
മലയാളം ബിഗ് ബോസ്(Bigg Boss 4 ) സീസൺ നാല് ആകാംക്ഷയും കൗതുകവും നിറച്ച് കൊണ്ട് മുന്നേറുകയാണ്. ഒരിടവേളക്ക് ശേഷം വീണ്ടും ഷോയിൽ മത്സരാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഇതുവരെയും സ്ത്രീകൾ തമ്മിലായിരുന്നു തർക്കമെങ്കിൽ ഇന്നിതാ ആണുങ്ങൾ തമ്മിൽ പേരടിക്കുകയാണ്. വീക്കിലി ടാസ്ക്കിനിടെയാണ് റോബിനും അഖിലും തമ്മിൽ വാക്കേറ്റമായത്.
വാശിയേറിയ ടാസ്ക് നടക്കുന്നതിനിടെ അഖിലിന്റെ താടിക്ക് പരിക്ക് പറ്റിയതോടെയാണ് തർക്കം തുടങ്ങിയത്. തെറി വിളിച്ചുകൊണ്ടായിരുന്നു അഖിൽ റോബിനടുത്തേക്ക് എത്തിയത്. 'ഇയാൾ താടിയിലാണോ ഇടിക്കുന്നത്. എനിക്ക് ഇടികിട്ടിയത് കണ്ടോ. നോക്കി എടുക്കണം. രണ്ട് വട്ടം പറഞ്ഞതല്ലേ' എന്ന് പറഞ്ഞ് ആക്രോശിക്കുക ആയിരുന്നു അഖിൽ. ഇതിന് നിന്റെ താടിയിൽ തൊട്ടോ എന്ന് ചോദിച്ചുകൊണ്ട് റോബിനും എത്തി. തൊട്ടെടാ എന്ന് പറഞ്ഞ് അഖിൽ റോബിനെതിരെ പാഞ്ഞടുക്കുക ആയിരുന്നു. ബ്ലെസ്ലി ഉൾപ്പടെയുള്ളവർ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല.
ശേഷം കാര്യങ്ങൾ ഒന്ന് സമാധാനമായെങ്കിലും വീണ്ടും തന്റെ ദേഹത്ത് തൊടുന്നത് നോക്കിവേണമെന്ന് പറഞ്ഞ് അഖിൽ വീണ്ടും കയർത്ത് സംസാരിക്കുക ആയിരുന്നു. 'പെണ്ണുങ്ങളോട് കാണിക്കുമ്പോലെ എന്റടുത്ത് വരരുതേ ഡോക്ടറേ. എല്ലാം എടുത്ത് ദൂരെ കളയും ഞാൻ. ഇതുവരെ നീ ആണുങ്ങളുടെ അടുത്ത് വന്നിട്ടില്ല'എന്നാണ് അഖിൽ പറഞ്ഞത്. കളിക്കാനാണ് വന്നതെങ്കിൽ പോയി കളിക്കെടാ. ഇവിടെ തൊട്ട് അവിടെ തൊട്ട് എന്ന് പറയാതെ എന്നായിരുന്നു റോബിൻ നൽകിയ മറുപടി. ദിൽഷയിൽ നിന്നും തട്ടിപ്പറിച്ചുവെന്ന് പറയപ്പെടുന്ന കട്ടകൾ റോബിൻ തിരിച്ച് കൊടുക്കുകയും ഗെയിമിൽ നിന്നും പിന്മാറുകയും ചെയ്തു. ശേഷം അഖിലിന്റെ താടിക്ക് എന്താണ് സംഭവിച്ചതെന്ന് റോബിൻ പോയി നോക്കുകയും ചെയ്തു. താൻ വേണമെന്ന് വിചാരിച്ച് ചെയ്തതല്ലെന്നും അഖിലിനോട് റോബിൻ പറയുന്നു. എനിക്ക് നിന്നെ ഉപദ്രവിച്ചിട്ട് ഒന്നും നേടാനില്ലെന്നും ഗെയിമിനിടയ്ക്ക് പറ്റിപോയതാണെന്നും റോബിൻ പറയുന്നു. വേദന തലയിൽ കയറിയപ്പോൾ തന്റെ പിടിവിട്ടതാണെന്നായിരുന്നു അഖിൽ പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ