
ബിഗ് ബോസ് മലയാളം സീസണ്‍ 5 മൂന്നാം വാരത്തിലേക്ക് കടക്കുന്ന ആദ്യ ദിവസം ഹൗസില്‍ നാടകീയ സംഭവങ്ങള്‍. ഈസ്റ്റര്‍ ദിവസത്തോടനുബന്ധിച്ച് മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ബിഗ് ബോസ് നല്‍കിയ ടാസ്ക് മത്സരാര്‍ഥികള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വേദിയായി. അഖില്‍ മാരാറിന്‍റെ മോശം പദപ്രയോഗങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംസാരത്തിനിടെ സാഗര്‍ സൂര്യ അഖിലിനെ പിടിച്ച് തള്ളുകയുമുണ്ടായി. ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ചതിനു ശേഷം വേദിയിലെത്തിയ മോഹന്‍ലാല്‍ രണ്ടുപേരോടും ബിഗ് ബോസ് എന്താണ് പറഞ്ഞതെന്ന് ചോദിച്ചു.
അഖിലിനോടായിരുന്നു ആദ്യ അന്വേഷണം. "കുറച്ച് കൂള്‍ ആവാന്‍ പറഞ്ഞു. സമാധാനപ്പെടാന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. ആരോടും വിരോധമില്ല. വ്യക്തിപരമായി ആരെയും മോശമാക്കാന്‍ പറഞ്ഞതല്ല. പിറകില്‍ നിന്ന് കേട്ട കുറേ വാക്കുകള്‍ക്ക് എതിരായ എന്‍റെ പ്രതികരണം മാത്രമായിരുന്നു അത്. വ്യക്തിപരമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ സാഗറിനെയോ ജുനൈസിനെയോ വിഷ്ണുവിനെയോ ഉദ്ദേശിച്ച് പറഞ്ഞതല്ല", അഖില്‍ പറഞ്ഞു. എന്നാല്‍ സാഗറിന് കെട്ടിക്കൊടുക്കാന്‍ പറഞ്ഞ ആം ബാന്‍ഡ് വലിച്ചെറിഞ്ഞത് ബഹുമാനക്കുറവായി തനിക്ക് തോന്നിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
തുടര്‍ന്ന് ബിഗ് ബോസ് പറഞ്ഞതിനെക്കുറിച്ച് സാഗറിനോടും മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ വിഷയത്തിന് പുറത്ത് സംസാരിച്ച് തന്‍റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ച സാഗറിനെ മോഹന്‍ലാല്‍ തടഞ്ഞു. തുടര്‍ന്ന് ഇന്ന് നടന്ന സംഭവങ്ങളിലുള്ള തന്‍റെ നീരസം വെളിവാക്കിയ അദ്ദേഹം ഷോ അവസാനിപ്പിച്ച് പോവുകയും ചെയ്തു. "വളരെ സന്തോഷകരമായി ഒരു ഈസ്റ്റര്‍ ദിവസം ഒരുപാട് കാര്യങ്ങളാണ് പ്ലാന്‍ ചെയ്തിരുന്നത്. ഇതു കഴിഞ്ഞിട്ട് നിങ്ങള്‍ക്ക് ഒരുപാട് ആഘോഷങ്ങളും കാര്യങ്ങളും ഒക്കെയായിട്ടാണ് ഞാന്‍ വന്നത്. ഞാന്‍ വളരെ ദൂരെ നിന്നാണ് വരുന്നത്. ജയ്സല്‍മീറില്‍ നിന്നാണ് വരുന്നത്. എത്രയോ മൈലുകള്‍ സഞ്ചരിച്ച്, നാലഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് ബോംബെയില്‍ എത്തി നിങ്ങളെ കാണാനായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെയധികം സങ്കടകരമായ കാര്യങ്ങള്‍ ആയിട്ട് മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്. ഗുഡ്നൈറ്റ്", മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ഈ വാരാന്ത്യത്തില്‍ എലിമിനേഷനുകള്‍ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ വാരം നോമിനേഷന്‍ ലിസ്റ്റിലുള്ള മത്സരാര്‍ഥികള്‍ക്കു വേണ്ടിയുള്ള വോട്ടിംഗ് ഈ വാരവും തുടരും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ