്കിയുള്ളത്. ഫൈനലിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി ഗെയിമുകളും നിലവിൽ മുറുകി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ബിഗ് ബോസ് സീസൺ ആറിന്റെ അവസാന ജയിൽ നോമിനേഷനിലേക്കുള്ള വ്യക്തികളെ തെരഞ്ഞെടുക്കുന്നതും ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളുമാണ് ഷോയിൽ ഇന്ന് നടന്നത്.
അഭിഷേക്, ശ്രീധു, നോറ എന്നിവരെയാണ് മറ്റ് മത്സരാർത്ഥികൾ ജയിലിലേക്ക് അയക്കാൻ തീരുമാനിച്ചത്. ഇതിൽ ശ്രീധുവിനും അഭിഷേകിനും അഞ്ച് വോട്ടുകൾ വീതം ലഭിച്ചു. പിന്നാലെ ഇരുവരിലും ജയിലിലേക്ക് പോകാൻ അർഹതയില്ലാത്തവർ ആരാണെന്ന് ഉള്ളത് ഒരു മിനിറ്റ് നേരം സംസാരിക്കാൻ ബിഗ് ബോസ് നിർദ്ദേശം നൽകുകയും ചെയ്തു. ഇതാണ് തർക്കത്തിന് വഴിവച്ചത്.
"ആവശ്യമുള്ളിടത്തെ ഞാൻ പ്രതികരിക്കൂ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള ആളുകളോട് ആണ് ഞാൻ സംസാരിക്കുന്നത്. ഇവിടെ എല്ലാവരും എനിക്ക് ഒരുപോലെ അല്ല. ജാസ്മിനോട് ഞാൻ കൂടുതൽ സംസാരിക്കാറില്ല. എനിക്ക് അവളുടെ പല ക്യാരക്ടറുകളും എനിക്ക് ഇഷ്ടമില്ലാത്തത് തന്നെയാണ് അതിന് കാരണം. ഞാനും മനുഷ്യനാണ്. ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ട്", എന്നാണ് അഭിഷേക് പറഞ്ഞത്. ഇതിനിടയിൽ എല്ലായ്പ്പോഴും അഭിഷേക് പ്രതികരിക്കുന്നുണ്ടോ എന്ന് സിജോ ചോദിച്ചതോടെ കഥ മാറി. പിന്നാലെ ജാസ്മിനും അഭിഷേകും ഏറ്റുമുട്ടി.
അഭിപ്രായം പറയാറില്ലെന്ന് പറഞ്ഞാണ് ജാസ്മിനും അഭിഷേകും തമ്മിൽ ഏറ്റുമുട്ടി. അപ്സരയും സിജോയും ഇതേ കാര്യം ചൂണ്ടിക്കാട്ടി അഭിഷേകിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനെതിരെ ശക്തമായി തന്നെ അഭിഷേക് പ്രതികരിക്കുന്നുമുണ്ട്. എന്നാൽ വലിയ ബഹളത്തിലേക്കാണ് ഇത് കലാശിച്ചതും. ഇഷ്ടമില്ലാത്തവരോട് സംസാരിക്കില്ലെങ്കിൽ ബിഗ് ബോസ് വീടിന്റെ പടി കടന്ന് അഭിഷേക് വരരുതായിരുന്നുവെന്നും ജാസ്മിൻ പറയുന്നുണ്ട്. മിനിറ്റിന് മിനിറ്റിന് സ്വഭാവം മാറുന്ന നിന്നെ പോലുള്ളവർക്ക് ഞാൻ എതിര് തന്നെയാണ് എന്ന് അഭിഷേകും പറയുന്നുണ്ട്. തർക്കത്തിനൊടുവിൽ അഭിഷേകിനെ എല്ലാവരും ചേർന്ന് ജയിലിലേക്ക് അയക്കുകയും ചെയ്തു.
അതേസമയം, ടിക്കറ്റ് ടു ഫിനാലെയ്ക്ക് ഉള്ള ഗ്രൂപ്പ് മത്സരങ്ങളിൽ നെസ്റ്റ് ടീം വിജയിച്ചു. ഇനി അങ്ങോട്ട് വ്യക്തിഗത മത്സരങ്ങളാണ് നടക്കുക. അർജുൻ, ജാസ്മിൻ, ഋഷി, അഭിഷേക് എന്നിവരാണ് നെസ്റ്റ് ടീമിൽ ഉണ്ടായിരുന്നത്. ബോണസ് പോയിന്റ് ആർക്ക് ലഭിക്കണമെന്ന തരത്തിൽ ഇവർ തമ്മിൽ ചർച്ചകൾ നടന്നു. ഒടുവിൽ ബോണസ് പോയിന്റ് ഋഷിക്ക് ലഭിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ