ബിഗ് ബോസ് ഷോയിലെ സ്ത്രീ മത്സരാർത്ഥികൾ നേരിടുന്ന കടുത്ത സൈബർ ആക്രമണങ്ങളെയും സദാചാര വിചാരണകളെയും നിശിതമായി വിമർശിച്ച് മുൻ മത്സരാർത്ഥി റിനി ആൻ ജോർജ് രംഗത്തെത്തി. കേരള സമൂഹത്തിന്റെ ഇരട്ടത്താപ്പും ആഴത്തിലുള്ള സ്ത്രീവിരുദ്ധതയുമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് അവർ വ്യക്തമാക്കി.

ബിഗ് ബോസ് ഹൗസിൽ താഷിയും നേഹയും തമ്മിലുള്ള പ്രണയവും നേഹയുടെ മാതാപിതാക്കളുടെ വരവുമെല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇത്തവണത്തെ മൽസരാർത്ഥികളിൽ ഒരാളായിരുന്ന റിനി ആൻ ജോർജ്. മലയാളികളുടെ സദാചാര കണ്ണും മര്യാദ പഠിപ്പിക്കലും ഒക്കെ സ്ത്രീകളോട് മാത്രമാണെന്നും പുതപ്പിനടിയിൽ ഉണ്ടായിരുന്ന നോബിക്ക് ഇതൊന്നും ബാധകമല്ലേ എന്നും റിനി ചോദിക്കുന്നു.

"കേരള സമൂഹം എന്ത് മാത്രം സ്ത്രീ വിരുദ്ധമാണ് എന്നതിന്റെ നേർക്കാഴ്ചയാണ് ബിഗ്‌ബോസ് എന്ന ഷോ നമ്മുക്ക് കാണിച്ചു തരുന്നത്. കാലാകാലങ്ങളിൽ നീണ്ടു നിൽക്കുന്ന മാനസിക പിരിമുറുക്കങ്ങൾ ആണ് സ്ത്രീ മത്സരാർത്ഥികൾക്ക് പ്രേക്ഷകർ സമ്മാനിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫാത്തിമ നേഹയുടേത്. അവളുടെ മാതാവിന് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളും സമ്മർദ്ദങ്ങളും ആണ് അവരെ ബിഗ്‌ബോസ് വേദിയിൽ എത്തിച്ചതും ആ കുട്ടിക്ക് അത് ഒരു വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചതും. ലോലിറ്റ എന്ന പെൺകുട്ടിയെ മാത്രം ടാർഗറ്റ് ചെയ്തു കൊണ്ട്‌ ഒരു ഹേറ്റ് ക്യാമ്പയിൻ തന്നെ സൃഷ്ടിച്ചു. സ്ട്രോങ്ങ് ആയി അഭിപ്രായങ്ങൾ പറഞ്ഞ ഷിബിനയെ പുറത്താക്കി. നോബിയുടെയും നിലീനയുടെയും വിഷയത്തിൽ നിലീന മാത്രം കുറ്റക്കാരി ആയി മുദ്രകുത്തപെട്ടു. എന്നാൽ പുതപ്പിനടിയിൽ ഉണ്ടായിരുന്ന നോബിക്ക് ഈ സദാചാരം ഒന്നും ബാധകമല്ല. അങ്ങനെ മലയാളികളുടെ സദാചാര കണ്ണും മര്യാദ പഠിപ്പിക്കലും ഒക്കെ സ്ത്രീകളോട് മാത്രമാണ് എന്നതാണ് വസ്തുത.

ഒരു സ്ത്രീ കരഞ്ഞാൽ സഹതാപ നാട്ട്യം, ഒരു സ്ത്രീ സ്ട്രോങ്ങ് ആയി അഭിപ്രായം പറഞ്ഞാൽ അവൾ അഹങ്കാരി, ഒരു സ്ത്രീ ദേഷ്യപ്പെട്ടാൽ അവൾ മാനസിക രോഗി, ഒരു സ്ത്രീ മോഡേൺ ആയി വസ്ത്രം ധരിച്ചാൽ അവൾ അഴിഞ്ഞാട്ടക്കാരി. ഇങ്ങനെ പോകും മലയാളികൾ സ്ത്രീ മത്സരാർത്ഥികൾക്ക് അല്ലെങ്കിൽ പൊതുവെ സ്ത്രീകൾക്ക് കൊടുക്കുന്ന ടാഗുകൾ. എന്നാൽ പുരുഷ മത്സരാർത്ഥി അല്ലെങ്കിൽ പുരുഷൻ ദേഷ്യപ്പെട്ടാൽ അത് ഫയർ. ബിഗ്‌ബോസ് തുടങ്ങിയ കാലം മുതൽ അതിലെ സ്ത്രീ മത്സരാത്ഥികൾ ഇത്തരത്തിൽ കടുത്ത സൈബർ ആക്രമങ്ങൾക്കും സദാചാര വിചാരണകൾക്കും ഇരകൾ ആകുകയാണ്. പിന്നീടുള്ള അവരുടെ ജീവിതത്തെ പോലും തകർക്കുന്ന അവസ്ഥയാണ് പലപ്പോഴും.

ഒരാളുടെ ഗെയിം സ്ട്രാറ്റജി കൊണ്ട്, ഫെമിനിസ്റ്റുകളായ സ്ത്രീകൾ പുറത്തായി എന്നൊക്കെ മേന്മ പറയുന്നവരോട് സ്ത്രീപക്ഷം സംസാരിക്കുന്ന സ്ത്രീകളെ വെറുക്കുന്ന ഒരു സമൂഹമാണ് കേരളം എന്ന സത്യം മറന്നു പോകരുത്. ഒരു റേപിസ്റ് അല്ലെങ്കിൽ ഒരു ക്രിമിനൽ നേരിടുന്നതിനേക്കാൾ ഹേറ്റ് ഒരു ഫെമിനിസ്റ്റ് നേരിടുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ അങ്ങനെ ഉള്ള സ്ത്രീകൾ പെട്ടെന്ന് പുറത്താകുന്നത് ആരുടെയും മിടുക്ക് അല്ല ആഴത്തിലുള്ള സ്ത്രീ വിരുദ്ധതയാണ് അത് ചൂണ്ടികാണിക്കുന്നത്. ഇത്തവണത്തെ ബിഗ്‌ബോസിൽ ഏകദേശം തുല്യമാണ് സ്ത്രീ പുരുഷ മത്സരാർത്ഥികളുടെ എണ്ണം എന്നിട്ടും എത്രയോ സ്ത്രീകളെ ഓരോ കാരണം പറഞ്ഞു പ്രേക്ഷകർ പുറത്താക്കി. അപ്പോഴും നിർഗുണരായ യാതൊരു കണ്ടെന്റും കൊടുക്കാത്ത എത്രയോ പുരുഷ മത്സരാർത്ഥികൾ അവിടെ സേഫ് ആയി നില്കുന്നു എന്നതും ഓർക്കുക. അതും ഏറ്റവും കൂടുതൽ പ്രേക്ഷകരും സ്ത്രീകൾ ആയിട്ടുള്ള ഒരു ഷോ ആണ് എന്നുള്ളതാണ് വിരോധാഭാസം.

സ്ത്രീകളെ കൂട്ടം ചേർന്ന് അപമാനിക്കുന്നതും ബുള്ളി ചെയ്യുന്നതും അവരുടെ വേദനകൾ കണ്ടു രസിക്കുന്നതും അത് തങ്ങളുടെ വിജയവും ആയി കണ്ടു ഒരു തരം ആത്മസംതൃപ്തി അനുഭവിക്കുകയും അതിൽ വിനോദം കണ്ടെത്തുന്നവരുമാണ് പൊതുവെ മലയാളികൾ. മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ, രാക്ഷസി രാക്ഷസി, ആണല്ല പെണ്ണല്ല അടിപൊളി വേഷം എന്ന ഗാനരംഗങ്ങളൊക്കെ കണ്ട് ആസ്വദിച്ചു പാടി നടന്ന മലയാളിക്ക് ഇതൊക്കെ സ്വാഭാവികമായി തോന്നുന്നതിൽ യാതൊരു അത്ഭുതവും ഇല്ല. "ഇത് ഒരു ഗെയിം ഷോ മാത്രമാണ് ഓരോ കാര്യങ്ങളെയും ഇഴ കീറി പോസ്റ്റ്മോർട്ടം ചെയ്ത് പരിശോധിക്കേണ്ട ആവശ്യമില്ല. അവരും മനുഷ്യരാണ് അവർക്ക് പുറത്തു ഒരു ജീവിതം ഉണ്ടെന്ന് മറന്നു പോകരുത് എന്ന് പ്രബുദ്ധ മലയാളികളോട് അപേക്ഷിക്കുന്നു കേരളത്തിന്റെ മഹാ നടൻ എന്നത് തന്നെ എന്ത് മാത്രം പിന്തിരിപ്പൻ സമൂഹമാണ് കേരളം എന്നതിന്റെ മകുടോദാഹരണമാണ്", റിനി ഫെയ്സ്ബുക്കിൽ കുറിച്ചു.

YouTube video player