
വീട്ടിലൊരു കാരണവർ വൈബ്, അല്ലെങ്കിൽ പെങ്ങളൂട്ടിമാരുടെ വല്യേട്ടൻ. ഇന്ദ്രനും രുദ്രനും കയറിവരും, അഗ്രഷൻ കാണിക്കും. ഷാനവാസ് ഷാനു മൂന്നാം സ്ഥാനം നേടിയാണ് ബി ബി വീട് വിട്ടത്. മീശപിരിച്ചും മുണ്ടുമടക്കിയും നാടകീയമായ ഡയലോഗുകൾ പറഞ്ഞും, മാൻലിയായി നിന്നുകൊണ്ട് തന്നെ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന കുസൃതി കാണിച്ചും ഷാനവാസ് നായകനായ സീരിയലുകളിലെ രുദ്രൻ - ഇന്ദ്രൻ വൈബൊക്കെ തന്നെയാണ് സീസണിൽ മുഴുവൻ ഷാനവാസ് തന്നത്. ടെലിവിഷൻ താരം ബി ബി വീട്ടിലെത്തിയാൽ പ്രേക്ഷകർക്ക് ഒരു പേഴ്സണൽ കണക്ട് തോന്നുക സ്വാഭാവികമാണ്. ഒപ്പം സ്ക്രീനിൽ കണ്ട കഥാപാത്രങ്ങളെ കുടി കൂടെക്കുട്ടിയാലോ... വീടിനകത്തും പുറത്തും നിങ്ങൾ സീരിയൽ കളിക്കുകയല്ലേ എന്ന വിമർശനം ഷാനവാസ് തുടർച്ചയായി നേരിട്ടിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് ബി ബി വീട്ടിൽ നിന്ന് മൂന്നാം സ്ഥാനം നേടി ഷാനവാസ് പുറത്തിറങ്ങിയത്.
ഈ സീസണിലെ ഏറ്റവും അഗ്രസീവ് ആയ മത്സരാർഥികളിൽ മുന്നിലായിരുന്നു ഷാനവാസ്, ഒപ്പം ഡ്രമാറ്റിക്കും. ഷാനവാസിൻ്റെ സ്ക്രീൻ പ്രസൻസ് അയാൾക്ക് വലിയ പോസിറ്റീവ് ആയിരുന്നു. മാസ് ഇമേജ് ആണ് തനിക്കുണ്ടാകേണ്ടതെന്ന പ്ലാനിങ്ങിലാണ് ആദ്യം മുതലേ വീട്ടിൽ നിന്നത്. അഗ്രസീവായി നിൽക്കുമ്പോൾ തന്നെ വീക്കെൻഡ് എപ്പിസോഡുകളിൽ വളരെ ഫണ്ണിയായി പെരുമാറുന്ന ഷാനവാസിനെയാണ് പ്രേക്ഷകർ കണ്ടത്. തെറ്റുകൾ അക്സപ്റ്റ് ചെയ്യില്ല, ഒരല്പം സ്ത്രീ വിരുദ്ധതയും ഒന്നിനെയും പെട്ടെന്ന് അംഗീകരിക്കാനാകാത്ത മനോഭാവവുമുണ്ട്.
കോമ്പോ പിടിച്ചു ഗെയിം കളിക്കുന്നത് ബി ബി വീട്ടിൽ ഗുണമാണെന്ന ധാരണ ഷാനവാസിന് ആദ്യം മുതലേയുണ്ട്. ആദ്യ രണ്ട് ദിവസം അപ്പാനി ശരത്തും അക്ബറുമായി ചേർന്ന് നിന്നെങ്കിലും അവർ ഗ്രൂപ്പാകുന്നു എന്ന് മനസിലായതോടെ ഗ്രൂപ്പ് പൊളിക്കാൻ എന്ന പേരിൽ ഒനീലും അഭിഷേകുമായി ചേർന്ന് മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി. അനീഷുമായി ചേരാനുള്ള ശ്രമങ്ങളും ഇതിനിടയിൽ തുടങ്ങിയത് പതിയെ ഫലം കണ്ടു തുടങ്ങി. പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയുണ്ടെന്ന് വീക്കെൻഡ് എപ്പിസോഡിൽ നിന്ന് മനസിലാക്കിയതോടെയാണ് അനീഷ് ഈ ഫ്രെൻഡ്ഷിപ്പ് അംഗീകരിച്ചത്. ലവ് ഹേറ്റ് റിലേഷൻഷിപ്പിൽ നിന്നു തുടങ്ങി ഇരുവരും തമ്മിൽ രസമുള്ളൊരു സൗഹൃദം ഉണ്ടായി വന്നത് ബി ബി വീടിനെ ലൈവാക്കി നിർത്തിയിട്ടുണ്ട്. ആദില - നൂറയുമായി ഉണ്ടാക്കിയ കോമ്പോയും അങ്ങനെതന്നെ. കോമ്പോകൾ ഉണ്ടാക്കി എന്ന് പറയുമ്പോഴും ബന്ധങ്ങളിൽ വളരെ ജെനുവിനായിരുന്നു ഷാനവാസ്. ആദില - നൂറമാർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളിലും ഇവരും അനുമോളുമായി ഉണ്ടായ പ്രശ്നങ്ങളിലുമെല്ലാം ജെനുവിനായി ഇടപെടുന്ന ഷാനവാസിനെ കാണാമായിരുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഷാനവാസ് ബിഗ് ബോസ് പോലൊരു ഷോയ്ക്ക് അൺഫിറ്റാണെന്ന് വിമർശനങ്ങൾ വന്നിരുന്നു. ആരോഗ്യപ്രശ്നങ്ങളെ മറികടന്ന് നൂറു ദിവസം എത്തിയത് ഷാനവാസിന്‍റെ സ്പിരിറ്റുകൊണ്ട് കൂടിയാണ്. ബിഗ് ബോസ് ഗെയിം കാണാതെ എത്തിയത് ഷാനവാസിന് തിരിച്ചടിയായിട്ടുണ്ട്. സീക്രട്ട് ടാസ്ക് മനസിലാകാതെ പോയത് സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളായി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടു തന്നെ ഫിസിക്കൽ ടാസ്കുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായിരുന്നു ഷാനവാസ്. തുടർച്ചയായി വികാരക്ഷോഭമുണ്ടാകുന്ന, നെവിനുമായുള്ള വഴക്കിൽ പാൽ കവർ ദേഹത്തുകൊണ്ടപ്പോൾ ദേഹാസ്വാസ്ഥ്യം വന്ന ഷാനവാസ് പക്ഷേ തുടക്കം മുതലേ മറ്റുള്ളവർക്ക് നേരെ നെഞ്ചു വിരിച്ചു പാഞ്ഞു ചെല്ലുന്നതായിരുന്നു കാഴ്ച. അതേസമയം ബി ബി അവസാനഘട്ടത്തിൽ എത്തി നിൽക്കെ വീട്ടിൽ അസുഖബാധിതനായി പുറത്തുപോയി തിരികെയെത്തിയത് ഷാനവാസിന് ഗുണം ചെയ്തിട്ടുണ്ട്.
അക്ബറിനെയാണ് ഷാനവാസ് വീട്ടിൽ തനിക്കെതിരായി കണ്ടിരുന്നത്. എല്ലാ സമയത്തും അതങ്ങനെ തന്നെയായിരുന്നു. ആദ്യമൊന്നും അത്ര അഗ്രസീവ് ആയയാളായിരുന്നില്ല ഷാനവാസ്. അക്ബർ അഗ്രസീവ് ആകുന്നുവെന്ന് കണ്ട ഷാനവാസ് തന്‍റെ മാസ് അപ്പീൽ കൂടി പരിഗണിച്ച് അഗ്രസീവ് നേച്ചർ കാണിച്ചു തുടങ്ങി. പിന്നീട് അക്ബർ അതു നിർത്തിയപ്പോഴും ഷാനവാസിനത് അവസാനിപ്പിക്കാനായില്ല.
ദേഷ്യപ്പെടുമ്പോൾ വാക്കുകളിന്മേൽ കൺട്രോൾ ഇല്ലാതെ പോയതും വീട്ടുകാരെ ഉൾപ്പെടെ വലിച്ചിട്ട വർത്തമാനങ്ങളും നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കി. ഫാമിലി വീക്കിൽ മകൾ എത്തിയത് ഷാനവാസിന് പോസിറ്റീവ് ആയിരുന്നു. എന്നാൽ അതുണ്ടാക്കിയ ഇംപാക്റ്റിൽ തന്‍റെ ട്രാക്ക് കറക്ട് ആണെന്ന് തെറ്റിദ്ധരിച്ച ഷാനവാസ് അഗ്രസീവ് നേച്ചർ ഇരട്ടിയാക്കി. തൊട്ടടുത്ത വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഷാനവാസിന് കൊടുത്ത ഷോക്ക് ട്രീറ്റ്മെന്‍റ് പെട്ടെന്ന് അയാളെ സൈലൻഡ് ആക്കി കളഞ്ഞു. അഗ്രസീവ് നേച്ചർ കണ്ട്രോൾ ചെയ്ത് മുന്നേറുന്ന ഷാനവാസിനെയാണ് പിന്നീട് കണ്ടത്. എല്ലാ മത്സരാർഥികളും ഇഞ്ചോടിഞ്ച് നിന്ന ഗെയിം സ്ട്രോങ്ങായി പോയിക്കൊണ്ടിരുന്ന സാഹചര്യത്തിൽ ഏറ്റ പ്രഹരത്തിൽ നിന്ന് പക്ഷേ പിന്നീട് പൂർണ്ണമായും ഷാനവാസിന് കരകയറാനായില്ല. ഏതായാലും ബി ബി വീട്ടിൽ ഷാനവാസിന്‍റെ പ്രസൻസ് പ്രേക്ഷകർ നന്നായി ആസ്വദിച്ചിട്ടുണ്ട്. സ്ക്രീനിൽ അയാളെ കാണുന്നത് ഇഷ്ടപ്പെട്ടിരുന്നു…