
ബിഗ് ബോസ് മലയാളം സീസൺ 7 കഴിഞ്ഞതിന് പിന്നാലെ അടുത്ത സീസൺ എപ്പോൾ ആരംഭിക്കുമെന്ന കാത്തിരിപ്പിലായിരുന്നു ബിബി പ്രേമികൾ. ഊഹാപോഹങ്ങള്‍ക്കെല്ലാം ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുതിയ ലോഗോ അവതരിപ്പിച്ച് ഷോയുടെ അനൗൺസ്മെന്റും അവതാരകനായ മോഹൻലാൽ നടത്തി. കോമണേഴ്സിനുള്ള അഗ്നി പരീക്ഷ എന്ന ഷോയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും ഇന്നലെയോടെ അവസാനിച്ചു. ഇതിനകം തന്നെ സീസൺ 8ൽ വരാൻ പോകുന്ന സെലിബ്രിറ്റ് മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റുമായി റിവ്യൂവർമാർ എത്തി കഴിഞ്ഞു. തതവസരത്തിൽ തന്റെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ വന്നിട്ടുണ്ടെന്നും എന്നാൽ തനിക്ക് ബിഗ് ബോസിലേക്ക് വരാൻ താല്പര്യമില്ലെന്നും പറയുകയാണ് കൊറിയൻ മല്ലു എന്നറിയപ്പെടുന്ന ഡോ. സനോജ് റെജിനോൾഡ്.
താൻ ഒരിക്കലും ബിഗ് ബോസിൽ പോകില്ലെന്ന് പറഞ്ഞ സനോജ്, ചിലർ ചെയ്യുന്നത് പ്രശസ്തിക്കുവേണ്ടിയാണ് ഷോയിൽ പോകുന്നതെന്നും ഞാൻ എന്നോട് സത്യസന്ധൻ ആണെന്നും പറഞ്ഞു. തന്റെ ജീവിതത്തിൽ ഒരു ഹൗസിൽ കയറുന്നതിനേക്കാൾ വലിയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രജ്ഞനും (സയന്റിസ്റ്റ്), ഇൻവൈറ്റഡ് പ്രൊഫസറും (ദക്ഷിണ കൊറിയ) കൂടിയാണ് സനോജ്.
കൊറിയൻ മല്ലുവിന്റെ വാക്കുകൾ ഇങ്ങനെ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിഗ് ബോസ് മലയാളത്തിന്‍റെ ഓരോ പുതിയ സീസണും വരുമ്പോൾ എന്റെ പേരും ചില പ്രെഡിക്ഷന്‍ ലിസ്റ്റുകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും കാണാറുണ്ട്. പലരും മെസേജ് അയക്കാറുണ്ട്, ചിലർ ഉറപ്പായിട്ട് ഞാൻ പോകുന്നുണ്ടെന്ന് പോലും പറയാറുണ്ട്. സത്യം പറഞ്ഞാൽ, സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരിക്കുക എന്നത് ബിഗ് ബോസിലേയ്ക്ക് പോകാനുള്ള സൂചനയല്ല.
നിങ്ങൾ എന്നെ സ്നേഹിച്ച് എന്റെ പേര് പറയുന്നതും ചർച്ച ചെയ്യുന്നതും എനിക്ക് സന്തോഷം തന്നെയാണ്. പക്ഷേ എന്റെ ജീവിതത്തിൽ ഇപ്പോൾ അതിനേക്കാൾ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ഞാൻ ശ്രദ്ധിക്കുന്നത് എന്റെ സ്വപ്നങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും, ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഭാവിയിലേക്കുമാണ്.
അതുകൊണ്ട് ഈ വർഷവും പറയട്ടെ ബിഗ് ബോസ് മലയാളം എന്റെ പ്ലാനുകളിൽ ഇല്ല. ഒരു ഷോയിൽ പങ്കെടുക്കുന്നതിനെക്കാൾ വലിയ സ്വപ്നങ്ങളുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിനുവേണ്ടിയാണ് ഞാൻ എന്റെ സമയവും ഊർജവും ചെലവഴിക്കുന്നത്.
എന്നെക്കുറിച്ച് കരുതുന്ന എല്ലാവർക്കും നന്ദി. പക്ഷേ എന്റെ വഴി ഞാൻ തന്നെ തിരഞ്ഞെടുക്കും, ഇപ്പോൾ ആ വഴിയിൽ ബിഗ് ബോസ് ഇല്ല. “എന്റെ ജീവിതത്തിൽ ഒരു ഹൗസിൽ കയറുന്നതിനേക്കാൾ വലിയ ലക്ഷ്യങ്ങളുണ്ട്. അതുകൊണ്ട് ഈ വർഷവും ഉത്തരം അതേ തന്നെയാണ് — ഞാൻ ബിഗ് ബോസ് മലയാളത്തിലേക്ക് പോകുന്നില്ല.”
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ