ബിഗ് ബോസ് വേദിയിലേക്ക് തിരിച്ചെത്തി കാണികള്‍! സീസണ്‍ 5 ന്‍റെ ഏറ്റവും വലിയ പ്രത്യേകത

By Web TeamFirst Published Mar 26, 2023, 7:47 PM IST
Highlights

കഴിഞ്ഞ രണ്ട് സീസണുകളിലും കാണികള്‍ ഉണ്ടായിരുന്നില്ല

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. പല ഇന്ത്യന്‍ ഭാഷകളില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന, അവിടങ്ങളിലെല്ലാം വന്‍ ഫാന്‍ ഫോളോവിംഗ് ഉള്ള പരിപാടി. അതാത് ഭാഷാ സിനിമകളിലെ ഏറ്റവും മൂല്യമുള്ള താരങ്ങളാണ് ഷോയുടെ അവതാരകര്‍. മലയാളത്തില് അത് മോഹന്‍ലാലും. അഞ്ചാം സീസണിലേക്ക് മലയാളം ബിഗ് ബോസ് കടക്കുമ്പോള്‍ സ്ഥിരം പ്രേക്ഷകര്‍ ഇതിനകം ശ്രദ്ധിച്ചിരിക്കാവുന്ന ഒരു കാര്യമുണ്ട്. ബിഗ് ബോസ് വേദിക്ക് സമീപത്തേക്ക് കാണികള്‍ തിരിച്ചെത്തി എന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഏറ്റവുമാദ്യം നടന്ന സാബുമോന്‍ അബ്ദുസമദ് നായകനായ സീസണില്‍ മാത്രമാണ് ഷോയുടെ അവസാനം വരെ വേദിക്ക് സമീപം കാണികള്‍ ഉണ്ടായിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ 75 എപ്പിസോഡുകളില്‍ അവസാനിപ്പിച്ച രണ്ടാം സീസണില്‍ ഇടയ്ക്കുവച്ച് കൊവിഡ് സാഹചര്യത്താല്‍ തന്നെ വേദിക്ക് സമീപമുള്ള കാണികളെ ഒഴിവാക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച് അവസാനിച്ച മൂന്നാം സീസണിലും വേദിക്ക് സമീപം കാണികള്‍ ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ ദില്‍ഷ പ്രസന്നന്‍ വിജയിയായ നാലാം സീസണിന്‍റെയും കാര്യം. മൂന്നു സീസണുകളില്‍ മാറ്റിനിര്‍ത്തിയ ലൈവ് കാണികളെയാണ് ബിഗ് ബോസ് വേദിക്ക് സമീപത്തേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്.

മത്സരാര്‍ഥികളെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. ഇനിയുള്ള വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ മത്സരാര്‍ഥികളുമായി സംവദിക്കുമ്പോള്‍ പുറത്ത് അവര്‍ക്കുള്ള പ്രേക്ഷകപിന്തുണ അവര്‍ക്ക് ഈ കാണികളുടെ പ്രതികരണങ്ങളിലൂടെ മനസിലാക്കാനാവും. മറ്റ് വാര്‍ത്താവിനിമയ ഉപാധികളൊന്നുമില്ലാത്ത ബിഗ് ബോസ് വീട്ടില്‍ പുറത്തെ പ്രതികരണം അറിയാനുള്ള ഒരേയൊരു മാര്‍ഗ്ഗവും ഇത് തന്നെയാണ്. മുന്‍ സീസണുകളെ അപേക്ഷിച്ച് അഞ്ചാം സീസണിനെ കൂടുതല്‍ ചടുലമാക്കും ഇക്കാര്യം എന്നതില്‍ തര്‍ക്കമില്ല.

ALSO READ : ഗായകന്‍, ആര്‍ജെ, ഡിജെ, നടന്‍; റിനോഷ് ജോര്‍ജും ബിഗ് ബോസിലേക്ക്

click me!