
ബിഗ് ബോസ് മലയാളം സീസൺ 7 അറുപത് എപ്പിസോഡുകൾ പിന്നിട്ട് മുന്നോട്ടു പോകുകയാണ്. ഇനി ഏതാനും മത്സരാർത്ഥികൾ മാത്രമാണ് ഷോയിൽ അവസാനിക്കുന്നത്. ഇവരിൽ ഇനി ആരൊക്കെ പുറത്തേക്ക് പോകുമെന്നത് കണ്ടറിയണം. സീസണിലെ ശ്രദ്ധേയരായ മത്സരാർത്ഥികളാണ് ആദില-നൂറയും ലക്ഷ്മിയും. ആദില- നൂറ ലെസ്ബിയൻസ് കപ്പിൾസിനെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണെന്നെല്ലാം ലക്ഷ്മി പറഞ്ഞത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വീടിനകത്തും പുറത്തും ഒരുപോലെ ഇത് ചർച്ചാവിഷയമായി. മോഹൻലാൽ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടി ലക്ഷ്മിയെ വിമർശിച്ചെങ്കിലും തന്റെ നിലപാടിൽ തന്നെ അവർ ഉറച്ചുനിന്നിരുന്നു.
എന്നാൽ ആദില- നൂറയോടുള്ള സമീപനത്തിൽ ലക്ഷ്മിയ്ക്ക് മാറ്റമുണ്ടെന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ സംഭാഷണത്തിൽ നിന്നും മനസിലാകുന്നത്. ആദിലയും നൂറയും ലക്ഷ്മിയും ഒന്നിച്ചിരുന്ന് ഇന്നലെ വർത്തമാനം പറയുന്നുണ്ട്. ഇതിനിടെയാണ് തങ്ങളെ കുറിച്ച് ലക്ഷ്മി നടത്തിയ പരാമർശങ്ങളും ചോദ്യങ്ങളും ആദില ഉന്നയിച്ചത്.
നമ്മളെ കണ്ട് മകൻ ഇൻഫ്ലുവൻസ് ആകുമെന്ന് പറഞ്ഞതെന്താ ? എന്നായിരുന്നു ആദിലയുടെ ആദ്യ ചോദ്യം. "കണ്ട് ഇൻഫ്ലുവൻസ് ആകും എന്നതല്ല. എന്റെ കുട്ടി ഓരോ കാര്യങ്ങളും ഏത് പ്രായത്തിൽ അറിയണം എന്നുള്ളത് എന്റെ തീരുമാനമാണ്. ഒരു ഗേൾ ഒരു ബോയ് എന്നിങ്ങനെ ജെന്ററുണ്ടെന്ന് അവനറിയാം. അതിൽ കൂടുതൽ അവൻ അറിഞ്ഞ് തുടങ്ങേണ്ടൊരു പ്രായം ഉണ്ട്. ആ സമയത്ത് ഇതെല്ലാം അവൻ അറിഞ്ഞാൽ മതി. അതിന് മുൻപൊന്നും വേണ്ട. അതൊക്കെ കൊണ്ടാണ് എനിക്കത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞത്", എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.
വീട്ടിൽ കയറ്റാൻ പറ്റാത്തതെന്ന് പറഞ്ഞതെന്താ ? എന്നായിരുന്നു ആദിലയുടെ അടുത്ത ചോദ്യം. ഇത് കേട്ടതും ലക്ഷ്മി ഒന്ന് പരുങ്ങുന്നുണ്ടായിരുന്നു. പിന്നാലെ "അത് ഒരിതിൽ ഞാൻ പറഞ്ഞതാണ്. അതിനുള്ള മറുപടി അമ്മ പറഞ്ഞല്ലോ. വീട്ടിൽ വരാൻ. എന്റെ മാത്രം വീടല്ലല്ലോ അത്. അമ്മയുടേതും അല്ലേ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം", എന്നാിരുന്നു ലക്ഷ്മി മറുപടി പറഞ്ഞത്. അതെന്താ അന്ന് അങ്ങനെ പറഞ്ഞത് ? എന്നായി ആദില. മസ്താനിയുമായി പ്ലാൻഡ് ആയിരുന്നോ എന്നും ആദില ചോദിച്ചു. ഇതിന് ഏയ് അല്ല എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി.
അതേസമയം, ഫാമിലി വീക്കിൽ വന്ന എല്ലാവരും തങ്ങളോട് കാണിച്ച സ്നേഹത്തെ കുറിട്ട് നൂറ സംസാരിക്കുന്നുണ്ട്. "വന്ന കുടുംബളെല്ലാം നമ്മളെ സപ്പോർട്ട് ചെയ്തപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. പുറത്ത് നമുക്ക് ഫുൾ നെഗറ്റീവ് ആണല്ലോ. അവരുടെ ഫാമിലി സപ്പോർട്ടും സ്നേഹവും കാണിക്കുമ്പോൾ അക്സപ്റ്റ് ചെയ്യാൻ പറ്റുന്നില്ല. കിട്ടാതെ കിട്ടുമ്പോഴുള്ള സന്തോഷമാണത്. എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാനാകുന്നില്ല. സ്നേഹത്തിന് അതിരുകളും നിയമങ്ങളും ഇല്ല", എന്നായിരുന്നു ആദിലയോടായി നൂറ പറഞ്ഞത്.