
ബിഗ് ബോസ് മലയാളം ഏഴാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതുതായി അഞ്ച് വൈൽഡ് കാർഡ് എൻട്രികൾ കൂടി വീട്ടിലെത്തിയതോടെ കടുത്ത മത്സരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മോഹൻലാൽ എത്തുന്ന വീക്കന്റ് എപ്പിസോഡിനായാണ് പ്രേക്ഷകരും മത്സരാർത്ഥികളും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് സംസാരിക്കുകയാണ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ. താൻ വെറുമൊരു ഹോസ്റ്റ് മാത്രമാണെന്നും ഹൗസിന്റെ പ്രധാന വ്യക്തി ബിഗ് ബോസ് തന്നെയാണെന്നും മോഹൻലാൽ പറയുന്നു.
"ഒരാഴ്ചയിലെ കഥ ഒരു മണിക്കൂറിൽ പറയുന്നു എന്നതാണ് ബിഗ് ബോസ് ഹോസ്റ്റിങ്, അതത്ര എളുപ്പമല്ല അതിനായി ടീമിനൊപ്പം ഇരുന്ന് പ്രിപ്പയർ ചെയ്യേണ്ടതുണ്ട്. ഹോസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ആരുടേയും റഫറൻസ് ഒന്നും ഞാൻ എടുത്തില്ല റഫറൻസ് എടുത്ത് ചെയ്യാൻ പറ്റില്ല. മലയാളത്തിലെ ബിഗ് ബോസിന്റെ സ്വാഭവം അല്ലല്ലോ തമിഴിനും തെലുങ്കിനുമൊന്നും. റഫറൻസിനു വേണ്ടി മറ്റ് ബിഗ് ബോസുകൾ ഞാൻ കണ്ടിട്ടില്ല. കമൽഹാസന്റെ ഷോ കണ്ടിട്ടുണ്ട്, സൽമാൻ ഖാന്റെ പോലും ഒരു ഫുൾ ഷോ ഞാൻ കണ്ടിട്ടില്ല. ബിഗ് ബോസ് ആരാണെന്നത് ഒരു രഹസ്യമായി തന്നെ ഇരിക്കട്ടെ. എനിക്കും അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ഇതുവരെ കണ്ടിട്ടില്ല. ഹൗസിന്റെ പ്രധാന വ്യക്തി ബിഗ് ബോസ് തന്നെയാണ്. ഞാൻ മത്സരാർത്ഥികൾക്കും ബിഗ് ബോസിനും ഇടയിലെ മീഡിയേറ്റർ മാത്രം. ബിഗ് ബോസ് പറയുന്നത് കേട്ടാണ് ഞാൻ പ്രവർത്തിക്കുന്നത്. ബിഗ് ബോസാണ് ഏഴിന്റെ പണികൊടുക്കുന്നത്. അദ്ദേഹം ഒരിടത്ത് സേഫായി ഇരുന്നിട്ട് എന്നെ കൊണ്ട് കളിപ്പിക്കുന്നു. ലൈവ് കാണാൻ ഞാൻ മാക്സിമം ശ്രമിക്കാറുണ്ട്, ചിലപ്പോൾ ലൈവ് കാണാൻ പറ്റാത്ത സ്ഥലങ്ങളിലാകും ഷൂട്ടിങ്ങ്. എങ്ങനെയെങ്കിലും ഷോ കാണാറുണ്ട് ഞാൻ. അല്ലാതെ ഹോസ്റ്റ് ചെയ്യാൻ കഴിയില്ലല്ലോ. മത്സരാർത്ഥികളുടെ സ്വഭാവം കൂടി നമുക്ക് മനസിലാവണമല്ലോ." മോഹൻലാൽ പറഞ്ഞു.
അതേസമയം തനിക്കും ദേഷ്യം വരാറുണ്ടെന്നും അത് പുറത്ത് കാണിക്കാത്തത് ആണെന്നും മോഹൻലാൽ പറയുന്നു. "ഞാനും പ്രേക്ഷകനായിട്ടാണല്ലോ ഷോ കാണുന്നത്. കഴിഞ്ഞ ദിവസം തലയിണ എടുത്ത് എറിഞ്ഞത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. അതുപോലെ അവർ ഉപയോഗിക്കുന്ന ഭാഷകളും, എത്ര പറഞ്ഞാലും അവർ അത് മാറ്റുന്നില്ല. ഇവർ വീട്ടിലും ഇങ്ങനെയാണോയെന്ന് ഞാൻ ആലോചിക്കും. ബിഗ് ബോസിൽ പോകാൻ ഞാൻ താൽപര്യപ്പെടുന്നില്ല, ഇനി അതിനുള്ള അവസരം ഇല്ലല്ലോ. പക്ഷെ എനിക്ക് ഇമോഷൻ ഹോൾഡ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു." മോഹൻലാൽ കൂട്ടിച്ചേർത്തു.
അതേസമയം വൈൽഡ് കാർഡ് എൻട്രിയായി 5 മത്സരാർത്ഥികൾ കൂടി വന്നതോടെ ഹൗസിലെ ആകെ മത്സരാർഥികളുടെ എണ്ണം 21 ആയി ഉയർന്നു. സീരിയൽ താരം ജിഷിൻ മോഹൻ, ഇൻറർവ്യൂവർ മസ്താനി, ആർകിടെക്റ്റും നടിയും മോഡലുമായ വേദ് ലക്ഷ്മി, യുട്യൂബറും ഇൻഫ്ലുവൻസറുമായ പ്രവീൺ, കോണ്ടെൻറ് ക്രിയേറ്ററും ഫുഡ് വ്ലോഗറും ഡാൻസറുമായ ആകാശ് സാബു (സാബുമാൻ) എന്നിവയാണ് സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രികളായി എത്തിയിരിക്കുന്നത്. എന്തായാലും വരും ദിവസങ്ങളിൽ എന്തൊക്കെയാണ് ബിബി ഹൗസിൽ അരങ്ങേറാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.