
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4(Bigg Boss Malayalam). നാലാം സീസൺ വരുന്നുവെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്ന ചര്‍ച്ചയാണ് എങ്ങും. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേട്ടു. എന്നാൽ ഇത്തരം ഊഹാപോഹങ്ങൾക്കെല്ലാം നാളെ സമാപനം ആകുകയാണ്. നാളെ വൈകുന്നേരം 7 മണി മുതൽ ബിഗ് ബോസ് സീസൺ 4 ആരംഭിക്കും.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയസീസൺ ആരംഭിക്കുന്നത്. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് നേരത്തെ പുറത്തുവന്ന പ്രമോയിൽ നിന്നും വ്യക്തമാണ്.
പുതിയ സീസൺ മാർച്ചിൽ തുടങ്ങാൻ അധികൃതർ തീരുമാനിച്ചുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. പിന്നാലെ സുരേഷ് ഗോപി ആകും അവതാരകനായി എത്തുകയെന്ന തരത്തിലും വാർത്തകൾ വന്നു. എന്നാൽ മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോ നടത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിക്കുക ആയിരുന്നു. ഷോയുടേതായി പുറത്തുവന്ന എല്ലാ പ്രമോ വീഡിയോകളും ഏറെ ശ്രദ്ധനേടിയിരുന്നു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.
ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.
1,140,220,770 വോട്ടുകളാണ് മൂന്നാം സീസണിൽ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍. ബിഗ് ബോസ് മലയാളം പതിപ്പുകളില്‍ പലതുകൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ള സീസണ്‍ ആയിരുന്നു മൂന്നാം സീസണ്‍. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു പേരിട്ടിരുന്ന മൂന്നാം സീസണിലെ മത്സരാര്‍ഥികളില്‍ ഏറെയും സാധാരണക്കാരായിരുന്നു, ഏറെ സ്വപ്‍നങ്ങള്‍ കൊണ്ടുനടക്കുന്നവരും. എന്തായാലും പുതിയ സീസണിന് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും മിനിസ്ക്രീൻ പ്രേക്ഷകരും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ