
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷികഴിഞ്ഞിരിക്കുകയാണ്. ഏഴിന്റെ പണി എന്ന ടാഗ്‍ലൈനുമായി എത്തിയ ബിഗ് ബോസ് അക്ഷരാര്‍ഥത്തില്‍ അങ്ങനെ തന്നെയാണ്. കാഠിന്യമേറിയ ടാസ്‍കുകളാണ് ഇത്തവണ മത്സരാര്‍ഥികള്‍ ഹൗസില്‍ നേരിടേണ്ടിവന്നത്. ഇപ്പോഴിതാ വൈല്‍ഡ് കാര്‍ഡ് എൻട്രികളും ഹൗസിലേക്ക് എത്തിയിരിക്കുകയാണ്.
മലയാളികള്‍ക്ക് സുപരിചിതനായ സീരിയല്‍ താരം ജിഷിൻ മോഹനാണ് വൈല്‍ഡ് കാര്‍ഡ് എൻട്രികളില്‍ ഒരാള്‍. മിനിസ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ജിഷിൻ മോഹൻ. പലപ്പോഴും പല തുറന്നു പറച്ചിലുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും താരം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചില തുറന്നുപറച്ചിലുകൾ നടത്തിയും ജിഷിൻ വാർത്താ കോളങ്ങളിൽ ഇടം പിടിച്ചു. നടി വരദയുമായുള്ള വിവാഹമോചനം മുതൽ നടി അമേയ നായർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വരെ ജിഷിൻ തുറന്നു പറഞ്ഞിരുന്നു. വരദയുമായുള്ള വിവാഹ മോചന ശേഷം താൻ ലഹരി ഉപയോഗിക്കുമായിരുന്നുവെന്ന് ജിഷിൻ മോഹൻ തുറന്നുപറഞ്ഞിരുന്നു. അമേയയുടെ സാന്നിദ്ധ്യമാണ് അതില്‍ നിന്ന് രക്ഷ നേടാൻ സഹായകരമായത് എന്നും ജിഷിൻ മോഹൻ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത ഓട്ടോഗ്രാഫിലൂടെയാണ് സീരിയലില്‍ ജിഷിൻ മോഹൻ സജീവമാകുന്നത്. രാം നാരായണൻ എന്ന കഥാപാത്രത്തെയായിരുന്നു ജിഷിൻ മോഹൻ അവതരിപ്പിച്ചത്. അമല എന്ന സീരിയലിലെ വില്ലൻ കഥാപാത്രമാണ് ജിഷിൻ മോഹന് സീരിയലില്‍ സ്വന്തമായി ഇരിപ്പിടമുണ്ടാക്കിയത്. ഹരീഷ് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ജീവിത നൗക എന്ന സീരിയലില്‍ താരം സുധിയായപ്പോള്‍ മണി മുത്തില്‍ ഭരതായി എത്തി.
എന്തായാലും ബിഗ് ബോസ് ഷോയില്‍ പലപ്പോഴും പ്രഡിക്ഷൻ ലിസ്റ്റില്‍ ഉള്‍പ്പെട്ട താരം ഇപ്പോള്‍ വീട്ടില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിരിക്കുകയാണ്. പുറത്ത് നിന്ന് കളി കണ്ട ആള്‍ എന്ന നിലയില്‍ ബിഗ് ബോസില്‍ നിര്‍ണായക മത്സരാര്‍ഥിയാകാൻ ജിഷിൻ മോഹന് സാധിക്കും എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. ബിഗ് ബോസ് വീട്ടിനകത്തും ജിഷിൻ മോഹന് സൗഹൃദങ്ങളുള്ള താരങ്ങള്‍ ഉള്ളതിനാല്‍ അവരോടുള്ള സമീപനം എങ്ങനെയായിരിക്കും എന്നതും പ്രേക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. ജിഷിൻ മോഹൻ ബിഗ് ബോസ് മെറ്റീരിയലാകാൻ കഴിയുമോയെന്നത് വരും ദിവസങ്ങളില്‍ അറിയാം.